ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. കൊൽക്കത്തയുടെ ഇടംകൈയൻ ചൈനാമാൻ ബൗളർ കുൽദീപ് യാദവ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. പരിക്കേറ്റ താരം ഇന്ത്യയിൽ മടങ്ങിയെത്തി എന്നാണ് റിപ്പോർട്ട്. ഐപിഎല്ലിനു പുറമേ രഞ്‌ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര സീസണിലെ മുഴുവൻ മത്സരങ്ങളും കുൽദീപിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. പരിക്ക് ഭേദമായി തിരിച്ചെത്താൻ ഏകദേശം നാല് മുതൽ ആറ് മാസം വരെ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
'യുഎഇയില്‍ വെച്ച് പരിശീലനത്തിനിടെ കുല്‍ദീപിന് കാൽമുട്ടിന് സാരമായ പരിക്ക് പറ്റി എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഫീല്‍ഡിംഗ് പരിശീലനത്തിനിടെ കാല്‍മുട്ട് തിരിയുകയായിരുന്നു. സാരമായ പരിക്ക് ആയതിനാൽ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അതിനാൽ തന്നെ കുൽദീപിനെ ഇന്ത്യയിലേക്ക് മടക്കി അയച്ചിട്ടുണ്ട്.' ബിസിസിഐയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
'കാൽമുട്ടിനേറ്റ പരിക്ക് സാരമുള്ളതിനാൽ കുൽദീപ് മടങ്ങിവരാൻ അൽപം സമയമെടുക്കും. പരിക്കും അതിനോട് സംബന്ധമായ ചികിത്സകളും തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന സെഷനുകൾ എല്ലാം കഴിഞ്ഞ് എത്തുമ്പോഴേക്കും ഏകദേശം ആറ് മാസമെങ്കിലും കഴിയും.' ഐപിഎല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഈ സീസൺ ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവസാന പതിനൊന്നില്‍ ഇടംപിടിക്കാന്‍ കുല്‍ദീപിനായിരുന്നില്ല. മികച്ച രീതിയില്‍ പന്തെറിയുന്ന വരുണ്‍ ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്‌നിന്റെയും സാന്നിധ്യമാണ് കുല്‍ദീപിന് അവസരം നിഷേധിച്ചത്. കഴിഞ്ഞ കുറച്ച് സീസണുകളായി കൊൽക്കത്തയ്‌ക്കൊപ്പമുള്ള താരമാണ് കുൽദീപ് യാദവ്.
Also read- IPL 2021| പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹി; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത
അതേസമയം, ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരം കൊൽക്കത്തയ്ക്ക് അതി നിർണായകമാണ്. അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പൊരുതി തോറ്റ കൊൽക്കത്ത വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്താണ്. കൊൽക്കത്തയ്ക്ക് പുറമെ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകൾക്കെല്ലാം എട്ട് പോയിന്റ് വീതമാണുള്ളത് എന്നതിനാൽ നാലാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടമാണ് ടൂർണമെന്റിൽ നടക്കുന്നത്. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കിൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യതയോട് ഒരുപടി കൂടി അടുക്കാം.
ഷാർജ ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകീട്ട് 3.30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.