• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021 | ഹാർദിക്കിന് മുന്നിലുള്ളത് വലിയ കടമ്പ; തിളങ്ങിയാൽ മുംബൈ കസറും - ആശിഷ് നെഹ്റ

IPL 2021 | ഹാർദിക്കിന് മുന്നിലുള്ളത് വലിയ കടമ്പ; തിളങ്ങിയാൽ മുംബൈ കസറും - ആശിഷ് നെഹ്റ

ആദ്യ പാദത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഹാർദിക് രണ്ടാം പാദത്തിലും തിളങ്ങിയില്ലെങ്കിൽ അത് മുംബൈയുടെ കിരീട സാധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ അഭിപ്രായപ്പെടുന്നത്.

Hardik pandya (Image: Twitter)

Hardik pandya (Image: Twitter)

 • Last Updated :
 • Share this:
  ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിന് തുടക്കം കുറിച്ച് കൊണ്ട് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും. നാല് മാസത്തിന് ശേഷം തിരിച്ചെത്തുന്ന ഐപിഎല്ലിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

  ടി20 ലോകകപ്പിന് മുൻപുള്ള സന്നാഹമായി കൂടിയാണ് ഈ ഐപിഎല്ലിനെ കാണുന്നത് എന്നതിനാൽ ലോകകപ്പിൽ മത്സരിക്കുന്ന വിവിധ ടീമുകളുടെ താരങ്ങൾ അതുകൊണ്ട് തന്നെ ഈ ടൂർണമെന്റിനായി തയാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്ന മുംബൈയുടേയും ചെന്നൈയുടെയും ടീമുകളിലും ലോകകപ്പിൽ കളിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മുംബൈ ഇന്ത്യൻസ് നിരയിലെ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ്. ആദ്യ പാദത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഹാർദിക് രണ്ടാം പാദത്തിലും തിളങ്ങിയില്ലെങ്കിൽ അത് മുംബൈയുടെ കിരീട സാധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ അഭിപ്രായപ്പെടുന്നത്.

  ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഹാർദിക് പാണ്ഡ്യക്ക് കഴിയുമെന്ന് ആശിഷ് നെഹ്‌റ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ മികവ് തുടരാൻ ഹാർദിക്കിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം ഈ മികവ് തിരിച്ചുപിടിച്ചാൽ മുംബൈക്ക് അവരുടെ കിരീടയാത്രയിൽ അത് നിർണായകമാവുമെന്നും നെഹ്റ നിരീക്ഷിച്ചു.

  ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ പാദത്തിൽ ഏഴു മത്സരങ്ങളിൽ നിന്നും വെറും 52 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഉയർന്ന സ്കോർ 16 റൺസും ബാറ്റിംഗ് ശരാശരി ആകെ എട്ടും. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ ആദ്യപാദത്തില്‍ താരം പന്തെറിഞ്ഞതുമില്ല. 2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 179 സ്‌ട്രൈക്ക് റേറ്റോടെ താരം 281 റണ്‍സ് നേടിയിരുന്നു. മുംബൈക്ക് അവരുടെ അഞ്ചാം കിരീടം നേടുന്നതിൽ നിർണായകമായത് ഹാർദിക്കിന്റെ ഈ പ്രകടനം കൂടിയയായിരുന്നു.

  രണ്ടാം പാദത്തിൽ അതുകൊണ്ട് തന്നെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നുണ്ടാകുമെന്നും നെഹ്റ വ്യക്തമാക്കി. എല്ലാ മത്സരത്തിലും നാല് ഓവർ മുഴുവനും ഹാർദിക് എറിയേണ്ടതില്ലെന്നും പൊള്ളാര്‍ഡിനൊപ്പം ചേർന്ന് ചില ഓവറുകളിൽ പന്തെറിയാൻ താരം തയാറായാൽ അത് മുംബൈക്ക് മികച്ച നേട്ടമായിരിക്കുമെന്നും നെഹ്റ പറഞ്ഞു.

  നടുവേദനയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഹാർദിക് പാണ്ഡ്യ അങ്ങനെ ബൗളിങ്ങിന് ഇറങ്ങിയിട്ടില്ല. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി പന്തെറിഞ്ഞത്. പരമ്പരയിൽ മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു.

  ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയൂ. ബാറ്റിങിനൊപ്പം ഓള്‍റൗണ്ടറെന്ന നിലയില്‍ ബൗളിങിലും ഹാര്‍ദിക്കിന്റെ സേവനം ലോകകപ്പില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. ഐപിഎല്ലിനു പിന്നാലെ യുഎഇയില്‍ തന്നെയാണ് ലോകകപ്പും നടക്കുന്നത്. ഒക്ടോബര്‍ 24ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
  Published by:Naveen
  First published: