നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| രോഹിത് ശർമ ഇറങ്ങുന്നു; കൊൽക്കത്തയെ മറികടക്കാൻ ഉറച്ച് മുംബൈ

    IPL 2021| രോഹിത് ശർമ ഇറങ്ങുന്നു; കൊൽക്കത്തയെ മറികടക്കാൻ ഉറച്ച് മുംബൈ

    എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാമതും ആറ് പോയിന്റുമായി കൊൽക്കത്ത ആറാമതുമാണ്.

    MI vs KKR

    MI vs KKR

    • Share this:
      ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം നടക്കുക. രണ്ടാം പാദത്തിലെ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈ ഇന്ത്യൻസ് നിരയിലേക്ക് ഇന്ന് രോഹിത് ശർമ മടങ്ങിയെത്തും. അതേസമയം, തുടർച്ചയായ രണ്ടാം ജയമാകും മോർഗന്റെ കൊൽക്കത്ത ലക്ഷ്യം വെക്കുന്നത് എന്നതിനാൽ വാശിയേറിയ പോരാട്ടം തന്നെയാകും അബുദാബിയിൽ പിറക്കുക.

      രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയാണ് ഈ മത്സരത്തിനറങ്ങുന്നത്. ചെന്നൈയുമായുള്ള മത്സരത്തിൽ നിറം മങ്ങിയ മുംബൈ ബാറ്റിംഗ് നിര ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ മിന്നിയാൽ മാത്രമേ അവർക്ക് പ്രതീക്ഷയ്ക്ക് വക നൽകൂ. കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഉയർത്തുന്ന വെല്ലുവിളി എങ്ങനെയാകും മുംബൈ ബാറ്റ്‌സ്മാന്മാർ മറികടക്കുക എന്നും കണ്ടറിയണം.

      ആദ്യ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ഇന്നത്തെ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തുന്നു എന്നത് മുംബൈക്ക് ആശ്വാസം നൽകുന്നു. ഡീ കോക്കിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ രോഹിത് ഇറങ്ങും. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും മടങ്ങിയെത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഹാർദിക് കൂടി മടങ്ങി വരുമ്പോൾ മുംബൈ ടീമിന്റെ കരുത്ത് കൂടുമെന്നുറപ്പാണ്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും ടീമിനെ സഹായിക്കുന്ന താരം ടീമിന് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന താരം കൂടിയാണ്.

      ബുംറയും ബോൾട്ടും നയിക്കുന്ന ബൗളിംഗ് നിര ചെന്നൈക്കെതിരെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഡെത്ത് ഓവറുകളിൽ ആ മികവ് നിലനിർത്താൻ അവർക്കായിരുന്നില്ല. കൊൽക്കത്തയുടെ ടീമിൽ റസൽ, മോർഗൻ എന്നീ വമ്പനടിക്കാർ ഉള്ളതിനാൽ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കുക എന്നത് മുംബൈ ബൗളർമാർക്ക് വലിയ വെല്ലുവിളി തന്നെയാകും.

      അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്‍റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല.
      ആർസിബി ബാറ്റിംഗ് നിരയെ തന്റെ മിസ്റ്ററി പന്തുകൾ കൊണ്ട് കുഴക്കിയ വരുൺ ചക്രവർത്തി തന്നെയാകും മോർഗന്റെ തുറുപ്പുചീട്ട്. ബാറ്റിങ്ങിൽ ഓപ്പണിങ്ങിൽ ശുഭ്മാൻ ഗില്ലും പുതുമുഖ താരം വെങ്കടേഷ് അയ്യരും ഫോമിലാണ് എന്നുള്ളതും മോർഗന് ആശ്വാസം നൽകുന്നു. ഇന്നത്തെ മത്സരത്തിലും ഇരുവരും തന്നെയാകും ഓപ്പണിങ്ങിൽ ഇറങ്ങുക.

      എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാമതും ആറ് പോയിന്റുമായി കൊൽക്കത്ത ആറാമതുമാണ്.

      മുംബൈയും കൊൽക്കത്തയും നേർക്കുനേർ എത്തിയ മത്സരങ്ങൾ നോക്കുമ്പോൾ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 28 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ അതിൽ 22 തവണയും മുംബൈയുടെ കൂടെയായിരുന്നു ജയം നിന്നത്. കേവലം ആറ് ജയങ്ങൾ മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലും ജയം മുംബൈയുടെ കൂടെയായിരുന്നു.
      Published by:Naveen
      First published:
      )}