നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| പ്ലേഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത; വഴിമുടക്കാൻ രാജസ്ഥാൻ; ആവേശപ്പോരിൽ ആരാകും വിജയി

  IPL 2021| പ്ലേഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത; വഴിമുടക്കാൻ രാജസ്ഥാൻ; ആവേശപ്പോരിൽ ആരാകും വിജയി

  മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കൊൽക്കത്തയുടെ വരവ്.

  Image credits: Twitter

  Image credits: Twitter

  • Share this:
   ഐപിഎല്‍ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലാണ്. പ്ലേഓഫ് ഘട്ടത്തിലേക്ക് ഇതുവരെ മൂന്ന് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ഇനി ഒരു സ്ഥാനം മാത്രമാണ് ബാക്കിയുള്ളത്. ഈ ഒരു സ്ഥാനം ആരാകും സ്വന്തമാക്കുക എന്ന് ഇന്ന് രാത്രി നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് ശേഷം ഒരു ഏകദേശ ചിത്രം ലഭ്യമാകും.

   പ്ലേഓഫ് പ്രതീക്ഷകൾ ഇരു ടീമുകൾക്കും ഉണ്ടെങ്കിലും മോർഗൻ നയിക്കുന്ന കൊൽക്കത്തയ്ക്കാണ് സഞ്ജുവിന്റെ രാജസ്ഥാനെക്കാളും പ്ലേഓഫ് സാധ്യത കൂടുതൽ. ഇന്നത്തെ മത്സരത്തിലെ ജയം കൊണ്ട് മാത്രം കൊൽക്കത്ത പ്ലേഓഫിൽ ഇടം നേടും. എന്നാൽ രാജസ്ഥാന് കൊൽക്കത്തയ്‌ക്കെതിരെ വൻ മാർജിനിൽ ജയിക്കുകയും ഒപ്പം മുംബൈ, പഞ്ചാബ് എന്നിവർ അവരുടെ മത്സരങ്ങൾ വൻ മാർജിനിൽ തോൽക്കുകയും ചെയ്‌താൽ മാത്രമേ പ്ലേഓഫിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. എന്തായാലും ഷാർജയിൽ രാത്രി 7.30ന് അരങ്ങേറാൻ പോകുന്ന ആവേശപ്പോരിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

   സഞ്ജുവിന്റെ രാജസ്ഥാനെ മറികടന്ന് മോർഗന്റെ കൊൽക്കത്ത ജയം നേടുമെന്നാണ് ചോപ്രയുടെ പ്രവചനം. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കൊൽക്കത്തയുടെ വരവ്.

   ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് കൊൽക്കത്ത കാഴ്ചവയ്ക്കുന്നത്. രണ്ടാം പാദത്തിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നാലെണ്ണം ജയിക്കാൻ അവർക്കായി. മറുവശത്ത് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടീം അടുത്ത മത്സരത്തിൽ തീർത്തും നിറം മങ്ങുന്ന കാഴ്ചയാണ് ഇതുവരെ കാണാൻ കഴിഞ്ഞത്.

   കൊൽക്കത്തയ്ക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ മുംബൈയും പ്ലേഓഫിലെ അവസാന സ്ഥാനത്തിനായി പോരാടുന്നുണ്ട്. കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് കൊൽക്കത്തയുടെ റൺ റേറ്റ് മറികടക്കുക എന്ന കടമ്പ കടക്കേണ്ടി വരും.

   എന്നാൽ രാജസ്ഥാനെ എളുപ്പത്തിൽ എഴുതിത്തള്ളാൻ കഴിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസണൊഴികെ ബാറ്റിങ്ങിൽ ഇതുവരെ ആർക്കും സ്ഥിരതയുള്ള പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും, ഒരുപിടി മികച്ച താരങ്ങളാണ് അവരുടെ നിരയിലുള്ളത്. ഓപ്പണിങ്ങിൽ യുവതാരം യശസ്വി ജയ്‌സ്വാളും വിൻഡീസ് താരം എവിൻ ലൂയിസും വെടിക്കെട്ടിന് കെൽപ്പുള്ളവരാണ് ഇവർ മിന്നിയാൽ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഇവർക്ക് പുറമെ ശിവം ദൂബെ, മഹിപാൽ ലോംറോർ എന്നീ ഇന്ത്യൻ താരങ്ങളും ഗ്ലെൻ ഫിലിപ്സ്, ഡേവിഡ് മില്ലർ എന്നീ വിദേശ താരങ്ങളും അണിനിരക്കുമ്പോൾ രാജസ്ഥാൻ നിര ശക്തമാണ്. ഇവരെല്ലാവരും മികച്ച പ്രകടനം നടത്തിയാൽ രാജസ്ഥാൻ കൊൽക്കത്തയുടെ പ്ലേഓഫിലേക്കുള്ള വഴിമുടക്കികൾ ആയേക്കും.

   ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയും രാജസ്ഥാനും തമ്മിലുള്ളത്. പരസ്‌പരമുള്ള 24 പോരാട്ടങ്ങളില്‍ 12 കളിയില്‍ കൊല്‍ക്കത്തയും 11ല്‍ രാജസ്ഥാനും ജയം നേടി.
   Published by:Naveen
   First published: