നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| രാജസ്ഥാനെതിരെ വമ്പൻ ജയം; പ്ലേഓഫിൽ സ്ഥാനമുറപ്പിച്ച് കൊൽക്കത്ത; മുംബൈയ്ക്ക് നേരിയ സാധ്യത മാത്രം

  IPL 2021| രാജസ്ഥാനെതിരെ വമ്പൻ ജയം; പ്ലേഓഫിൽ സ്ഥാനമുറപ്പിച്ച് കൊൽക്കത്ത; മുംബൈയ്ക്ക് നേരിയ സാധ്യത മാത്രം

  രാജസ്ഥാൻ റോയൽസിനെതിരെ 86 റൺസ് ജയം നേടിയാണ് ഓയിൻ മോർഗനും സംഘവും അവസാന നാലിൽ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ഇതോടെ ഇന്ന് നടക്കുന്ന ഹൈദരാബാദിനെതിരായ മുംബൈയെുടെ പോരാട്ടം ഏതാണ്ട് അപ്രസക്തമായിരിക്കുകയാണ്.

  Image credits: IPL, Twitter

  Image credits: IPL, Twitter

  • Share this:
   ഐപിഎല്ലിൽ പ്ലേഓഫിലെ അവസാന ടീമിനുള്ള ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 86 റൺസ് ജയം നേടിയാണ് ഓയിൻ മോർഗനും സംഘവും അവസാന നാലിൽ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 171-4, രാജസ്ഥാന്‍ റോയല്‍സ് 16.1 ഓവറില്‍ 85. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് കളിയിലെ താരം.

   രാജസ്ഥാനെതിരായ കൊൽക്കത്തയുടെ ഈ വമ്പൻ ജയം പ്ലേഓഫിലെ അവസാന സ്ഥാന പോരാട്ടത്തിൽ ഉണ്ടായിരുന്ന മുംബൈ ഇന്ത്യൻസിന്റെയും പഞ്ചാബ് കിങ്സിന്റെയും സാധ്യതകൾ തല്ലിക്കെടുത്തുകയാണ് ചെയ്തത്. പഞ്ചാബ് യോഗ്യത നേടില്ല എന്ന് ഉറപ്പായി. സാങ്കേതികമായി പിന്നെയും അവസരമുള്ളത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനാണ്. പക്ഷെ നേരിയ സാധ്യത മാത്രമാണത്. ഹൈദെരാബാദിനെതിരെ അത്ഭുതങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ മുംബൈക്ക് പ്ലേഓഫിലേക്ക് കയറാൻ ആവുകയുള്ളൂ.

   ഷാർജയിൽ നടന്ന മത്സരത്തിൽ രാജസ്ഥാന് മുന്നിൽ 172 റൺസ് വിജയലക്ഷ്യം ഉയർത്തിയ കൊൽക്കത്ത 16.1 ഓവറിൽ അവരെ 85 റൺസിൽ ഒതുക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ തകർന്നടിഞ്ഞതിന് ശേഷം സീസണിലെ അവസാന മത്സരത്തിന് ഇറങ്ങിയ അവർക്ക് ഈ തോൽവി നിരാശ നൽകുന്നതായി. രാജസ്ഥാൻ നിരയിൽ ഒമ്പത് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതിൽ മൂന്ന് പേർ പൂജ്യത്തിനാണ് പുറത്തായത്. 36 പന്തിൽ 44 റൺസെടുത്ത രാഹുൽ തേവാട്ടിയ മാത്രമാണ് കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ പതറാതെ പൊരുതിയത്. തേവാട്ടിയയുടെ പോരാട്ടം ഇല്ലായിരുന്നെങ്കിൽ രാജസ്ഥാന് ഇതിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. രാജസ്ഥാന് വേണ്ടി അവസാനം വരെ പോരാടിയ താരം അവസാനമാണ് പുറത്തായത്. 18 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറർ. ക്യാപ്റ്റനായ സഞ്ജുവിന് കേവലം ഒരു റൺ മാത്രമാണ് നേടാനായത്.

   ഷാർജയിലെ സ്ലോ പിച്ചിൽ കൊൽക്കത്ത 172 എന്ന ലക്ഷ്യം ഉയർത്തിയപ്പോൾ തന്നെ മത്സരത്തിന്റെ ചിത്രം ഏകദേശം വ്യക്തമായിരുന്നു. കൊൽക്കത്ത ഉയർത്തിയ ലക്ഷ്യത്തിലേക്ക് പൊരുതുക എന്നതായിരുന്നു രാജസ്ഥാന് ചെയ്യാൻ ഉണ്ടായിരുന്നത്. എന്നാൽ, രാജസ്ഥാൻ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ (0) പുറത്താക്കി ഷാക്കിബ് അൽ ഹസൻ അവരെ ഞെട്ടിച്ചു. ഷാക്കിബ് തുടങ്ങി വെച്ച വിക്കറ്റ് വേട്ട ശിവം മാവിയും ലോക്കി ഫെർഗൂസനും ചേർന്ന് ഏറ്റെടുത്തതോടെ രാജസ്ഥാൻ തകർന്നടിയുകയായിരുന്നു.

   ജയ്‌സ്വാളിന് പിന്നാലെ ലിയാം ലിംവിംഗ്‌സ്റ്റൺ (6), അനൂജ് റാവത്ത്(0) എന്നിവരെ ലോക്കി ഫെര്‍ഗൂസനും ക്യാപ്റ്റന്‍ സഞ്ജു സാംസൺ(1), ശിവം ദുബെ(18), ഗ്ലെന്‍ ഫിലിപ്സ്(8) എന്നിവരെ ശിവം മാവിയും മടക്കിയതോടെ രാജസ്ഥാൻ 35ന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിൽ എത്തിയ രാഹുൽ തേവാട്ടിയയുടെ പോരാട്ടമാണ് അവരുടെ തോൽവിഭാരം കുറച്ചത്.

   തേവാട്ടിയ ഒരറ്റത്ത് പൊരുതി നിൽക്കുമ്പോഴും മറുവശത്തെ വിക്കറ്റുകൾ ഓരോന്നായി കൊൽക്കത്ത സ്വന്തമാക്കി കൊണ്ടിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ പണം വാരിയ താരമായ മോറിസിനെ(0) വരുൺ ചക്രവർത്തിയും ചെറിയ പോരാട്ടം നടത്തിയ ഉനദ്കടിനെ(6) ഫെർഗൂസനും പിന്നീട് തേവാട്ടിയയെ ശിവം മാവിയും പുറത്താക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.

   കൊല്‍ക്കത്തക്കായി ശിവം മാവി നാലും ലോക്കി ഫെര്‍ഗൂസന്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

   നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത യുവതാരം ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 44 പന്തുകൾ നേരിട്ട ഗിൽ 56 റൺസ് നേടിയ ഗിൽ തന്നെയാണ് അവരുടെ ടോപ് സ്‌കോറർ.
   Published by:Naveen
   First published: