ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്നു. ഇന്ന് വൈകീട്ട് 3.30ന് ഷാർജയിൽ നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈക്ക് നേരിടേണ്ടത്. രണ്ടാം പാദത്തിൽ തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ് ടൂർണമെന്റിൽ പിന്നാക്കം പോയ മുംബൈ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ ജയം നേടി വിജയവഴിയിൽ തിരിച്ചെത്തി പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയിരുന്നു. ടൂർണമെന്റിൽ പ്ലേഓഫ് ബെർത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്നതിനാൽ ഡൽഹിക്കെതിരായ ഇന്നത്തെ മത്സരത്തിലും ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും മുംബൈക്ക് ജയം അനിവാര്യമാണ്.
അതേസമയം, ഋഷഭ് പന്തിന്റെ കീഴിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ പഞ്ചാബ് അഞ്ച് വിക്കറ്റിന് വീഴ്ത്തിയതോടെയാണ് ഡൽഹി പ്ലേഓഫിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ മൂന്നാം സീസണിലും പ്ലേഓഫ് കളിക്കാനാണ് ഡൽഹി ഒരുങ്ങുന്നത്.നിലവിൽ 11 മത്സരങ്ങളിൽ നിന്നും 16 പോയിന്റോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി. പ്ലേഓഫ് ഉറപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാകും ഡൽഹി ഇന്നിറങ്ങുന്നത്.
നിലവിലെ ചാമ്പ്യന്മാർക്ക് പ്ലേഓഫ് യോഗ്യത എന്നത് നിലവിൽ ഒരു കടമ്പ തന്നെയാണ്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 10 പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേർസിനും അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിനും ഇതേ പോയിന്റാണുള്ളതെങ്കിലും മുംബൈക്ക് റൺ റേറ്റ് കുറവാണ് എന്നതാണ് തിരിച്ചടിയാകുന്നത്. ഇന്നത്തെ മത്സരത്തിൽ ഡൽഹിക്കെതിരെ വമ്പൻ ജയം നേടി ജയിക്കുകയാണെങ്കിൽ മുംബൈക്ക് ഇവരെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാം. ഒപ്പം പ്ലേഓഫ് പോരാട്ടത്തിൽ സജീവമായി നിലനിൽക്കുകയും ചെയ്യാം.
ഓപ്പണിങ്ങിൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും രോഹിത് ശർമയും ക്വിന്റൺ ഡീ കോക്കും മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. സ്ഥിരതയില്ലാത്ത മധ്യനിരയാണ് മുംബൈയുടെ പ്രധാന പ്രശ്നം. സൂര്യകുമാർ യാദവിന് ഫോം കണ്ടെത്താൻ കഴിയുന്നില്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയും കിറോൺ പൊള്ളാർഡും ഫോമിലേക്ക് എത്തിയത് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആശ്വാസം നൽകും. ബൗളിങ്ങിൽ ബുംറയും ബോൾട്ടും മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ രാഹുൽ ചാഹർ തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലേത് പോലെ ടീമിന്റെ കൂട്ടായ പ്രകടനം മാത്രമേ മുംബൈക്ക് ഡൽഹി പോലുള്ള ഒരു ടീമിനെതിരെ ജയം നേടിയെടുക്കാൻ സഹായിക്കുകയുള്ളൂ.
അതേസമയം, ഈ സീസണിൽ ഓൾറൗണ്ട് പ്രകടനം നടത്തിയാണ് ഡൽഹി മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ അവസാനം വരെ പോരാടിയതിന് ശേഷമാണ് കൊൽക്കത്തയോട് അടിയറവ് പറഞ്ഞത്. പരിക്കേറ്റ് കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തിരുന്ന പൃഥി ഷാ ഡല്‍ഹി നിരയില്‍ തിരിച്ചെത്തിയേക്കും. ഈ മത്സരത്തിലും താരത്തിന് വിശ്രമം അനുവദിക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്ത് തന്നെയാകും കളിക്കുക.
ഐപിഎല്ലിൽ ഇതുവരെയുള്ള നേർക്കുനേർ മത്സരങ്ങളിൽ മുൻതൂക്കം മുംബൈക്കാണ്. ഇതുവരെ 29 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ 16 തവണ മുംബൈയും 13 തവണ ഡൽഹിയും ജയം നേടി. ഇരുവരും അവസാനം നേർക്കുനേർ വന്ന മത്സരത്തിൽ ജയം ഡൽഹിക്കൊപ്പമായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാട മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi capitals, IPL 2021, Mumbai indians, Rishabh Pant, Rohit sharma