നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ലക്ഷ്യം പ്ലേഓഫ് യോഗ്യത; നിർണായക പോരാട്ടത്തിൽ ഏറ്റുമുട്ടാനൊരുങ്ങി കൊൽക്കത്തയും പഞ്ചാബും

  IPL 2021| ലക്ഷ്യം പ്ലേഓഫ് യോഗ്യത; നിർണായക പോരാട്ടത്തിൽ ഏറ്റുമുട്ടാനൊരുങ്ങി കൊൽക്കത്തയും പഞ്ചാബും

  പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

  KL Rahul, Eoin Morgan

  KL Rahul, Eoin Morgan

  • Share this:
   ഐപിഎല്ലിൽ നിർണായക പോരാട്ടത്തില്‍ ഏറ്റുമുട്ടാനൊരുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്‌സും. പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന് പിന്നീട് മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടി വരുമെന്നതിനാൽ സ്വന്തം പ്രകടനത്തിന്റെ ബലത്തിൽ പ്ലേഓഫ് യോഗ്യത സജീവമായി നിലനിർത്താനാകും മോർഗന്റെ കീഴിൽ ഇറങ്ങുന്ന കൊൽക്കത്തയും കെ എൽ രാഹുലിന്റെ കീഴിൽ ഇറങ്ങുന്ന പഞ്ചാബും ലക്ഷ്യം വെക്കുന്നത്. ദുബായിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.

   നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 11 മത്സരങ്ങളിൽ നിന്നും 10 പോയിന്റും ആറാം നിൽക്കുന്ന പഞ്ചാബിന് അത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമാണുള്ളത്. രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തുന്ന കൊൽക്കത്തയ്ക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഇന്നത്തെ മത്സരത്തിൽ ജയം നേടുകയാണെങ്കിൽ അവർക്ക് പ്ലേഓഫിലേക്ക് കയറുക എളുപ്പമാകും.ഇന്നത്തെ മത്സരത്തിൽ തോറ്റാലും മികച്ച റൺ റേറ്റ് ഉള്ളതിനാൽ പിന്നീടുള്ള മത്സരങ്ങൾ ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യത നേടാൻ കഴിയും. അതേസമയം, പഞ്ചാബിന് കാര്യങ്ങൾ എളുപ്പമല്ല. കൊൽക്കത്തയ്‌ക്കെതിരെ ജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതവരുടെ പ്ലേഓഫ് സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് നൽകുക. നിലവിൽ മൂന്ന് മത്സരങ്ങൾ ജയിച്ചാലുംപഞ്ചാബിന് പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ കൊൽക്കത്ത മുംബൈ ടീമുകളുടെ മത്സരഫലങ്ങൾ അവർക്ക് അനുകൂലമായി വരികയും വേണം. ഇനിയുള്ള മത്സരങ്ങളിൽ ജയം നേടുക എന്നത് മാത്രം ലക്ഷ്യം വെച്ചായിരിക്കും പഞ്ചാബ് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുക.

   എന്നാൽ പഞ്ചാബിന് മുന്നിൽ വലിയ വെല്ലുവിളയാണുള്ളത്. കെ എൽ രാഹുലിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ ഏറ്റവും വലിയ പ്രശ്നം. രാഹുൽ നേരത്തെ പുറത്താകുന്ന മത്സരത്തിൽ അവരുടെ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനുപുറമെ ബയോ ബബിൾ സമ്മർദ്ദം താങ്ങാൻ വയ്യാതെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ൽ ടീം വിട്ടതും അവർക്ക് വലിയ തിരിച്ചടിയാണ്. നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം എന്നിങ്ങനെ വമ്പൻ ബാറ്റർമാർ ടീമിലുണ്ടെങ്കിലും അവർക്കും തിളങ്ങാൻ കഴിയുന്നില്ല. ബൗളർമാർ മികച്ച പ്രകടനം നടത്തുന്നു എന്നതാണ് അവരുടെ ഏക ആശ്വാസം.

   മറുവശത്ത് ചെറിയ ആശങ്കയുമായാണ് കൊൽക്കത്ത ഇറങ്ങുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ഇന്ന് കളിക്കുമോ എന്നത് സംശയമാണ്. രണ്ടാം പാദത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കൊൽക്കത്തയ്ക്ക് പിന്നീട് ആശങ്കയുള്ളത് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ ഫോമില്ലായ്മയിലാണ്. ബാറ്റിങ്ങിൽ ബാക്കിയുള്ളവരെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്.

   ബൗളിങ്ങിൽ സുനിൽ നരെയ്ൻ - വരുൺ ചക്രവർത്തി കൂട്ടുകെട്ടാണ് അവരുടെ പ്രധാന ആയുധം. റൺ ഒഴുക്ക് തടയുന്നതിനൊപ്പം നിർണായക വിക്കറ്റുകളും വീഴ്ത്തുന്ന ഇരുവർ സംഘം എതിർ ടീമുകൾക്ക് വലിയ വെല്ലുവിളിയാണ് നൽകുന്നത്. പേസ് നിരയിൽ ലോക്കി ഫെർഗൂസനും മികച്ച പ്രകടനമാണ് നടത്തുന്നത്. ഫെർഗൂസനൊപ്പം കഴിഞ്ഞ മത്സരത്തിൽ റസലിന് പകരക്കാരനായി എത്തിയ സൗത്തിയും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 7.50 ഇക്കോണമി വഴങ്ങിയെങ്കിലും ഒറ്റ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ മലയാളി പേസർ സന്ദീപ് വാര്യരെ മാറ്റാന്‍ കൊൽക്കത്ത മാനേജ്‌മെന്‍റ് തയ്യാറായേക്കില്ല.

   Also read- IPL 2021 |ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി; മടങ്ങുന്നത് ബയോബബിളിലെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ

   സാധ്യത ഇലവൻ -

   കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാതി, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി

   പഞ്ചാബ് കിങ്‌സ് - കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, മോയ്സസ് ഹെൻറിക്വസ്, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നതാൻ എല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.
   Published by:Naveen
   First published:
   )}