• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 |പിച്ചിന്റെ പ്രശ്‌നമല്ല; ഏഴ് സിക്‌സര്‍ പറത്തി കൊല്‍ക്കത്ത; ഡല്‍ഹിക്കെതിരെ മൂന്ന് വിക്കറ്റ് ജയം

IPL 2021 |പിച്ചിന്റെ പ്രശ്‌നമല്ല; ഏഴ് സിക്‌സര്‍ പറത്തി കൊല്‍ക്കത്ത; ഡല്‍ഹിക്കെതിരെ മൂന്ന് വിക്കറ്റ് ജയം

ഷാര്‍ജ്ജയിലെ സ്റ്റേഡിയത്തില്‍ ഒരു സിക്‌സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് സിക്‌സുകള്‍ പറത്തിയാണ് കൊല്‍ക്കത്ത വിജയം നേടിയത്.

Credit: Twitter: IPL

Credit: Twitter: IPL

  • Share this:
    ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 10 ബോളുകള്‍ ബാക്കിയ നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഷാര്‍ജ്ജയിലെ സ്റ്റേഡിയത്തില്‍ ഒരു സിക്‌സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് സിക്‌സുകള്‍ പറത്തിയാണ് കൊല്‍ക്കത്ത വിജയം നേടിയത്.

    ഭാഗ്യനിര്‍ഭാഗ്യം ഇരുവശത്തേക്കും മാറിമറിഞ്ഞ പോരാട്ടത്തില്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 36 റണ്‍സ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയാണ് കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്.

    33 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും 10 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്സറും സഹിതം 21 റണ്‍സ് നേടിയ സുനില്‍ നരെയ്ന്റെയും ഇന്നിങ്സുകളും കൊല്‍ക്കത്ത ജയത്തില്‍ നിര്‍ണായകമായി.


    ഡല്‍ഹിയെ പോലെ മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും നിതീഷ് റാണയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ലളിത് യാദവ് എറിഞ്ഞ 14ആം ഓവറില്‍ 20 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അവേശ് ഖാന്‍ കാര്‍ത്തിക്കിനെ (12) പുറത്താക്കിയതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പമായി മാറി.

    കാഗിസോ റബാഡയെറിഞ്ഞ 16ആം ഓവറില്‍ സുനില്‍ നരൈന്‍ തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം നാലോവറില്‍ 9 റണ്‍സായി ചുരുങ്ങി. പത്ത് പന്തില്‍ നിന്നും രണ്ട് സിക്‌സും ഒരു ഫോറും അടക്കം 21 റണ്‍സ് നേടിയാണ് നരൈന്‍ മടങ്ങിയത്.

    ഷാര്‍ജയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ 127 റണ്‍സാണ് ഡല്‍ഹി നേടിയത്. സ്റ്റീവ് സ്മിത്ത്(39), റിഷഭ് പന്ത്(39), ശിഖര്‍ ധവാന്‍(24) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

    ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്‌കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു. ഷാര്‍ജ സ്റ്റേഡിയത്തില്‍ ഒരു സിക്‌സര്‍ പോലും പിറക്കാതെ പൂര്‍ത്തിയാകുന്ന ആദ്യ ട്വന്റി 20 ക്രിക്കറ്റ് ഇന്നിങ്‌സായിരുന്നു ഇന്നു ഡല്‍ഹിയുടേത്.

    നാലോവറില്‍ വെറും 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സുനില്‍ നരെയ്‌നും 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് അയ്യരുമാണ് ഡല്‍ഹിയെ തകര്‍ത്തത്. രണ്ടോവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ലോക്കീ ഫെര്‍ഗൂസന്‍ ഇവര്‍ക്കു മിച്ച പിന്തുണ നല്‍കി.
    Published by:Sarath Mohanan
    First published: