ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന് റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന് മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയശില്പികള്.
പത്ത് പോയിന്റുകളുമായി രാജസ്ഥാന് തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് കയറി.
മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് ബാറ്റിങ്ങിനിടെ ചിരി സമ്മാനിച്ച രസക്കാഴ്ചയായിരുന്നു സാം കറന് എറിഞ്ഞ പതിനേഴാം ഓവറിലെ നോ ബോള്‍. ക്രീസില്‍ ഉണ്ടായിരുന്ന ഫിലിപ്സിനെതിരെ രണ്ടാം പന്ത് എറിയാനായി എത്തിയ സാം കറന് ലക്ഷ്യം പിഴക്കുകയായിരുന്നു. കൈയില്‍ നിന്ന് പന്ത് വഴുതി വായുവില്‍ ഉയരുകയാണ് ചെയ്തത്. എന്നാല്‍ പന്ത് ചെന്ന് പതിച്ചതാകട്ടെ വിക്കറ്റ് കീപ്പിങ്ങില്‍ ഉണ്ടായിരുന്ന ധോണിയുടെ ഇടത് വശത്ത് ദൂരെയായി ആയിരുന്നു.
പന്തിന് പിറകെ അടിക്കാനായി ഓടിയ ഫിലിപ്സിന്റെ ശ്രമമാണ് ആരാധകരെ രസിപ്പിച്ചത്. ഈ രംഗങ്ങള്‍ കമെന്റര്മാരെയും സഹതാരങ്ങളെയും ഒരു പോലെ ചിരിപ്പിച്ചു. ഭീമന് നോ ബോളില്‍ അമ്പയര്‍ ഫ്രീ ഹിറ്റ് വിധിക്കുകയും ചെയ്തു. അതേസമയം സമയം ബൗളിങ്ങില്‍ സാം കറന് ഇന്നും ദയനീയ പ്രകടനമായിരുന്നു. ഒരു വിക്കറ്റ് പോലും നേടനാകാതെ ഇംഗ്ലണ്ടിന്റെ യുവ ഓള് റൗണ്ടര്‍ 4 ഓവറില്‍ 55 റണ്‍സാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിലും 50ന് മുകളില്‍ വിട്ടുനല്‍കിയിരുന്നു.
ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് യുവതാരം ജെയ്സ്വാള്‍ പുറത്തായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.
Read also:
'തുഴയെടാ...തുഴയ്'! ക്രൂണല്‍ പാണ്ഡ്യയെ ട്രോളി ഷാര്‍ജാ സ്റ്റേഡിയത്തില്‍ മലയാളി ആരാധകര്‍, വീഡിയോ
അവസാന ഓവറുകളിലെ വെടിക്കെട്ട് നടത്തിയ ജഡേജയും (15 പന്തില്‍ 32) ചേര്‍ന്നാണ് ചെന്നൈ കൂറ്റന്‍ വിജയ ലക്ഷ്യം തന്നെ രാജസ്ഥാന്റെ മുന്നില്‍ വച്ചത്. രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.