സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 135 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് എടുത്തത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ചെന്നൈ ബൗളർമാരുടെ പ്രകടനമാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ചെന്നൈ ബൗളർമാരെ പ്രതിരോധത്തിലാക്കാൻ ഹൈദരാബാദ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. അവസാന ഓവറുകളിൽ അടിച്ചുകളിച്ച റാഷിദ് ഖാനാണ് ഹൈദരാബാദിനെ 134 റൺസിലേക്ക് എത്തിച്ചത്. 44 റൺസ് നേടിയ സാഹയാണ് അവരുടെ ടോപ്സ്കോറർ. ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി ജോഷ് ഹെയ്സൽവുഡ് തിളങ്ങി.
ഡേവിഡ് വാർണർക്ക് പകരക്കാരനായി വന്ന് രാജസ്ഥാനെതിരെ ഹൈദരാബാദിന് ജയം നേടിക്കൊടുത്ത ജേസൺ റോയ്ക്ക് പക്ഷെ ഇന്നത്തെ മത്സരത്തിൽ അതേ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ജോഷ് ഹെയ്‌സല്‍വുഡ് ധോണിയുടെ കൈകളിൽ എത്തിച്ചുകൊണ്ട് കളിയുടെ ഗതി എങ്ങോട്ടാണെന്ന സൂചന നൽകി. ശേഷം ക്രീസിലെത്തിയ ഹൈദരാബാദ് ക്യാപ്റ്റൻ വില്യംസൺ സാഹയുമൊത്ത് രക്ഷാപ്രവർത്തനം തുടങ്ങി. പിന്നീട് വിക്കറ്റ് നഷ്ടം കൂടാതെ ഇവർ പവർപ്ലേ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിൽ എത്തിച്ചു. പവർപ്ലേ ഓവറുകൾക്ക് ശേഷം പന്തെറിയാൻ എത്തിയ ബ്രാവോ വില്യംസണിനെ മടക്കി ഹൈദരാബാദിന് അടുത്ത തിരിച്ചടി നൽകി. 11 പന്തുകളില്‍ നിന്ന് 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കി.
രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സിനുവേണ്ടി ക്രീസില്‍ സാഹയും പ്രിയം ഗാര്‍ഗും ഒന്നിച്ചു. 8.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. അതേ ഓവറിലെ മൂന്നാം പന്തില്‍ സാഹയെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കിയെങ്കിലും അമ്പയർ നോ ബോൾ വിളിച്ചു. ഒരുവശത്ത് സാഹ മികച്ച രീതിയിൽ മുന്നേറിയെങ്കിലും പ്രിയം ഗാർഗ് വീണ്ടും നിരാശപ്പെടുത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം ബ്രാവോയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകി മടങ്ങി. സാഹ മറുവശത്ത് ഹൈദരാബാദ് സ്കോർബോർഡിലേക്ക് റൺസ് ചേർത്തുകൊണ്ടിരുന്നു. എന്നാൽ 44 പന്തിൽ 46 റൺസ് എടുത്ത് നിൽക്കുകയായിരുന്ന സാഹ ജഡേജയുടെ പന്തിൽ ധോണിയുടെ കൈകളിൽ എത്തിയതോടെ ഹൈദരാബാദ് പാടെ പ്രതിരോധത്തിലായി.
പിന്നീട് ക്രീസിൽ ഒന്നിച്ച യുവതാരങ്ങളായ അബ്ദുൾ സമദും അഭിഷേക് ശർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഹൈദരാബാദ് സ്കോർ 100 കടന്നു. എന്നാൽ ഹെയ്സൽവുഡിന്റെ ഓവറിൽ അടുത്തടുത്ത പന്തുകളിൽ സമദിനേയും അഭിഷേകിനേയും നഷ്ടമായതോടെ ഹൈദരാബാദ് വീണ്ടും തകർച്ചയിലേക്ക് വീണു. ഇതോടെ ഹൈദരാബാദ് ആറ് വിക്കറ്റിന് 111 റൺസ് എന്ന നിലയിലേക്ക് വീണു. പിന്നാലെ ക്രീസിൽ എത്തിയ ഹോൾഡറും വന്നപോലെ മടങ്ങി. അഞ്ച് റൺസ് മാത്രം നേടിയ താരം ശാർദുൽ ഠാക്കുറിന്റെ പന്തിൽ ദീപക് ചാഹറിന്റെ കൈകളിൽ ഒതുങ്ങി. അവസാന ഓവറുകളിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ നടത്തിയ ചെറിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ 130 കടക്കാൻ സഹായിച്ചത്. 17 റൺസുമായി റാഷിദും രണ്ട് റൺസോടെ ഭുവനേശ്വർ കുമാറും പുറത്താകാതെ നിന്നു.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡ്വെയ്ന്‍ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാര്‍ദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.