ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പാക് താരങ്ങള്‍ക്കും പരിശീലകനും വിസ നിഷേധിച്ചതിനെതിരെ കര്‍ശന നടപടിയുമായ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഇന്ത്യയില്‍ ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ നടത്തുന്നതിന് ഐഒസി വിലക്കേര്‍പ്പെടുത്തി.
ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ നടത്തുന്നതിന് ഇന്ത്യ നല്‍കിയിട്ടുള്ള എല്ലാ അപേക്ഷകളും തള്ളിയതായി വ്യക്തമാക്കിയ ഒളിമ്പിക്സ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നടത്തി വരുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുന്നതായും അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയില്‍ നടക്കുന്ന ലോക ഷൂട്ടിങ്ങ് ചാമ്പ്യന്ഷിപ്പിനെത്തേണ്ടിയിരുന്ന പാക് താരങ്ങളുടെ വിസ രാജ്യം നിഷേധിച്ചത്.
Also Read: ലോകകപ്പ് വിവാദം: ബിസിസിഐയ്ക്ക് ഐസിസിയുടെ മറുപടി എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ഒളിമ്പിക് കമ്മിറ്റി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 2026 ലെ യൂത്ത് ഒളിംപിക്സ്, 2030 ലെ ഏഷ്യന്‍ ഗെയിംസ് 2032 ലെ ഒളിംപിക്സ് എന്നിവയ്ക്ക് ആഥിതേയത്വം വഹിക്കാനായിരുന്നു ഇന്ത്യ ശ്രമം നടത്തി വന്നത്. ഇതിനാണ് ഐഒസിയില്‍ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.
രാജ്യത്തിന് നേരിടേണ്ടി വന്ന വലിയ തിരിച്ചടിയാണിതെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു. സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണെന്നും പാകിസ്താനി താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും മേത്ത പറഞ്ഞു.
മത്സരങ്ങള്‍ക്ക് ആഥിതേയത്വം വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമെ, ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് രാജ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാജീവ് മേത്ത കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.