ഐപിഎല്ലിൽ രാജസ്ഥാനെതിരെ പഞ്ചാബിന്റെ തോൽവിക്കിടയിലും ശ്രദ്ധേയ പ്രകടനം നടത്തി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. രാജസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി തിളങ്ങിയ താരം ഐപിഎൽ റെക്കോർഡ് ബുക്കിലേക്ക് തന്റെ പേരും കൂടി എഴുതി ചേർത്തു. ഇന്നലത്തെ മത്സരത്തിൽ ഐപിഎല്ലിൽ 3000 റൺസ് തികച്ച രാഹുൽ ഈ നേട്ടം കുറഞ്ഞ ഇന്നിങ്‌സുകളിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. പഞ്ചാബിൽ രാഹുലിന്റെ സഹതാരമായ ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ഗെയ്ൽ 75 ഇന്നിങ്‌സുകളിൽ നിന്നും 3000 റൺസ് നേടിയപ്പോൾ 80 ഇന്നിങ്‌സുകളിൽ നിന്നുമാണ് രാഹുൽ ഈ നേട്ടത്തിൽ എത്തിയത്. ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവരാണ് രാഹുലിന് പിന്നിലായുള്ളത്. വാർണർ 94 ഇന്നിങ്സിൽ നിന്നും റെയ്ന 103 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടത്തിൽ എത്തിയത്.
രാജസ്ഥാനെതിരായ മത്സരത്തിൽ ചേതൻ സക്കറിയ എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്ത് ലെഗ് സൈഡിലേക്ക് സിക്സിന് പറത്തിയാണ് രാഹുൽ ഈ നേട്ടത്തിൽ എത്തിയത്. മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച രാഹുലിന് പക്ഷെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞില്ല. അർഹിച്ച അര്ധസെഞ്ചുറിക്ക് ഒരു റൺ അകലെയാണ് രാഹുൽ പുറത്തായത്. 33 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് രാഹുൽ 49 റൺസ് എടുത്തത്.
രാജസ്ഥാൻ റോയൽസിനെതിരെ 186 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനായി ഓപ്പണിങ് വിക്കറ്റിൽ കെ എൽ രാഹുലും മായങ്ക് അഗർവാളും (67) ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് തകർപ്പൻ തുടക്കം നൽകിയെങ്കിലും ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ രാജസ്ഥാൻ റോയൽസ് പഞ്ചാബിന്റെ കയ്യിൽ നിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു.
Also read- IPL 2021 | വാനോളം ആവേശം, ട്വിസ്റ്റ്; സൂപ്പർ ത്രില്ലറിൽ രാജസ്ഥാന് ജയം; പടിക്കൽ കലമുടച്ച് പഞ്ചാബ്ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസിന് പുറത്തായിരുന്നു. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവർ വരെ തകർത്തടിച്ച് വിജയം കൈപ്പിടിയിൽ വെച്ച് കളിച്ച പഞ്ചാബ് ജയത്തിനരികെ വീണ്ടും കലമുടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ നാല് റൺസാണ് വേണ്ടിയിരുന്നത്. യുവതാരം കാർത്തിക് ത്യാഗി പന്തെറിയാൻ ക്രീസിലേക്ക് വരുമ്പോൾ മാര്‍ക്രവും പുരാനും ചേർന്ന് പഞ്ചാബ് ജയമൊരുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ത്യാഗി പുരാനെയും പിന്നാലെ വന്ന ദീപക് ഹൂഡയെയും മടക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അവസാന പന്തിൽ മൂന്ന് റൺസ് ജയത്തിലേക്ക് നിൽക്കെ ക്രീസിലെത്തിയ ഫാബിയൻ അലൻ റൺ ഒന്നും എടുക്കാൻ കഴിയാതെ വന്നതോടെ അപ്രതീക്ഷിത ജയം നേടുകയായിരുന്നു രാജസ്ഥാൻ.
ആദ്യ പാദത്തിൽ പഞ്ചാബിനോട് അവസാന പന്തിൽ തോൽവി സമ്മതിക്കേണ്ടി വന്നിരുന്ന രാജസ്ഥാന് ഈ ജയം മധുരപ്രതികാരമായി. മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.