ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയലക്ഷ്യം. പ്ലേ ഓഫ് ഉറപ്പിക്കാൻ പോരാടുന്ന മത്സരത്തിൽ യുവതാരം ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറി പ്രകടനമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ നൽകിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഗില്ലിന്‍റെ അര്‍ധസെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഇത്തവണത്തെ സീസണില്‍ ഷാര്‍ജയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 44 പന്തുകൾ നേരിട്ട ഗിൽ 56 റൺസ് നേടി കൊൽക്കത്തയുടെ ടോപ് സ്കോററായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 79 റണ്‍സ് ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 35 പന്തില്‍ 38 റൺസ് നേടിയ അയ്യരെ രാഹുൽ തേവാട്ടിയയാണ് പുറത്താക്കിയത്. പിന്നാലെ വന്ന നിതീഷ് റാണ ഗ്ലെന്‍ പിലിപ്സിനെ സിക്സിന് പറത്തി (5 പന്തില്‍ 12) മികച്ച തുടക്കം നേടിയെങ്കിലും രണ്ടാം സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ലിവിംഗ്സറ്റണ് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നിതീഷ് റാണ പുറത്തായ ശേഷം വന്ന രാഹുൽ ത്രിപാഠി ഗില്ലിനൊപ്പം ചേർന്ന് കൊൽക്കത്തയുടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. എന്നാല്‍ 16-ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി ക്രിസ് മോറിസ് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. പിന്നാലെ രാഹുല്‍ ത്രിപാഠിയെ ചേതന്‍ സക്കറിയ മടക്കുകയും ചെയ്തതോടെ കൊൽക്കത്തയുടെ റൺ റേറ്റ് ഇഴഞ്ഞു.
എങ്കിലും 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ പുറത്താവുമ്പോള്‍ തന്നെ കൊല്‍ക്കത്ത മികച്ച സ്കോര്‍ ഉറപ്പാക്കിയിരുന്നതിനാൽ ഇരുവരും വീണതിന് ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കും(11 പന്തില്‍ 14) ഓയിന്‍ മോര്‍ഗനും(11 പന്തില്‍ 13) ചേര്‍ന്ന് അവരുടെ ചെറിയ സംഭാവനകൾ കൊണ്ട് കൊൽക്കത്തയെ 171ല്‍ എത്തിച്ചു. 16-ാം ഓവറില്‍ 135 റണ്‍സിലെത്തിയ കൊല്‍ക്കത്തക്ക് അവസാന നാലോവറില്‍ 35 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു.
രാജസ്ഥാനുവേണ്ടി ചേതന്‍ സക്കറിയയും ക്രിസ് മോറിസും തിവാട്ടിയയും ഗ്ലെന്‍ ഫിലിപ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരത്തിൽ ജയം നേടിയാൽ മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തിൽ കൊല്‍ക്കത്തയ്ക്ക് ഏറെക്കുറേ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാം. കൊൽക്കത്തയ്ക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ മുംബൈയും പഞ്ചാബും പ്ലേഓഫിലെ അവസാന സ്ഥാനത്തിനായി പോരാടുന്നുണ്ട്.
കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേഓഫിലേക്ക് വഴിയൊരുക്കും. മറിച്ച് കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് കൊൽക്കത്തയുടെ റൺ റേറ്റ് മറികടക്കുക എന്ന കടമ്പ കടക്കേണ്ടി വരും. എന്നാൽ പഞ്ചാബിന് പ്ലേഓഫിലേക്ക് കടക്കണമെങ്കിൽ രാജസ്ഥാൻ കൊൽക്കത്തയെ വൻ മാർജിനിൽ തോൽപ്പിക്കുകയും ഒപ്പം ഹൈദെരാബാദുമായി കളിക്കുന്ന മുംബൈ പരാജയപ്പെടുകയും വേണം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ പഞ്ചാബ് ജയിച്ചതോടെയാണ് പ്ലേഓഫ് യോഗ്യത പോരാട്ടം വീണ്ടും സങ്കീർണമായത്.
മത്സരം ജയിച്ചതോടെ 12 പോയിന്റ് നേടിയ പഞ്ചാബ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തുകയായിരുന്നു. പഞ്ചാബിനും കൊൽക്കത്തയ്ക്കും പുറമെ മുംബൈക്കും 12 പോയിന്റാണെങ്കിലും നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് കൊൽക്കത്ത നാലാം സ്ഥാനത്ത് ഇരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.