• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹി; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത

IPL 2021| പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹി; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത

ഇതുവരെയുള്ള നേർക്കുനേർ കണക്കിൽ കൊൽക്കത്തയ്ക്കാണ് നേരീയ മുൻതൂക്കം. 27 മത്സരങ്ങളിൽ ഇരുവ ടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 തവണ കൊൽക്കത്തയും 12 തവണ ഡൽഹിയും ജയിച്ചു

KKR vs DC

KKR vs DC

  • Share this:
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നു. ഷാർജ ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകീട്ട് 3.30 നാണ് മത്സരം ആരംഭിക്കുന്നത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കെത്താനും അതുവഴി പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനും ഡല്‍ഹി ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പൊരുതി തോറ്റ കൊൽക്കത്ത വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്.

10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്കും 16 പോയിന്റാണ് ഉള്ളതെങ്കിലും അവർക്ക് മികച്ച റൺ റേറ്റ് ഉള്ളതിനാൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊൽക്കത്ത നാലാം സ്ഥാനത്താണ്. കൊൽക്കത്തയ്ക്ക് പുറമെ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകൾക്കെല്ലാം എട്ട് പോയിന്റ് വീതമാണുള്ളത് എന്നതിനാൽ നാലാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടമാണ് ടൂർണമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കൊൽക്കത്തയ്ക്ക് അതി നിർണായകമാണ്.

രണ്ടാം പാദത്തില്‍ തോല്‍വി അറിയാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുതിപ്പ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് ശക്തം. ശിഖര്‍ ധവാനും പൃഥ്വി ഷായും കുറച്ച് കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യര്‍ നടത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ഡൽഹി ബാറ്റിംഗ് നിരയുടെ നട്ടെല്ല്. അയ്യർക്ക് പിന്തുണയുമായി ക്യാപ്റ്റൻ ഋഷഭ് പന്തും ഒപ്പമുണ്ട്. ബിഗ് ഹിറ്റർമാർ എന്ന പേരുള്ള ഷിംറോൺ ഹെറ്റ്മേയറും മാർക്കസ് സ്റ്റോയിനിസും കൂടി തിളങ്ങിയാൽ ഡൽഹിയെ പിടിച്ചുകെട്ടുക അസാധ്യമാകും.

ബാറ്റിങ്ങിന് ഒരുപടി മുകളിൽ നിൽക്കുന്ന പ്രകടനമാണ് ഡൽഹിയുടെ ബൗളിംഗ് നിര കാഴ്ചവെക്കുന്നത്. സീസണിലെ വേഗമേറിയ പന്തുകളുടെ റെക്കോർഡ് പേരിലാക്കിയ ആൻറിച്ച് നോർക്യയും സഹതാരങ്ങളായ കാഗിസോ റബാഡയും ആവേശ് ഖാനും മികച്ച പ്രകടനമാണ് നടത്തുന്നത്. നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്താനുള്ള മികവുമായി അശ്വിനും അക്‌സർ പട്ടേലും ചേരുമ്പോൾ ഡൽഹി ബൗളിംഗ് നിരയുടെ കരുത്ത് വ്യക്തം.

ചെന്നൈയോട് തോറ്റെങ്കിലും രണ്ടാം പാദത്തിൽ കൊൽക്കത്ത മികച്ച പ്രകടനമാണ് നടത്തുന്നത്. കരുത്തരായ ആര്‍സിബിയേയും മുംബൈ ഇന്ത്യന്‍സിനേയും വീഴ്ത്തിയ കൊൽക്കത്തയ്ക്ക് ഡൽഹിക്കെതിരെ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പ്രകടനമൊഴിച്ചാൽ ബാക്കി ബട്ടർമാരെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഐപിഎൽ രണ്ടാം പാദത്തിലെ കണ്ടെത്തലായ വെങ്കടേഷ് അയ്യർ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവർക്ക് പുറമെ ആന്ദ്രേ റസ്സലും ദിനേശ് കാർത്തിക്കും ഫോമിലേക്ക് എത്തിയതും അവർക്ക് കരുത്ത് പകരുന്നു. ചെന്നൈക്കെതിരായ മത്സരത്തിൽ പരിക്ക് പറ്റിയ റസ്സൽ ഇന്നത്തെ മത്സരം കളിക്കുമോ എന്നത് സംശയമാണ്.

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും കൊൽക്കത്ത മികച്ച പ്രകടനമാണ് നടത്തുന്നത്. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, വിൻഡീസ് താരം സുനിൽ നരെയ്ൻ എന്നിവർ തങ്ങളുടെ കറങ്ങുന്ന പന്തുകളിലൂടെ ബാറ്റർമാരെ വെള്ളം കുടിപ്പിക്കുമ്പോൾ, വേഗമേറിയ പന്തുകൾ കൊണ്ട് ലോക്കി ഫെർഗൂസനും പ്രസിദ്ധ് കൃഷ്ണയും മികച്ച പിന്തുണ നൽകുന്നു.

ഇതുവരെയുള്ള നേർക്കുനേർ കണക്കിൽ കൊൽക്കത്തയ്ക്കാണ് നേരീയ മുൻതൂക്കം. 27 മത്സരങ്ങളിൽ ഇരുവ ടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 തവണ കൊൽക്കത്തയും 12 തവണ ഡൽഹിയും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ ഫോം വെച്ച് ഈ കണക്കുകൾക്ക് എത്രത്തോളം പ്രസക്തി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ഷാർജയിലാണ് മത്സരം എന്നതിനാൽ സ്പിന്നർമാരുടെ പ്രകടനം മത്സരത്തിൽ നിർണായകമാകും.
Published by:Naveen
First published: