ഐ പി എൽ രണ്ടാം പാദത്തിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ പങ്കെടുക്കും. യുഎഇയിൽ നടക്കുന്ന രണ്ടാം പാദത്തിൽ തങ്ങളുടെ താരങ്ങൾ കളിക്കുമെന്ന് ഈ രണ്ട് രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകളാണ് ബിസിസിഐയെ അറിയിച്ചത്. ഇതോടെ ഓയിൻ മോർഗൻ, ഡേവിഡ് വാർണർ എന്നീ വമ്പൻ താരങ്ങൾ ഐ പി എൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന കാര്യം ഉറപ്പായി.
ഈ രാജ്യങ്ങളുടെ ബോര്‍ഡുകള്‍ ഔദ്യോഗികമായി താരങ്ങളുടെ പങ്കാളിത്തം ഉറപ്പ് നൽകിയതിനെ തുടർന്ന് ബിസിസിഐ ഐ പി എൽ കളിക്കുന്ന ഫ്രാഞ്ചൈസികളെ ഈ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ബോർഡുകളുടെ ഉറപ്പ് ലഭിച്ചെങ്കിലും ഐ പി എല്ലിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം താരങ്ങളിൽ നിക്ഷിപ്തമായിരിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഐ പി എല്ലിൽ കളിക്കുമ്പോൾ നിലവിലെ കോവിഡ് സാഹചര്യം കാരണം ബയോ ബബിളിൽ കഴിയേണ്ടി വരുന്നത് മാനസിക സംഘർഷത്തിന് ഇടയാക്കും എന്നതിനാലാണ് കളിക്കാർക്ക് അവരുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്.
ഐ പി എൽ നടക്കുന്ന സമയത്ത് ഇംഗ്ലണ്ട് താരങ്ങൾക്ക് പാകിസ്താനുമായി പരമ്പര ഉണ്ടായിരുന്നതിനാൽ അവരുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും സ്ഥിരീകരണം സ്ഥിതിക്ക് ഇവർ പാകിസ്താനുമായുള്ള പരമ്പരയിൽ കളിക്കില്ല എന്ന് ഉറപ്പായി.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ ആയ കാശി വിശ്വനാഥനും പഞ്ചാബ് കിങ്സിന്റെ സിഇഒ ആയ സതീഷ് മേനോനും സ്ഥിരീകരിച്ചിട്ടുണ്ട്. ഐ പി എല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്കായി 14 ഇംഗ്ലണ്ട് താരങ്ങളും 20 ഓസ്‌ട്രേലിയൻ താരങ്ങളുമാണ് കളിക്കുന്നത്. ഇവരിൽ പലരും അവരുടെ ടീമിലെ നിർണായക താരങ്ങളാണ്. ഇതിൽ ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ടീം ക്യാപ്റ്റനായ ഓയിൻ മോർഗൻ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ കൂടിയാണ്.
അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന ഓസ്‌ട്രേലിയൻ താരമായ ഡേവിഡ് വാർണർ രണ്ടാം പാദത്തിലെ തന്റെ പങ്കാളിത്തം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
യുഎഇയിൽ വെച്ച് നടക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങളുടെ മത്സരക്രമാം ബിസിസിഐ നേരത്തെ പുറത്തുവിട്ടിരുന്നു. ഫൈനലടക്കം 31 മത്സരങ്ങളാണ് ഇനിയും നടക്കാനുള്ളത്. സെപ്റ്റംബർ 19നാണ് രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ.
നേരത്തെ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് ബയോബബിളിനുള്ളിൽ താരങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ipl, IPL 2021, IPL in UAE