ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടിയാല്‍ പരിശീലകര്‍ക്കും കൈ നിറയെ കാശ്; പാരിതോഷികം പ്രഖ്യാപിച്ച് ഐ ഒ എ

Tokyo Olympics | ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ നേടിയാല്‍ പരിശീലകര്‍ക്കും കൈ നിറയെ കാശ്; പാരിതോഷികം പ്രഖ്യാപിച്ച് ഐ ഒ എ

News18 Malayalam

News18 Malayalam

'കായിക താരങ്ങളെ രാവും പകലും നയിച്ചു കൊണ്ടിരിക്കുന്നവരാണ് അവര്‍. കായിക താരങ്ങളെപ്പോലെ അവരും കഠിനാധ്വാനം നടത്തുന്നവരും ത്യാഗം ചെയ്യുന്നവരുമാണ്'

  • Share this:

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. സ്വര്‍ണ മെഡല്‍ ലഭിക്കുന്ന കായിക താരങ്ങളുടെ പരിശീലകര്‍ക്കു 12.5 ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. വെള്ളി മെഡല്‍ നേടുന്നവര്‍ക്കു 10 ലക്ഷവും വെങ്കല മെഡലിന് 7.5 ലക്ഷവും ലഭിക്കും. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന്റെ കോച്ച് വിജയ് ശര്‍മയ്ക്കു ഇതോടെ 10 ലക്ഷം രൂപ ക്യാഷ് പ്രൈസ് ലഭിച്ചേക്കും.

'ഒളിമ്പിക് മെഡല്‍ വിജയികളെ സൃഷ്ടിച്ചെടുക്കുന്ന പരിശീലകര്‍ക്കും നമ്മള്‍ പ്രതിഫലം നല്‍കേണ്ടതുണ്ട്. കായിക താരങ്ങളെ രാവും പകലും നയിച്ചു കൊണ്ടിരിക്കുന്നവരാണ് അവര്‍. കായിക താരങ്ങളെപ്പോലെ അവരും കഠിനാധ്വാനം നടത്തുന്നവരും ത്യാഗം ചെയ്യുന്നവരുമാണ്'- ഐ ഒ എ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത പറഞ്ഞു.

ടോക്യോയില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പാരിതോഷികങ്ങളും ജോലി വാഗ്ദാനങ്ങളും നല്കാറുണ്ടെങ്കിലും ഒളിമ്പിക് അസോസിയേഷന്‍ ഇതുവരെയും അത്തരത്തില്‍ ഒരു പ്രഖ്യാപനങ്ങളും നടത്തിയിരുന്നില്ല.

സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയും, വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 40 ലക്ഷം രൂപയും, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 25 ലക്ഷം രൂപയുമാണ് ലഭിക്കുക. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോ കായിക താരത്തിനും ഒരു ലക്ഷം രൂപ വീതവും നല്‍കും. ഇതിന് പുറമെ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്ന ഓരോ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കും എന്നും അസോസിയേഷന്‍ അറിയിച്ചു

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും ബോണസായി 25 ലക്ഷം രൂപ നല്‍കണമെന്ന ഉപദേശക സമിതിയുടെ നിര്‍ദേശം അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. മെഡല്‍ നേടുന്ന ഫെഡറേഷനുകള്‍ക്ക് 35 ലക്ഷവും സമ്മാനിക്കും. ഇതിന് പുറമേയായി സഹായം എന്ന നിലക്ക് ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനിലെ മറ്റ് അംഗങ്ങള്‍ 15 ലക്ഷം രൂപ വീതവും നല്‍കും.

ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ക്ക് ടോക്യോയില്‍ നില്‍ക്കുന്ന ഓരോ ദിവസവും 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി നല്‍കണം എന്നും ഉപദേശക കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പുറമേ സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്നും രാജീവ് മെഹത പറഞ്ഞു. സംസ്ഥാനങ്ങളില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും താരങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനവും കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം വിശദീകരിച്ചു.

First published:

Tags: Tokyo Olympics, Tokyo Olympics 2020