ഇന്റർഫേസ് /വാർത്ത /Sports / IPL 2021 |വീണ്ടും മികവ് തെളിയിച്ച് ഡു പ്ലെസിയും ഗെയ്ക്വാദും; ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ പ്ലേ ഓഫില്‍

IPL 2021 |വീണ്ടും മികവ് തെളിയിച്ച് ഡു പ്ലെസിയും ഗെയ്ക്വാദും; ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ പ്ലേ ഓഫില്‍

Credit: Twitter

Credit: Twitter

19ആം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.

  • Share this:

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് പ്ലേ ഓഫ് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിങ്സ്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദിന്റേയും ഫാഫ് ഡുപ്ലെസിസിന്റേയും പ്രകടനങ്ങളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. റുതുരാജ് ഗെയ്ക്വാദ് 45 റണ്‍സും ഡുപ്ലെസിസ് 41 റണ്‍സുമെടുത്തു. 19ആം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ നേടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ വിജയം രാജകീയമാക്കിയത്.

ഈ സീസണില്‍ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ചെന്നൈ. മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മറികടന്നു. മികച്ച തുടക്കമാണ് റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 75 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. അമ്പാട്ടി റായുഡു 13 പന്തില്‍ 17 റണ്‍സും ക്യാപ്റ്റന്‍ എം എസ് ധോണി 11 പന്തില്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാജസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജേസണ്‍ റോയ് തുടക്കത്തില്‍ തന്നെ പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഓപ്പണറായി ഇറങ്ങിയ വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍. 46 പന്ത് നേരിട്ട് സാഹ 44 റണ്‍സെടുത്തു.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാരുടെ പ്രകടനമാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ചെന്നൈ ബൗളര്‍മാരെ പ്രതിരോധത്തിലാക്കാന്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ അടിച്ചുകളിച്ച റാഷിദ് ഖാനാണ് ഹൈദരാബാദിനെ 134 റണ്‍സിലേക്ക് എത്തിച്ചത്.

നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡിന്റെയും നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെയും മികവിലാണ് സണ്‍റൈസേഴ്സിനെ ചെന്നൈ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടിയിരുന്നു.

ഒക്ടോബര്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മൂന്നിന് പ്ലേ ഓഫ് പ്രതീക്ഷയുമായി വരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് സണ്‍റൈസേഴ്സിന്റെ അടുത്ത മത്സരം.

First published:

Tags: CSK, IPL 2021, Sunrisers Hyderabad