ഐപിഎല്ലിൽ അബുദാബിയിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നേർക്കുനേർ എത്തുമ്പോൾ അതിൽ ശ്രദ്ധകേന്ദ്രമാകുന്നത് മുംബൈയുടെ ബാറ്റിംഗ് നിരയിലെ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡീ കോക്കാണ്.
ഐപിഎല്ലിൽ വിക്കറ്റ് കീപ്പർമാരുടെ എലൈറ്റ് ക്ലബ്ബിൽ ഇടം നേടുന്നതിന് അരികിലാണ് താരം നിൽക്കുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഐപിഎല്ലില്‍ 2000 റണ്‍സ് തികച്ച താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്ക് തന്റെ പേര് കൂടി ചേർക്കാനാകും ഇന്നത്തെ മത്സരത്തിലൂടെ ഡീ കോക്ക് ലക്ഷ്യമിടുന്നത്. നിലവിൽ ഐപിഎല്ലിൽ 1982 റൺസ് നേടിയ താരം ഈ നേട്ടത്തിന് 18 റൺസ് മാത്രം അകലെയാണ് നിൽക്കുന്നത്. ഇന്ന് 18 റൺസ് നേടിയാൽ ആദം ഗില്‍ക്രിസ്റ്റിന് ശേഷം ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ മാത്രം വിദേശ വിക്കറ്റ് കീപ്പര്‍ എന്ന പദവിയും ഡികോക്കിന് സ്വന്തമാകും. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്), ഡെക്കാൻ ചാർജേഴ്സ് ടീമുകളിൽ കളിച്ച് 2069 റൺസാണ് ഗിൽക്രിസ്റ്റ് ഐപിഎല്ലിൽ നിന്നും നേടിയിട്ടുള്ളത്.
അതേസമയം, നേട്ടം സ്വന്തമാക്കിയാൽ ഈ നാഴികക്കല്ല് പിന്നിടുന്ന എട്ടാമത്തെ വിക്കറ്റ് കീപ്പറാകും ഡീ കോക്ക്. വിക്കറ്റ് കീപ്പർമാരുടെ ഈ എലൈറ്റ് ക്ലബ്ബിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 4554 റൺസാണ് ധോണിയുടെ പേരിലുള്ളത്. ദിനേശ് കാര്‍ത്തിക് (3657), റോബിന് ഉത്തപ്പ (3011), പാര്‍ഥീവ് പട്ടേല്‍ (2583), കെ എല്‍ രാഹുല്‍ (2215), ഋഷഭ് പന്ത് (2094), എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.
Also read- IPL 2021 Rohit Sharma | ഹിറ്റ്മാൻ ഷോ കാത്ത് ആരാധകർ; രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാഴികക്കല്ല് അത്ര എളുപ്പത്തിൽ പിന്നീടാൻ ഡീ കോക്കിന് കഴിഞ്ഞേക്കില്ല. പവര്‍പ്ലേ ഓവറുകളില്‍ കൊല്‍ക്കത്തയുടെ സ്പിന്‍ ആക്രമണം താരത്തിന് വലിയ വെല്ലുവിളിയാണ് നൽകിയിട്ടുള്ളത്. ഐപിഎല്ലിൽ ഇതുവരെ ആറ് മത്സരങ്ങളില്‍ മൂന്ന് തവണയാണ് പവര്‍പ്ലേയില്‍ കൊല്‍ക്കത്തന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം തന്റെ വിക്കറ്റ് നൽകി
മടങ്ങിയിട്ടുള്ളത്. ഇതിനുപുറമെ ഐപിഎല്ലില്‍ ഡീ കോക്കിന് ഏറ്റവും മോശം ബാറ്റിംഗ് റെക്കോര്‍ഡുള്ളതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ്. 10 മത്സരങ്ങളില്‍ 172 റണ്‍സ് മാത്രമാണ് ഡീ കോക്ക് കൊൽക്കത്തയ്ക്ക് എതിരെ നേടിയിട്ടുള്ളത്. ഈ മോശം റെക്കോർഡ് തിരുത്തിക്കുറിക്കാൻ കൂടിയാകും ഡീ കോക്ക് ലക്ഷ്യമിടുന്നത്.
ആദ്യ മത്സരത്തിൽ പുറത്തിരുന്ന രോഹിത് ശർമ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ തിരിച്ചെത്തും എന്നതിനാൽ മുംബൈ ക്യാപ്റ്റനൊപ്പം ടീമിന്റെ ഇന്നിംഗ്സ് ക്വിന്റണ്‍ ഡീ കോക്ക് ഓപ്പണ്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റാണ് മുംബൈ വരുന്നത്. അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒമ്പത് വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.