ജയ്പൂർ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ജയിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 161 റൺസ്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഐപിഎല്ലില്‍ ഒരു സീസണില്‍ തുടര്‍ച്ചയായി ആറ് അർധ സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടിറങ്ങിയ സണ്‍റൈസേഴ്സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണർ 32 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡേ 36 പന്തിൽ 9 ബൗണ്ടറിയുടെ സഹായത്തോടെ 61 റൺസ് നേടി. എന്നാൽ മധ്യനിര തകർന്നടിഞ്ഞതോടെ കൂറ്റൻ സ്കോർ നേടാനാകാതെ ഹൈദരാബാദ് വീഴുകയായിരുന്നു. രാജസ്ഥാനായി വരുൺ ആരോൺ, ഒഷേൻ തോമസ്, ശ്രേയസ് ഗോപാൽ, ജയദേവ് ഉനദ്കട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. 14 പന്തിൽ 12 റണ്‍സെടുത്ത ഓപ്പണർ കെയിൻ വില്യംസണെ ശ്രേയസ് ഗോപാൽ ക്ലീൻ ബൗൾഡ് ചെയ്തു. വീണ്ടം ഒരു അർധസെഞ്ചുറി നേടുമെന്ന് തോന്നിച്ച വാർണറെ 37 റൺസിൽ വച്ച് ഒഷേൻ തോമസ് വീഴ്ത്തി. പിന്നീട് മനീഷ് പാണ്ഡേയുടെ തകർപ്പനടിക്കാണ് കാണികൾ സാക്ഷ്യം വഹിച്ചത്. കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും പിന്നീടെത്തിയ വിജയ് ശങ്കർ 8(10), ഷാക്കിബ് അൽ ഹസൻ 9 (10), ദീപക് ഹൂഡ 0(1), വൃദ്ധിമാൻ സാഹ5(5) എന്നിവർ പെട്ടെന്ന് പുറത്തായി. അവസാന ഓവറുകളിൽ റാഷിദ് ഖാനാണ് ഭേദപ്പെട്ട സ്കോറിൽ ഹൈദരാബാദിനെ എത്തിച്ചത്. റാഷിദ് ഖാൻ എട്ട് പന്തില്‍ 17 റണ്‍സെടുത്തു.
ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ അമ്പത് തികച്ച് അഞ്ച് അർധ സെഞ്ചുറികള്‍ വീതം നേടിയ വീരേന്ദര്‍ സെവാഗിന്റെയും ജോസ് ബട്ലറിന്റെയും റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. സേവാഗ് 2012 എഡിഷനിലും ബട്ലര് കഴിഞ്ഞ ഐപിഎല്ലിലുമാണ് തുടര്‍ച്ചയായി അഞ്ച് അർധ ശതകങ്ങള്‍ നേടിയത്. 57, 67, 50, 51, 71 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വാര്‍ണറുടെ സ്കോര്‍. ഈ സീസണില്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.