ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും കാമുകിയുടെ ഹൃദയം കവർന്ന് തോൽവിയുടെ നിരാശ മാറ്റിയെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചാഹർ. മത്സരശേഷം ഗാലറിയിൽ ഇരിക്കുകയായിരുന്ന കാമുകിക്ക് അരികിലെത്തി വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു താരം. താരത്തിന്റെ ഈ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ 'അസുലഭ മുഹൂർത്തം' എന്ന അടിക്കുറിപ്പോടെ ചാഹർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ദീപകിന്റെ കാമുകി ആരാണെന്ന് അന്വേഷിക്കുകയാണ് ആരാധകർ. ആരാധകർക്ക് ഇതിന്റെ സൂചന താരത്തിന്റെ സഹോദരിയായ മാൽതി ചാഹർ ദീപക് ചാഹറിന് നൽകിയ ആശംസ സന്ദേശത്തിലുണ്ട്.
And my brother is taken❤️💍 @deepak_chahar9
Lo mil gayi bhabhi😁. She is Jaya Bharadwaj and she isn’t a foreigner…Delhi Ki ladki h.
God bless you both😘#engagement #love pic.twitter.com/DbMMxKwIJ7
— Malti Chahar🇮🇳 (@ChaharMalti) October 7, 2021
ദുബായിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നിർണായക പോരാട്ടത്തിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. ചെന്നൈ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് ഓവറോളം ബാക്കി നിർത്തിയാണ് അവർ മറികടന്നത്. 42 പന്തിൽ ഏഴ് ഫോറുകളും എട്ട് സിക്സറുകളും സഹിതം പുറത്താകാതെ 98 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലാണ് പഞ്ചാബിന്റെ വിജയശില്പി.
View this post on Instagram
മത്സരത്തില്‍ ദീപക് ചാഹറിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. നാല് ഓവർ എറിഞ്ഞ താരം 48 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ഈ സീസണില്‍ 13 മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റുകളാണ് സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ 61 മത്സരങ്ങള്‍ കളിച്ച താരം 58 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടീം ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളും 14 ടി20കളും കളിച്ച ദീപക് ചഹാര്‍ 26 വിക്കറ്റുകള്‍ സ്വന്തമാക്കി.
ചെന്നൈക്കെതിരെ ജയം നേടിയതോടെ പ്ലേഓഫിലെ അവസാന സ്ഥാന പോരാട്ടം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. മത്സരം ജയിച്ച പഞ്ചാബ് 12 പോയിന്റുമായി മുംബൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇനി പ്ലേഓഫിൽ അവസാന സ്ഥാനത്തിന് പഞ്ചാബിനൊപ്പം പോരടിക്കുന്ന മുംബൈയുടെയും കൊൽക്കത്തയുടെയും മത്സരഫലങ്ങൾ അനുകൂലമായി വന്നാൽ നാലാം സ്ഥാനക്കാരായി പഞ്ചാബ് പ്ലേഓഫിലേക്ക് മുന്നേറും.
പഞ്ചാബിനെതിരെ ജയിച്ചിരുന്നെങ്കിൽ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനും ഒപ്പം ക്വാളിഫയറിൽ കളിക്കാനുള്ള യോഗ്യത നേടാനും ചെന്നൈക്ക് കഴിയുമായിരുന്നു. 14 മത്സരങ്ങളിൽ നിന്നും 18 പോയിന്റ് സ്വന്തമായുള്ള ചെന്നൈ നിലവിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CSK, Deepak Chahar, IPL 2021, Punjab Kings