ഐപിഎല്‍ 2021 രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഹീറോ ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ പവര്‍പ്ലേയില്‍ 24 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞതിന് ശേഷം ധോണിയ്ക്കും സംഘത്തിനും മാന്യമായ സ്കോര്‍ സമ്മാനിച്ചത് 20 ഓവറും ബാറ്റ് ചെയ്ത് 58 പന്തില്‍ പുറത്താകാതെ 88 റണ്‍സ് നേടിയ ഗെയ്ക്വാദാണ്.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പോലും അനായാസം നേരിട്ടായിരുന്നു ഗെയ്ക്വാദിന്റെ ബാറ്റിംഗ്. അതും ഡെത്ത് ഓവറുകളില്‍. ഗെയ്ക്വാദിന്റെ ഇന്നിംഗ്സില്‍ പിറന്ന നാല് സിക്സില് രണ്ടെണ്ണം ബുംറക്കെതിരെയായിരുന്നു. ചെന്നൈ ഇന്നിംഗ്സിലെ 17, 20 ഓവറുകളിലായിരുന്നു ഈ സിക്സറുകള്‍. ഓഫ് സ്റ്റമ്പിന് പുറത്ത് ബുംറ തന്ത്രപൂര്‍വം എറിഞ്ഞ സ്ലോ ബോള്‍ കവറിന് മുകളിലൂടെ പറത്തിയായിരുന്നു ആദ്യ സിക്സര്‍. രണ്ടാമത്തേതാവട്ടെ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഡീപ് സ്ക്വയറിലേക്ക് എബിഡി സ്റ്റൈല്‍ ഷോട്ടും.
രണ്ടാംപാദത്തിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 20 റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. 157 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈയെ 136 റണ്‍സിനാണ് ചെന്നൈ പിടിച്ചുകെട്ടിയത്. ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചതാണ് ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്ക്ക് ആര്‍ക്കും തന്നെ തിളങ്ങാന്‍ ആയില്ല. ആകെ സൗരഭ് തിവാരി (50) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 19 റണ്‍സ് വഴങ്ങി 2 വിക്കറ്റ് എടുത്ത ദീപക് ചഹറിന്റെ ബൗളിംഗ് തുടക്കത്തില്‍ തന്നെ ചെന്നൈക്ക് കളിയില്‍ നിയന്ത്രണം നല്കി. ഡി കോക്കിനെയും (17), അന്മോള് പ്രീതിനെയും (14) ചഹര്‍ ആണ് പുറത്താക്കിയത്. 3 റണ്‍സ് മാത്രം എടുത്ത് സൂര്യകുമാര്‍ യാദവും 11 റണ്‍സ് മാത്രമെടുത്ത് ഇഷന്‍ കിഷനും വേഗം പുറത്തായി. എന്നും ചെന്നൈക്ക് എതിരെ തിളങ്ങാറുള്ള പൊള്ളാര്‍ഡും (15) തിളങ്ങിയില്ല.
ജോഷ് ഹേസല്‍വുഡ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ചെന്നൈക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രാവോ മൂന്നു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ 12 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നാലാമതാണ്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി കനത്ത സമ്മര്‍ദത്തിനിടയിലും ഒരറ്റത്ത് നിലയുറപ്പിച്ച ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ചെന്നൈയെ വന്‍വീഴ്ചയില്‍ നിന്നാണ് താരം കയകയറ്റിയത്. ഗെയ്ക്വാദ് 41 പന്തില്‍ അമ്പത് തികച്ചതിന് പിന്നാലെ ബൗണ്ടറികളും സിക്സറുകളുമായി കളംനിറഞ്ഞു. 33 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയെ 17ആം ഓവറില്‍ ബുംറ പറഞ്ഞയച്ചുവെങ്കിലും 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഇരുവരും ചേര്‍ത്തിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.