• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ഓപ്പണിങ് ഹിറ്റ്, മധ്യനിര ഫ്ലോപ്പ്; മികച്ച തുടക്കം കളഞ്ഞുകുളിച്ച് മുംബൈ; കൊൽക്കത്തയ്ക്ക് 156 റൺസ് വിജയലക്ഷ്യം

IPL 2021| ഓപ്പണിങ് ഹിറ്റ്, മധ്യനിര ഫ്ലോപ്പ്; മികച്ച തുടക്കം കളഞ്ഞുകുളിച്ച് മുംബൈ; കൊൽക്കത്തയ്ക്ക് 156 റൺസ് വിജയലക്ഷ്യം

മുംബൈ നിരയിൽ ക്വിന്റൺ ഡീ കോക്ക് (55), രോഹിത് ശർമ (33) എന്നിവരൊഴികെ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല.

Image : IPL, Twitter

Image : IPL, Twitter

  • Share this:
മുംബൈ ഇന്ത്യന്‍സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മുംബൈ നിരയിൽ ക്വിന്റൺ ഡീ കോക്ക് (55), രോഹിത് ശർമ (33) എന്നിവരൊഴികെ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ഇരുവരും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ മുംബൈയുടെ മധ്യനിര ബാറ്റർമാർക്ക് കഴിഞ്ഞില്ല.

തുടക്കത്തിൽ റൺസ് വഴങ്ങിയതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് കൊൽക്കത്ത ബൗളർമാർ മുംബൈയുടെ സ്കോറിങ്ങിന് തടയിട്ടത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാർഡാണ് മുംബൈയെ 150 കടത്താൻ സഹായിച്ചത്. ലോക്കി ഫെർഗൂസൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമയും ഡീ കോക്കും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഓയിൻ മോർഗൻ നിതീഷ് റാണയെ ആദ്യം പന്തെറിയാൻ ഏൽപ്പിച്ചത് ഏവരെയും അമ്പരപ്പിച്ചു. ആദ്യ ഓവറിൽ അഞ്ച് റൺസാണ് മുംബൈ നേടിയത്.

തുടക്കത്തിൽ ശ്രദ്ധയോടെ മുന്നേറിയ രോഹിതും ഡീ കോക്കും മോശം പന്തുകളെ അതിർത്തി കടത്തി പതുക്കെ സ്കോർ ഉയർത്തി. മത്സരത്തിൽ 18 റൺസ് തികച്ചതോടെ രോഹിത് ശർമ ഐപിഎല്ലിൽ കൊൽക്കത്തയ്‌ക്കെതിരെ 1000 റൺസ് പൂർത്തിയാക്കി. ഐപിഎല്ലിൽ ഏതെങ്കിലുമൊരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് രോഹിത് ഇതിലൂടെ സ്വന്തമാക്കി. ക്രീസിൽ നിലയുറപ്പിച്ചതോടെ രോഹിതും ഡീ കോക്കും കളിയുടെ ഗിയർ മാറ്റി.

പിന്നീട് തകർത്തടിച്ച ഇരുവരും 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി ടീമിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. ഡി കോക്കാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. എന്നാൽ പത്താം ഓവറിൽ രോഹിതിനെ മടക്കി സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 30 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിത് നരെയ്‌ന്റെ പന്തിൽ സിക്‌സ് നേടാനുള്ള ശ്രമത്തിനിടെ ലോങ്ങ് ഓണിൽ ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 78 റൺസാണ് രോഹിതും ഡീ കോക്കും പടുത്തുയർത്തിയത്.

രോഹിത് പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിന് പക്ഷെ അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. സൂര്യകുമാറിനെ പ്രസിദ്ധ് കൃഷ്ണ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ താരം വെറും അഞ്ച് റൺസാണ് നേടിയത്. രോഹിത് പുറത്തായതിന് ശേഷം താഴേക്ക് പതിച്ച മുംബൈയുടെ റൺ റേറ്റ് സൂര്യകുമാർ കൂടി മടങ്ങിയതോടെ വീണ്ടും താഴ്ന്നു. ഇതിനിടെ ഡീ കോക്ക് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഡീ കോക്കിനെ നരെയ്ൻ പിടിച്ച് പുറത്താക്കി. 42 പന്തിൽ 55 റൺസാണ് ഡീ കോക്ക് നേടിയത്.

ഡീ കോക്ക് പുറത്തായതോടെ മുംബൈ പാടെ പ്രതിരോധത്തിലായി. റസലിനെ സിക്സടിച്ച് പ്രതീക്ഷ നല്‍കിയതിന് പിന്നാലെ ഇഷാന്‍ കിഷനും(13 പന്തില്‍ 14) മടങ്ങിയതോടെ മുംബൈയില്‍ നിന്ന് വമ്പന്‍ സ്കോര്‍ അകന്നു. കീറോണ്‍ പൊള്ളാര്‍ഡ്(15 പന്തില്‍ 21) തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി, ലോക്കി ഫെര്‍ഗൂസന്‍റെ അവസാന ഓവറില്‍ പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും(9 പന്തില്‍ 12) വീണതോടെ മുംബൈ ടോട്ടല്‍ റണ്‍സിലൊതുങ്ങി.

കൊല്‍ക്കത്തക്കായി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റെടുത്തു.
Published by:Naveen
First published: