2032 ലെ ഒളിംപിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്‌ബെയ്നെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് (ഐ ഒ സി) ഓസ്‌ട്രേലിയൻ നഗരത്തെ ഒളിംപിക്സിനുള്ള വേദിയായി പ്രഖ്യാപിച്ചത്. മൂന്നാം വട്ടമാണ് ഓസ്‌ട്രേലിയലിലേക്ക് ഒളിംപിക്‌സ് എത്തുന്നത്. നേരത്തെ മെൽബണിലും സിഡ്‌നിയിലുമായാണ് ഓസ്‌ട്രേലിയ ലോക കായിക മാമാങ്കത്തിന് ആതിഥ്യം അരുളിയിട്ടുള്ളത്. ബ്രിസ്‌ബെയ്നെ ഒളിംപിക്സിനുള്ള വേദിയായി തിരഞ്ഞെടുത്തതോടെ അമേരിക്കക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ ഒളിംപിക്സിന് ആതിഥ്യം അരുളുന്ന രണ്ടാമത്തെ രാജ്യം എന്ന നേട്ടവും ഓസ്‌ട്രേലിയ സ്വന്തമാക്കി.
1956 (മെൽബൺ), 2000 (സിഡ്‌നി) എന്നീ വർഷങ്ങളിലാണ് ഓസ്‌ട്രേലിയയിൽ ഒളിംപിക്‌സ് നടന്നത്. നേരത്തെ പട്ടികയിൽ ഇടം നേടിയിരുന്ന ഓസ്‌ട്രേലിയൻ നഗരത്തിന് കഴിഞ്ഞ മാസമാണ് എക്സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം ലഭിച്ചത്.
ഗാബ സ്റ്റേഡിയമായിരിക്കും ബ്രിസ്‌ബെയ്ൻ ഒളിംപിക്‌സിന്റെ പ്രധാന വേദി. ഇരുപതിലധികം വേദികളിലായാവും ബ്രിസ്ബേയ്ൻ ഒളിംപിക്‌സ് നടക്കുക. ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് താമസിക്കാൻ രണ്ട് ഒളിംപിക് വില്ലേജുകൾ നിർമിക്കും. ബ്രിസ്‌ബെയ്നിലും ഗോൾഡ് കോസ്റ്റിലുമായാകും ഇവ നിർമിക്കുക. ഒളിംപിക്സിന് ഒരുങ്ങാൻ 11 വർഷത്തെ സമയമാണ് ഓസ്‌ട്രേലിയൻ നഗരത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച രീതിയിൽ ഒരുങ്ങാൻ തന്നെയാണ് അവർ ലക്ഷ്യമിടുന്നതും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ 2032 ഒളിംപിക്സിന് ആതിഥ്യം അരുളാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ടോക്യോയിൽ നടക്കുന്ന ഒളിംപിക്‌സ്, ഫ്രാൻസിലെ പാരീസിലും അമേരിക്കയിലെ ലോസ് എയ്‌ഞ്ചൽസിലും അരങ്ങേറിയ ശേഷമാകും ഓസ്‌ട്രേലിയൻ നഗരത്തിലേക്ക് എത്തുക. ഒളിംപിക്‌സ് വേദിയായി ബ്രിസ്‌ബെയ്നെ പ്രഖ്യാപിച്ചത് വലിയ ആഘോഷത്തോടെയാണ് നഗരം സ്വീകരിച്ചത്. അന്താരഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പ്രഖ്യാപനം കാണാൻ നഗരത്തിലെ വലിയ സ്ക്രീനിന് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചികൂടിയിരുന്നു. വലിയ ആഘോഷ പ്രകടനങ്ങളാണ് നഗരത്തിൽ നടന്നത്. നഗരത്തെ ഒളിംപിക് വേദിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരമായ തിലൻ സമരവീരയും ഓസ്‌ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ബ്രിസ്‌ബെയ്ൻ നഗരത്തിലെ ടീമായ ബ്രിസ്‌ബെയ്ൻ ഹീറ്റും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.
Congratulations to Queensland👏 Third state in Australia to hold the Olympic Games. #Olympics2032
— Tilan Samaraweera (@TilanSam) July 21, 2021
BRISBANE! 🥇 Olympic host city 2032! We’ve already started training…. #Brisbane2032 #Olympics2032 pic.twitter.com/oFGHT77V0e
— Brisbane Heat (@HeatBBL) July 21, 2021
കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം ഈ വർഷത്തേക്ക് മാറ്റി വെച്ച കായിക മാമാങ്കത്തിന് നാളെ ജപ്പാനിലെ ടോക്യോയിൽ തിരി തെളിയും. പ്രതിസന്ധികൾക്ക് നടുവിലും മികച്ച രീതിയിൽ തന്നെ ഒളിംപിക്‌സ് നടത്താനാകും എന്ന പ്രതീക്ഷയിലാണ് ഒളിംപിക് സംഘാടക സംഘം. ഒളിംപിക്സിനായി ഇന്ത്യയും മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 119 താരങ്ങൾ അടങ്ങിയ ഒരു വലിയ സംഘവുമായാണ് ഇന്ത്യ ഒളിംപിക്സിന് എത്തിയിരിക്കുന്നത്. ഒളിംപിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനം കുറിക്കാനാണ് താരങ്ങൾ ലക്ഷ്യമിടുന്നത്.
നാളെ തുടക്കമാകുന്ന ഒളിംപിക്സിലെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് പതാകയേന്തുക ഇന്ത്യയുടെ ബോക്സിങ് ഇതിഹാസ താരമായ മേരി കോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായ മൻപ്രീത് സിങ്ങുമാണ്. സ്ത്രീ - പുരുഷ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ കൈക്കൊണ്ടത്. ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ ഗുസ്തി താരം ഭജരംഗ് പുനിയ ഇന്ത്യൻ പതാകയേന്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Brisbane, Olympics, Tokyo Olympics