ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണില്‍ ഏറ്റവും അധികം ജയങ്ങള്‍ സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ലഭിച്ച ഒരു വമ്പന്‍ ഷോക്കാണ് കഴിഞ്ഞ ദിവസത്തെ രാജസ്ഥാന് ടീമിനോടേറ്റ തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന് മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്.
മത്സരശേഷം തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നായകന് എം എസ് ധോണി. അബുദാബിയിലെ ബാറ്റിങ് പിച്ചിനെ പരിഹസിച്ചാണ് മത്സര ശേഷം ധോണിയുടെ പ്രതികരണം. ഇവിടെ 250 റണ്‍സ് സ്കോര്‍ ചെയ്താലും മതിയാവില്ല എന്നായിരുന്നു ധോണിയുടെ വാക്കുകള്‍.
'190 റണ്‍സ് ഒരു മികച്ച സ്കോറായിരുന്നു. പക്ഷേ മത്സരത്തില്‍ അവിചാരിതമായി വന്ന മഞ്ഞ് വീഴ്ച കാര്യങ്ങള്‍ അവര്‍ക്ക് ഏറെ അനുകൂലമാക്കി. കൂടാതെ മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റിങ് ഏറെ അനായാസമായി മാറി. അവര്‍ പവര്‍പ്ലേയില്‍ തന്നെ മത്സരം പൂര്‍ണ്ണമായി ഞങ്ങളില്‍ നിന്നും നേടി. കൂടാതെ ഇപ്രകാരം ഒരു ഓപ്പണിങ് കൂട്ടുകെട്ട് നേടി എടുക്കുവാന്‍ കഴിഞ്ഞാല്‍ 250 പോലും ഒരു മികച്ച സ്കോറാണെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ലെഗ് സ്പിന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഷോട്ട് കളിക്കുക അല്‍പ്പം ബുദ്ധിമുട്ടായിരുന്നു.'- ധോണി പറഞ്ഞു.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.
പിന്നീട് ക്രീസിലൊരുമിച്ച സഞ്ജു സാംസണ്- ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന് വിജയത്തില്‍ നിര്‍ണായകമായത്. പതിവ് പോലെ രാജസ്ഥാന് മധ്യനിര തകരുമോ എന്ന ഭയം ആരാധകരില്‍ വന്നുവെങ്കിലും ശിവം ദുബെയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. ചെന്നൈ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച ദുബെയ്ക്ക് പിന്തുണ നല്കുവാന് സഞ്ജു തീരുമാനിച്ചതോടെ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ രാജസ്ഥാന് അടുക്കുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.