നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ടോസ് നേടി മോർഗൻ; കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; ബ്രാവോയ്ക്ക് പകരം സാം കറൻ ചെന്നൈ നിരയിൽ

  IPL 2021| ടോസ് നേടി മോർഗൻ; കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; ബ്രാവോയ്ക്ക് പകരം സാം കറൻ ചെന്നൈ നിരയിൽ

  രണ്ടാം പാദത്തിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത് എന്നതിനാൽ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

  CSK vs KKR

  CSK vs KKR

  • Share this:
   ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. അതേസമയം, ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി എത്തിയ ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ ഡ്വെയ്ൻ ബ്രാവോയ്ക് പകരം ടീമിൽ ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങുന്നത്.

   ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച തുടക്കമാണ് ചെന്നൈയും കൊൽക്കത്തയും കുറിച്ചിരിക്കുന്നത്. രണ്ടാം പാദത്തിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത് എന്നതിനാൽ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്ന കൊൽക്കത്ത രണ്ടാം പാദത്തിൽ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ ആർസിബിയെ ഒമ്പത് വിക്കറ്റിന് തകർത്ത അവർ കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു. തുടർച്ചയായി നേടിയ ഈ രണ്ട് വിജയങ്ങളുടെ ബലത്തിൽ അവർ എട്ട് പോയിന്റോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

   അതേസമയം, കഴിഞ്ഞ സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസൺ തുടക്കം മുതൽ മിന്നും ഫോമിലാണുള്ളത്. രണ്ടാം പാദത്തിലെ ആദ്യത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയും രണ്ടാമത്തെ മത്സരത്തിൽ ആർസിബിയേയും മികച്ച പോരാട്ടത്തിലൂടെയാണ് അവർ കീഴ്പ്പെടുത്തിയത്. ഒമ്പത് കളികളിൽ നിന്നും 14 പോയിന്റുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കാം. നിലവിൽ 16 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് ഒന്നാമതുള്ളത്.

   നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നൈക്കാണ് മുന്‍തൂക്കം. ഇതുവരെ 26 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ 15 എണ്ണത്തിൽ ചെന്നൈയും 11 എണ്ണത്തിൽ കൊൽക്കത്തയും വിജയിച്ചു. ആദ്യ പാദത്തിൽ മത്സരത്തിലും ജയം ചെന്നൈക്കൊപ്പമായിരുന്നു. 220 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലായിരുന്നു ചെന്നൈ പടുത്തുയര്‍ത്തിയത്. മത്സരം 18 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

   ചെന്നൈ സൂപ്പർ കിംഗ്സ്: ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, എം എസ് ധോണി (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, സാം കറൻ, ശാർദുൽ താക്കൂർ, ദീപക് ചഹർ, ജോഷ് ഹേസിൽവുഡ്

   കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ഓയിൻ മോർഗൻ (ക്യാപ്റ്റൻ), നിതീഷ് റാണ, ആന്ദ്രേ റസ്സൽ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി
   Published by:Naveen
   First published: