നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| തകർത്തടിച്ച് അയ്യരും ത്രിപാഠിയും; മുംബൈ വെല്ലുവിളി അനായാസം മറികടന്ന് കൊൽക്കത്ത

    IPL 2021| തകർത്തടിച്ച് അയ്യരും ത്രിപാഠിയും; മുംബൈ വെല്ലുവിളി അനായാസം മറികടന്ന് കൊൽക്കത്ത

    രാഹുൽ ത്രിപാഠി (42 പന്തിൽ 74), വെങ്കടേഷ് അയ്യർ (30 പന്തിൽ 53) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറികളാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്.

    News 18

    News 18

    • Share this:
      ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് കൊൽക്കത്ത അവരുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്. രാഹുൽ ത്രിപാഠി (42 പന്തിൽ 74), വെങ്കടേഷ് അയ്യർ (30 പന്തിൽ 53) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറികളാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു.

      തുടർച്ചയായ രണ്ടാം ജയം നേടിയ കൊൽക്കത്ത എട്ട് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം, രണ്ട് മത്സരങ്ങൾ തുടർച്ചയായി തോറ്റ മുംബൈ നാലാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് ഇറങ്ങി.

      156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്ത തുടക്കം മുതൽ ടോപ് ഗിയറിലാണ് കുതിച്ചത്. ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലും മിൽനെ എറിഞ്ഞ രണ്ടാം ഓവറിലും 15 റൺസ് വീതം നേടി കൊൽക്കത്ത ബാറ്റർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും തുടക്കത്തിൽ തന്നെ അവരുടെ നയം വ്യക്തമാക്കി. മൂന്നാം ഓവർ എറിയാൻ വന്ന ബുംറയുടെ ഓവറിലും 10 റൺസ് നേടിയ സഖ്യം കൊൽക്കത്തയുടെ സ്കോർ മൂന്ന് ഓവറിൽ 40 റൺസിലേക്ക് എത്തിച്ചു. എന്നാൽ മൂന്നാം ഓവറിലെ അവസാന പന്തിൽ ഗില്ലിനെ ബൗൾഡാക്കി ജസ്പ്രീത് ബുംറ മുംബൈക്ക് ആശ്വാസം നൽകി. ഒമ്പത് പന്തിൽ 13 റൺസാണ് ഗിൽ നേടിയത്.

      വിക്കറ്റ് വീണതോടെ തിരിച്ചുവരാം എന്ന പ്രതീക്ഷ മുംബൈക്ക് ഉണ്ടായെങ്കിലും ഗില്ലിന് പകരം ക്രീസിലെത്തിയ രാഹുൽ ത്രിപാഠിക്കൊപ്പം വെങ്കടേഷ് അയ്യർ അടി തുടർന്നതോടെ മുംബൈയുടെ പ്രതീക്ഷ നശിക്കുകയായിരുന്നു. മുംബൈ ബൗളർമാരെ നിഷ്കരുണം ആക്രമിച്ച ഇവർ പത്താം ഓവറിൽ തന്നെ കൊൽക്കത്തയുടെ സ്കോർ 100 കടത്തിയതോടെ മുബൈയുടെ ബാക്കി പ്രതീക്ഷകൾ കൂടി അസ്തമിച്ചു. 25 പന്തില്‍ തന്റെ ആദ്യ ഐപിഎൽ അര്‍ധസെഞ്ചുറി തികച്ച അയ്യര്‍ പിന്നാലെ തന്നെ ബുംറക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും അടിതുടര്‍ന്ന ത്രിപാഠി കൊല്‍ക്കത്തയെ അതിവേഗം ലക്ഷ്യത്തിലേക്ക് നയിച്ചു.

      അയ്യർക്ക് പകരം വന്ന ക്യാപ്റ്റൻ മോർഗൻ (7) പെട്ടെന്ന് മടങ്ങിയെങ്കിലും നിതീഷ് റാണയെ കൂട്ടുപിടിച്ച് (5) ത്രിപാഠി കൊൽക്കത്തയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. 29 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ത്രിപാഠി 42 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് 74 റൺസ് നേടി ടോപ് സ്കോററായി.

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമയും(33), ഡീ കോക്കും (55) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്.ഓപ്പണിങ് വിക്കറ്റിൽ ഇവർ നൽകിയ മികച്ച തുടക്കം പിന്നീട് വന്ന മുംബൈ ബാറ്റർമാരായ സൂര്യകുമാർ യാദവിനും, ഇഷാൻ കിഷനും പൊള്ളാർഡിനുമെല്ലാം മുതലെടുക്കാൻ ആവാതെ പോയതാണ് മുംബൈക്ക് തിരിച്ചടിയായത്.

      തുടക്കത്തിൽ റൺസ് വഴങ്ങിയതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് കൊൽക്കത്ത ബൗളർമാർ മുംബൈയുടെ സ്കോറിങ്ങിന് തടയിട്ടത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാർഡാണ് മുംബൈയെ 150 കടത്താൻ സഹായിച്ചത്. കൊൽക്കത്തക്കായി ലോക്കി ഫെർഗൂസൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
      Published by:Naveen
      First published:
      )}