രണ്ടാം പാദത്തിലെ ആദ്യ ജയം തേടിയാണ് രോഹിത് ശർമയ്ക്ക് കീഴിൽ മുംബൈ ഇറങ്ങുന്നതെങ്കിൽ തുടർച്ചയായ രണ്ടാം ജയമാകും മോർഗന്റെ കൊൽക്കത്ത ലക്ഷ്യം വെക്കുന്നത്.
MI vs KKR
Last Updated :
Share this:
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പുറത്തിരുന്ന രോഹിത് ശർമ മുംബൈ നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം മുംബൈയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിലിടം നേടിയിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെയാണ് മോർഗന് കീഴിൽ കൊൽക്കത്ത ഇറങ്ങുന്നത്. അതേസമയം രോഹിത് ശർമ തിരിച്ചെത്തുന്നതിനാൽ മുംബൈക്കായി കഴിഞ്ഞ മത്സരത്തിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച അൻമോൽപ്രീത് സിങ് ഈ മത്സരത്തിൽ പുറത്തിരിക്കും.
രണ്ടാം പാദത്തിലെ ആദ്യ ജയം തേടിയാണ് രോഹിത് ശർമയ്ക്ക് കീഴിൽ മുംബൈ ഇറങ്ങുന്നതെങ്കിൽ തുടർച്ചയായ രണ്ടാം ജയമാകും മോർഗന്റെ കൊൽക്കത്ത ലക്ഷ്യം വെക്കുന്നത്. ചെന്നൈയുമായുള്ള മത്സരത്തിൽ നിറം മങ്ങിയ മുംബൈ ബാറ്റിംഗ് നിര ഇന്ന് കൊൽക്കത്തയ്ക്കെതിരെ മിന്നിയാൽ മാത്രമേ അവർക്ക് പ്രതീക്ഷയ്ക്ക് വക നൽകൂ. കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഉയർത്തുന്ന വെല്ലുവിളി എങ്ങനെയാകും മുംബൈ ബാറ്റ്സ്മാന്മാർ മറികടക്കുക എന്നും കണ്ടറിയണം.
ബുംറയും ബോൾട്ടും നയിക്കുന്ന ബൗളിംഗ് നിര ചെന്നൈക്കെതിരെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഡെത്ത് ഓവറുകളിൽ ആ മികവ് നിലനിർത്താൻ അവർക്കായിരുന്നില്ല. കൊൽക്കത്തയുടെ ടീമിൽ റസൽ, മോർഗൻ എന്നീ വമ്പനടിക്കാർ ഉള്ളതിനാൽ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കുക എന്നത് മുംബൈ ബൗളർമാർക്ക് വലിയ വെല്ലുവിളി തന്നെയാകും.
അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല.
ആർസിബി ബാറ്റിംഗ് നിരയെ തന്റെ മിസ്റ്ററി പന്തുകൾ കൊണ്ട് കുഴക്കിയ വരുൺ ചക്രവർത്തി തന്നെയാകും മോർഗന്റെ തുറുപ്പുചീട്ട്. ബാറ്റിങ്ങിൽ ഓപ്പണിങ്ങിൽ ശുഭ്മാൻ ഗില്ലും പുതുമുഖ താരം വെങ്കടേഷ് അയ്യരും ഫോമിലാണ് എന്നുള്ളതും മോർഗന് ആശ്വാസം നൽകുന്നു. ഇന്നത്തെ മത്സരത്തിലും ഇരുവരും തന്നെയാകും ഓപ്പണിങ്ങിൽ ഇറങ്ങുക.
എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാമതും ആറ് പോയിന്റുമായി കൊൽക്കത്ത ആറാമതുമാണ്.
മുംബൈയും കൊൽക്കത്തയും നേർക്കുനേർ എത്തിയ മത്സരങ്ങൾ നോക്കുമ്പോൾ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 28 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ അതിൽ 22 തവണയും മുംബൈയുടെ കൂടെയായിരുന്നു ജയം നിന്നത്. കേവലം ആറ് ജയങ്ങൾ മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലും ജയം മുംബൈയുടെ കൂടെയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.