നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സച്ചിന് മുന്നിൽ പരുങ്ങി ഇഷാൻ കിഷൻ; ചിരിയിൽ മുങ്ങി മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂം - വീഡിയോ

    സച്ചിന് മുന്നിൽ പരുങ്ങി ഇഷാൻ കിഷൻ; ചിരിയിൽ മുങ്ങി മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂം - വീഡിയോ

    മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷനും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ മുംബൈ ഡ്രസിങ് റൂമിൽ നടന്ന ഒരു രസകരമായ രംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    • Share this:
      ഐപിഎൽ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിലെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷനും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ മുംബൈ ഡ്രസിങ് റൂമിൽ നടന്ന ഒരു രസകരമായ രംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

      മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിലേക്ക് സാധാരണ പോലെ കടന്നു വരുന്ന ഇഷാന്‍ കിഷനെ വീഡിയോയില്‍ കാണാം. റൂമിലെത്തിയ ശേഷമാണ് സച്ചിന്‍ അവിടെ ഇരിക്കുന്നത് ഇഷാന്‍ കാണുന്നത്. സച്ചിനെ പെട്ടെന്ന് കണ്ടതിൽ ഒന്ന് പരുങ്ങിയ താരം പെട്ടെന്ന് തന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് മാറ്റുകയും 'ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍' എന്ന് പറഞ്ഞ് സച്ചിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇഷാൻ കിഷന്റെ ഈ വെപ്രാളം കണ്ട് കിറോൺ പൊള്ളാർഡ് അടക്കമുള്ള സഹതാരങ്ങൾ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.


      ചിരിച്ചു കൊണ്ട് സച്ചിനും ഇഷാനോട് വിശേഷം അന്വേഷിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സച്ചിന്‍ ടെണ്ടുൽക്കർ 2013 ലാണ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ ടീമിന്‍റെ ഉപദേശകനാണ് സച്ചിന്‍. അതുകൊണ്ട് തന്നെ ടീമിനൊപ്പം സച്ചിന്‍ പലപ്പോഴും ചേരാറുണ്ട്. എങ്കിലും പ്രതീക്ഷിച്ചിരിക്കാതെ സച്ചിനെ ഡ്രസിങ് റൂമില്‍ വച്ച് കണ്ടതോടെ എന്ത് ചെയ്യണമെന്ന് ഒരു നിമിഷം അറിയാതെ പ്രതികരിക്കുകയായിരുന്നു ഇഷാന്‍. യുവതാരത്തിന് സച്ചിനോടുള്ള ആരാധനയും ബഹുമാനവുമെല്ലാം ഇതില്‍ നിന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 24 വര്‍ഷത്തെ തന്‍റെ കരിയറിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച ക്രിക്കറ്റ് ഇതിഹാസത്തെ കണ്ടാല്‍ ആരുമൊന്ന് എഴുന്നേറ്റ് നിന്ന് പോവുമെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

      ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ച ഇഷാൻ കിഷന് പക്ഷെ ഈ സീസണിൽ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ എട്ട് മത്സരങ്ങള്‍ കളിച്ച ഇഷാന്‍ കിഷന്‍ ആകെ 107 റണ്‍സാണ് നേടിയത്. ഐപിഎല്ലിൽ മോശം ഫോമിലുള്ള താരത്തിന് ടി20 ലോകകപ്പ് ടീമിൽ ഇടം നൽകിയത് എന്തിനാണെന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ട്. ഫോമിൽ അല്ലാത്തത് മൂലം പഞ്ചാബിന് എതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവനിൽ നിന്നും സ്ഥാനം നഷ്ടമായിരുന്നു.

      ഇഷാൻ കിഷൻ ഫോം കണ്ടെത്താൻ പാട് പെടുന്നത് പോലെ താരത്തിന്റെ ടീമായ മുംബൈയും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. രണ്ടാം പാദത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ മുംബൈ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ ജയം നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ഇനിയുള്ള എല്ലാ കളിയും ജയിച്ചാല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാം.
      Published by:Naveen
      First published:
      )}