നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021 | ഗെയ്ക്വാദ് രക്ഷിച്ചു; മുംബൈയെ 136 റണ്‍സില്‍ പിടിച്ചുകെട്ടി ചെന്നൈ; 20 റണ്‍സ് ജയം

    IPL 2021 | ഗെയ്ക്വാദ് രക്ഷിച്ചു; മുംബൈയെ 136 റണ്‍സില്‍ പിടിച്ചുകെട്ടി ചെന്നൈ; 20 റണ്‍സ് ജയം

    ഈ വിജയത്തോടെ ചെന്നൈ 12 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നാലാമതാണ്.

    Credit| Twitter: IndianPremierLeague

    Credit| Twitter: IndianPremierLeague

    • Share this:
      ഐപിഎല്‍ 2021 രണ്ടാംപാദത്തിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സ് ജയം. 157 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈയെ 136 റണ്‍സിനാണ് ചെന്നൈ പിടിച്ചുകെട്ടിയത്. ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചതാണ് ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.

      മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും തന്നെ തിളങ്ങാന്‍ ആയില്ല. ആകെ സൗരഭ് തിവാരി (50) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 19 റണ്‍സ് വഴങ്ങി 2 വിക്കറ്റ് എടുത്ത ദീപക് ചഹറിന്റെ ബൗളിംഗ് തുടക്കത്തില്‍ തന്നെ ചെന്നൈക്ക് കളിയില്‍ നിയന്ത്രണം നല്‍കി. ഡി കോക്കിനെയും (17), അന്മോള്‍ പ്രീതിനെയും (14) ചഹര്‍ ആണ് പുറത്താക്കിയത്. 3 റണ്‍സ് മാത്രം എടുത്ത് സൂര്യകുമാര്‍ യാദവും 11 റണ്‍സ് മാത്രമെടുത്ത് ഇഷന്‍ കിഷനും വേഗം പുറത്തായി. എന്നും ചെന്നൈക്ക് എതിരെ തിളങ്ങാറുള്ള പൊള്ളാര്‍ഡും (15) തിളങ്ങിയില്ല.


      ജോഷ് ഹേസല്‍വുഡ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ചെന്നൈക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രാവോ മൂന്നു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ 12 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നാലാമതാണ്.


      നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ബോള്‍ട്ട്- മില്‍നെ സഖ്യത്തിന് മുന്നില്‍മുട്ടിടിച്ച് പവര്‍പ്ലേയില്‍ 24-4 എന്ന നിലയിലായിരുന്ന ചെന്നൈയെ റുതുരാജ്- ജഡേജ കൂട്ടുകെട്ടിന്റെ പോരാട്ടവും ബ്രാവോയുടെ ഫിനിഷിംഗുമാണ് രക്ഷിച്ചത്. ഫാഫ് ഡുപ്ലസിസ്(0), മൊയീന്‍ അലി(0), അമ്പാട്ടി റായുഡു(0-റിട്ടയര്‍ഡ് ഹര്‍ട്ട്), സുരേഷ് റെയ്ന(4), എം എസ് ധോണി(3) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.


      ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി കനത്ത സമ്മര്‍ദത്തിനിടയിലും ഒരറ്റത്ത് നിലയുറപ്പിച്ച ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കൊടുങ്കാറ്റായി. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ചെന്നൈയെ വന്‍വീഴ്ചയില്‍ നിന്ന് താരം കയകയറ്റി. ഗെയ്ക്വാദ് 41 പന്തില്‍ അമ്പത് തികച്ചതിന് പിന്നാലെ ബൗണ്ടറികളും സിക്സറുകളുമായി കളംനിറഞ്ഞു. 33 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയെ 17ആം ഓവറില്‍ ബുംറ പറഞ്ഞയച്ചുവെങ്കിലും 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഇരുവരും ചേര്‍ത്തിരുന്നു.

      ഇന്ത്യയില്‍ വെച്ച് നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ചെന്നൈയെ തോല്‍പ്പിക്കുകയായിരുന്നു. ചെന്നൈ ഉയര്‍ത്തി 219 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് മുബൈ ഇന്ത്യന്‍സ് വിജയം കണ്ടെത്തിയത്.
      Published by:Sarath Mohanan
      First published:
      )}