എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് ഭാഗ്യം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. തന്റെ 24ാ൦ പിറന്നാൾ ദിനത്തിൽ തന്റെ ആരാധനാപാത്രമായ ധോണിയുടെ ടീമിനെതിരായ മത്സരത്തിൽ ജയം നേടി പിറന്നാൾ ദിനം ഇരട്ടിമധുരം നിറഞ്ഞതാക്കാനാകും പന്ത് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഡൽഹി നിരയിൽ സ്റ്റീവ് സ്മിത്തിന് പകരം റിപൽ പട്ടേൽ ഇടം നേടിയപ്പോൾ ചെന്നൈ നിരയിൽ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഡ്വെയ്ൻ ബ്രാവോയും ദീപക് ചാഹറും തിരിച്ചെത്തുകയും പരിക്ക് പറ്റിയ സുരേഷ് റെയ്നയ്ക്ക് പകരം റോബിൻ ഉത്തപ്പയും പ്ലെയിങ് ഇലവനിൽ ഇടം നേടിയിട്ടുണ്ട്.
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടിയാണ് ഇരു ടീമുകളും ഇന്ന് മത്സരിക്കുന്നത്. 12 മത്സരങ്ങൾ കളിച്ച ഇരു ടീമുകൾക്കും 18 പോയിന്റ് വീതമാണുള്ളത്. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്ത് ഇരിക്കാം.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് തോറ്റ ക്ഷീണത്തിലാണ് ചെന്നൈ ഡൽഹിക്കെതിരെ ഇറങ്ങുന്നത്. ഇന്ന് ഡൽഹിക്കെതിരെ ജയിച്ച് ഒന്നാം സ്ഥാനം നിലനിർത്തുകയും ഒപ്പം തന്നെ പ്ലേഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുൻ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്താനുമാകും ചെന്നൈ ലക്ഷ്യം വെക്കുന്നത്. അതേസമയം, മുംബൈ ഇന്ത്യൻസിനെതിരെ ജയം നേടിയെത്തുന്ന ഡൽഹി ആത്മവിശാസത്തിലാണ്. മുംബൈക്കെതിരെ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് അവർ വിജയം നേടിയത്. ഈ വിജയം തുടരാൻ തന്നെയാകും അവരുടെ ലക്ഷ്യം.
Also read- IPL 2021| അന്ന് ശിഷ്യൻ; ഇന്ന് ഗുരുവുവിനെക്കാൾ മിടുക്കൻ; ധോണി - പന്ത് പോരാട്ടത്തെ വിലയിരുത്തി സെവാഗ്
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കുകൾ എടുത്താൽ ചെന്നൈക്കാണ് ആധിപത്യം. 24 മത്സരങ്ങളിൽ 15 എണ്ണത്തിൽ ചെന്നൈ ജയം ഒമ്പതെണ്ണത്തിലാണ് ഡൽഹി ജയിച്ചത്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ ജയം ഡൽഹിക്കൊപ്പമായിരുന്നു. സീസണിൽ ഇന്ത്യയിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ നേർക്കുനേർ എത്തിയപ്പോൾ ചെന്നൈയെ ഏഴ് വിക്കറ്റിനാണ് ഡൽഹി തകർത്തുവിട്ടത്.
ചെന്നൈ സൂപ്പർ കിങ്സ് - ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്സല്‍വുഡ്, ദീപക് ചാഹർ.
ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്, റിപൽ പട്ടേൽ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷിംറോന്‍ ഹെറ്റ്മെയര്‍, അക്സർ പട്ടേല്‍, രവിചന്ദ്രൻ അശ്വിന്, കഗിസോ റബാഡ, ആവേശ് ഖാന്, ആൻറിച്ച് നോർക്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.