നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| മുന്നിൽ നിന്ന് നയിച്ച് രാഹുൽ, തകർത്തടിച്ച് ഷാരൂഖ്; കൊൽക്കത്തയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി പഞ്ചാബ്; പ്ലേഓഫ് പ്രതീക്ഷ സജീവം

  IPL 2021| മുന്നിൽ നിന്ന് നയിച്ച് രാഹുൽ, തകർത്തടിച്ച് ഷാരൂഖ്; കൊൽക്കത്തയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി പഞ്ചാബ്; പ്ലേഓഫ് പ്രതീക്ഷ സജീവം

  ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നിൽ നിന്ന് നയിച്ച കെ എൽ രാഹുലും (55 പന്തില്‍ 67), അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഷാരൂഖ് ഖാന്റെയും (ഒമ്പത് പന്തില്‍ 22) പ്രകടനങ്ങളാണ് കൊൽക്കത്തയ്ക്ക് മേൽ പഞ്ചാബിന്റെ വിജയമൊരുക്കിയത്

  K L Rahul (Image: IPL, Twitter)

  K L Rahul (Image: IPL, Twitter)

  • Share this:
   ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി പഞ്ചാബ് കിങ്‌സ്. കൊൽക്കത്ത ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിർത്തി പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നിൽ നിന്ന് നയിച്ച കെ എൽ രാഹുലും (55 പന്തില്‍ 67), അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ഷാരൂഖ് ഖാന്റെയും (ഒമ്പത് പന്തില്‍ 22) പ്രകടനങ്ങളാണ് കൊൽക്കത്തയ്ക്ക് മേൽ പഞ്ചാബിന്റെ വിജയമൊരുക്കിയത്. ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങൾക്ക് പുറമെ കൊൽക്കത്ത ഫീൽഡർമാരുടെ ചോരുന്ന കൈകളും പഞ്ചാബ് ജയത്തിൽ നിർണായകമായി. സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 165, പഞ്ചാബ് കിങ്‌സ് 19.3 ഓവറിൽ അഞ്ച് വിക്കറ്റിന് 168.

   മത്സരത്തിൽ ജയം നേടിയ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തുകയും ഒപ്പം തന്നെ ടൂർണമെന്റിലെ പ്ലേഓഫ് യോഗ്യതാ പോരാട്ടം കൂടുതൽ കടുപ്പിക്കുകയും ചെയ്തു. മത്സരം ജയിച്ചതോടെ 10 പോയിന്റുമായി പഞ്ചാബ് സ്ഥാനത്തേക്ക് കയറി. മത്സരം തോറ്റെങ്കിലും 10 പോയിന്റുമായി കൊൽക്കത്ത നാലാം സ്ഥാനത്ത് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും 10 പോയിന്റാണുള്ളത്. റൺ റേറ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ സ്ഥാനങ്ങൾ ഇപ്പോൾ നിൽക്കുന്നത്.

   166 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ മായങ്ക് അഗർവാൾ നൽകിയ ഒരു അനായാസ ക്യാച്ച് ക്യാപ്റ്റൻ മോർഗൻ നിലത്തിട്ടു. കിട്ടിയ അവസരം മുതലാക്കി തകർത്തടിച്ച മായങ്ക് കെ എൽ രാഹുലിനൊപ്പം ആദ്യ വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബ് ഇന്നിങ്സിന്റെ അടിത്തറയിട്ടു. 27 പന്തില്‍ 40 റൺസ് നേടിയ മായങ്കിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

   മായങ്കിന് പകരം ക്രീസിൽ എത്തിയ നിക്കോളാസ് പുരാൻ നൽകിയ അവസരം രാഹുൽ ത്രിപാഠി കൈവിട്ടു. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ല. ചക്രവര്‍ത്തിയുടെ പന്തില്‍ ശിവം മാവിക്ക് ക്യാച്ച് നല്‍കി പുരാന്‍ വൈകാതെ മടങ്ങി. 12 റൺസ് മാത്രം നേടിയ താരത്തിന് ഈ മത്സരത്തിലും ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല. പിന്നീട് ഒത്തുചേർന്ന രാഹുലും മാർക്രവും മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ തന്റെ അർധസെഞ്ചുറി രാഹുൽ പൂർത്തിയാക്കി. 44 പന്തിലാണ് പഞ്ചാബ് ക്യാപ്റ്റൻ തന്റെ അർധസെഞ്ചുറി നേടിയത്. ഒരുവശത്ത് രാഹുൽ ഉറച്ച് നിന്ന് പോരാടിയപ്പോൾ മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. പ്രതീക്ഷ കാത്തു. എയ്ഡന്‍ മാര്‍ക്രത്തെ(18) സുനില്‍ നരെയ്നും ദീപക് ഹൂഡയെ(3) ശിവം മാവിയും വീഴ്ത്തിയപ്പോൾ പഞ്ചാബ് വീണ്ടും പ്രതിരോധത്തിലായി. എന്നാൽ പിന്നീട് ക്രീസിൽ എത്തിയ ഷാരൂഖ് ഖാൻ മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പഞ്ചാബിന്റെ ജയ പ്രതീക്ഷകൾക്ക് ജീവൻ വെക്കുകയായിരുന്നു.

   ഇതിനിടയിൽ ഷാരൂഖിന്റെ ക്യാച്ച് ബൗണ്ടറി ലൈനിൽ വെങ്കടേഷ് അയ്യർക്ക് കൈപ്പിടിയിൽ ഒതുക്കാനാവാതെ പോയതും രാഹുൽ നൽകിയ ക്യാച്ച് ത്രിപാഠി പറന്നെടുത്തെങ്കിലും, പന്ത് നിലത്ത് തട്ടിയെന്ന് റീപ്ലേയില്‍ അമ്പയര്‍ വിധിച്ചതുമെല്ലാം മത്സരത്തിൽ പഞ്ചാബിന്റെ ഭാഗ്യമുഹൂർത്തങ്ങളായി.

   രാഹുല്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായതോടെ പഞ്ചാബ് സമ്മർദ്ദത്തിലായെങ്കിലും ആത്മവിശ്വാസത്തോടെ നിന്ന ഷാരൂഖ് സിക്സ് അടിച്ച് തന്റെ ടീമിനെ വിജയതീരം കടത്തി. ഷാരൂഖിന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ രാഹുൽ ത്രിപാഠിയുടെ കൈകളിൽ നിന്നും വഴുതി ബൗണ്ടറിക്ക് അപ്പുറം ചെന്ന് വീണതോടെ പഞ്ചാബ് താരങ്ങൾ വിജയാഘോഷത്തിലേക്ക് കടക്കുകയായിരുന്നു.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത രാഹുൽ ത്രിപാഠിയുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊൽക്കത്ത 165 റൺസ് നേടിയത്. ഒരുഘട്ടത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ അവസാന ഓവറുകളിലെ പ്രകടനത്തിലൂടെയാണ് പഞ്ചാബ് ബൗളർമാർ പിടിച്ചുകെട്ടിയത്. പഞ്ചാബിനായി അര്‍ഷദീപ് സിങ് മൂന്നും രവി ബിഷ്‌ണോയ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
   Published by:Naveen
   First published:
   )}