ഐപിഎല്‍ പതിനാലാം സീസണിലെ ക്വാളിഫയര്‍ ഒന്നിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അവര്‍ ഈ സീസണിലെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ചെന്നൈ മറികടന്നത്.
മത്സരത്തില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ധോണി ആരാധക ഹൃദയം കീഴടക്കിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം 'ഫിനിഷര്‍' ധോണിയെ കണ്ട ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ധോണി ആരാധകര്‍. മത്സരത്തില്‍ അവസാന ഓവറില്‍ മൂന്ന് പന്തുകര്‍ ബൗണ്ടറി കടത്തിയാണ് ധോണി ചെന്നൈയെ ഫൈനലില്‍ എത്തിച്ചത്.
മത്സരശേഷം ചെന്നൈ നായകന് മഹേന്ദ്ര സിംഗ് ധോണി രണ്ട് കൊച്ച് ആരാധകര്‍ക്ക് സമ്മാനം നല്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മത്സരശേഷം ടീമംഗങ്ങളോടൊപ്പം ഡ്രെസിംഗ് റൂമിലെ ബാല്‍ക്കണിയില്‍ നിന്ന് ധോണി, തൊട്ടുമുകളിലത്തെ നിലയില്‍ നിന്ന കുട്ടി ആരാധകര്‍ക്ക് തന്റെ ഒപ്പിട്ട ഒരു പന്ത് നല്‍കുന്നതാണ് വീഡിയോയില്‍.
പന്തില്‍ ഒപ്പിട്ട ശേഷം ധോണി അത് മുകളിലേക്ക് എറിഞ്ഞു നല്‍കുകയായിരുന്നു. പന്ത് കിട്ടിയ കുട്ടികള്‍ സന്തോഷത്തോടെ അതും കൊണ്ട് അമ്മയുടെ അടുത്ത് ഓടിപോകുന്നതും എല്ലാവരെയും ആ പന്ത് കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. നേരത്തെ ചെന്നൈ ഫൈനലിലെത്തിയ സന്തോഷത്തില്‍ ഈ കുട്ടികള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ചിരുന്നു.
ധോണിയുടെ 'സൂപ്പര്‍ ഫിനിഷിങ്ങില്‍' ആവേശം കൊണ്ട ആരാധകര്‍ ഇതിനുശേഷം സോഷ്യല്‍ മീഡിയ കൈയടക്കുന്ന കാഴ്ചയാണ് ഇന്നലെ രാത്രി കണ്ടത്. ഈ സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചാണ് ധോണി മത്സരം ഫിനിഷ് ചെയ്തത്. ഒരു സിക്സറും മൂന്ന് ബൗണ്ടറികളും സഹിതം ആറ് പന്തില്‍ 18 റണ്‍സാണ് ധോണി നേടിയത്.
ചെന്നൈയുടെ ഒന്‍പതാം ഐപിഎല്‍ ഫൈനല്‍ പ്രവേശനമാണിത്. ചെന്നൈക്കെതിരെ മത്സരം തോറ്റെങ്കിലും ഫൈനലില്‍ കടക്കാന്‍ ഡല്‍ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.