ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ ടീം പോയിന്റ് ടേബിളില്‍ ഒന്നാമത്തെത്തിയിരുന്നു. എന്നാല്‍ മത്സരത്തിലെ ചെന്നൈ താരം സുരേഷ് റെയ്നയുടെ ബാറ്റിംഗിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്.
മുംബൈക്കെതിരായ മത്സരത്തില്‍ ആറ് പന്തില്‍ നിന്ന് നാലു റണ്‍സെടുത്താണ് റെയ്ന പുറത്തായത്. റെയ്ന പന്തുകള്‍ നേരിടുന്നതു കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സ്കൂള്‍ കുട്ടികളെപോലെയാണ് റെയ്ന ബാറ്റ് ചെയ്തതെന്നും ഡെയ്ല്‍ സ്റ്റെയന് പറഞ്ഞു.
'ബോള്‍ട്ട് മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാല്‍ ലെഗ് സൈഡില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് ബോള്‍ട്ട് എറിഞ്ഞ ബൗണ്‍സറില്‍ കൃത്യമായും അയാള്‍ ബാറ്റുവെച്ച് പുറത്തായി. ആ പന്തില്‍ അതിലപ്പുറം അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ സമയം റെയ്നയൊരു സ്കൂള്‍ ക്രിക്കറ്ററെയാണ് ഓര്‍മിപ്പിച്ചത്.'- സ്റ്റെയ്ന് പറഞ്ഞു.
'റെയ്നയുടെ പുറത്താകല്‍ കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. കാരണം പരിചയസമ്പന്നനായ ഒരു രാജ്യാന്തര താരം കളിക്കുന്നനതുപോലെയല്ല അദ്ദേഹം ബോള്‍ട്ടിന്റെ ബൗണ്‍സര്‍ കളിച്ചത്. അയാള്‍ക്ക് ആ പന്ത് സിക്സര്‍ അടിക്കാമായിരുന്നു. ഞാനത് പറയാന്‍ പാടില്ല, എങ്കിലും അങ്ങനെയാണ് നമ്മള് കാണാറുള്ളത്'- സ്റ്റെയ്ന് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ അമ്പാട്ടി റായുഡു പരിക്കേറ്റ് മടങ്ങിയപ്പോഴാണ് റെയ്ന ക്രീസിലെത്തിയത്. റെയ്നയെ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് വരവേറ്റ ബോള്‍ട്ട് ശരിക്കും വെള്ളംകുടിപ്പിച്ചു. നേരിട്ട നാലാം പന്തില്‍ എഡ്ജ് ചെയ്ത് ബൗണ്ടറി നേടിയെങ്കിലും ആറാം പന്തില്‍ റെയ്ന പുറത്തായി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന് അമ്പാട്ടി റായുഡുവിനേറ്റ പരിക്ക് സാരമുള്ളതല്ല, റായുഡുവിന്റെ പരിക്കിനെ സംബന്ധിച്ചുള്ള വിവരം ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകനായ സ്റ്റീവന്‍ ഫ്ലെമിങും ക്യാപ്റ്റന്‍ എം എസ് ധോണിയുമാണ് വെളിപ്പെടുത്തിയത്.
മുംബൈക്കെതിരെ ബാറ്റിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് റായുഡു ബാറ്റിംഗ് ഉപേക്ഷിച്ച് കളത്തില്‍ നിന്നും തിരികെ കയറിയിരുന്നു. മുംബൈ പേസര്‍ ആദം മില്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് ബാറ്റ് ചെയ്യാന്‍ സാധിക്കാത്തത് മൂലം റായുഡു ടീം ഫിസിയോയുടെ കൂടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. വെറും മൂന്ന് പന്തുകള്‍ മാത്രമേ താരം അപ്പോള്‍ നേരിട്ടിട്ടുണ്ടായിരുന്നുള്ളൂ. ചെന്നൈ നിരയിലെ നിര്‍ണായക ബാറ്റ്സ്മാനായ താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കയിലായിരുന്ന ആരാധകര്‍ക്ക് ഫ്ലെമിങ്ങിന്റെയും ധോണിയുടെയും പ്രതികരണം ആശ്വാസം പകരുന്നതായി.
റായുഡുവിന്റെ പരിക്കിനെ കുറിച്ച് ആശങ്കപ്പെടാനില്ല എന്നാണ് ഇരുവരും വ്യക്തമാക്കിയത്. 'സാഹചര്യത്തിന് അനുസരിച്ച് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. റായുഡുവിന്റെ മുഖഭാവത്തില്‍ നിന്നും കൈക്ക് പൊട്ടലേറ്റിട്ടില്ല എന്ന് വ്യക്തമാണ്. അടുത്ത മത്സരത്തിന് മുന്‍പായി നാല് ദിവസം വിശ്രമത്തിന് ലഭിക്കുമെന്നത് ഗൂണകരമാകും' മത്സര ശേഷം ധോണി വ്യക്തമാക്കി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.