• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021| തോറ്റാൽ പുറത്ത്; മുംബൈക്കും പഞ്ചാബിനും ഇന്ന് ജീവന്മരണ പോരാട്ടം

IPL 2021| തോറ്റാൽ പുറത്ത്; മുംബൈക്കും പഞ്ചാബിനും ഇന്ന് ജീവന്മരണ പോരാട്ടം

ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇപ്പോൾ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. യുഎഇയിൽ എത്തിയ ശേഷം കളിച്ച മൂന്ന് കളികളിൽ ഒന്ന് പോലും അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ പൊരുതി നേടിയ ജയത്തിന്റെ ബലത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്.

 • Last Updated :
 • Share this:
  ഐപിഎല്ലിൽ നിർണായക മത്സരത്തിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങി രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും കെ എൽ രാഹുലിന്റെ പഞ്ചാബ് കിങ്‌സും. ഇന്ന് അബുദാബിയിൽ രാത്രി 7.30 നാണ് ടൂർണമെന്റിലെ ഭാവി നിശ്ചയിക്കുന്ന പോരാട്ടത്തിനായി ഇരു ടീമുകളും ഇറങ്ങുന്നത്.

  10 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളതെങ്കിലും മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ പഞ്ചാബ് അഞ്ചാമത് നിൽക്കുന്നു. അതേസമയം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഏഴാം സ്ഥാനത്താണ്. ഇരു ടീമുകൾക്കും പുറമെ രാജസ്ഥാൻ റോയൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും എട്ട് പോയിന്റാണുള്ളത് എന്നത് ടൂർണമെന്റിലെ പ്ലേഓഫ് യോഗ്യത സങ്കീർണമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ജയിക്കുക എന്നത് ഇരു ടീമുകൾക്കും അത്യാവശ്യമാണ്. കാരണം ഇനിയുള്ള മത്സരങ്ങളിൽ ഒരെണ്ണം തോറ്റാൽ പ്ലേഓഫ് പോരാട്ടത്തിൽ നിന്നും പുറത്താകും എന്നത് ഇരു ടീമുകൾക്കും അറിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അങ്ങേയറ്റം വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് അബുദാബിയിൽ പിറക്കുക.

  ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇപ്പോൾ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. യുഎഇയിൽ എത്തിയ ശേഷം കളിച്ച മൂന്ന് കളികളിൽ ഒന്ന് പോലും അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. മധ്യനിരയുടെ മോശം പ്രകടനമാണ് മുംബൈയെ വലയ്ക്കുന്നത്. രോഹിത് ശർമയും ക്വിന്റൺ ഡീ കോക്കും ചേർന്ന് മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മധ്യനിരയിലെ ബാറ്റർമാരായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കിറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നീ വമ്പൻ താരങ്ങൾക്കൊന്നും ഈ തുടക്കം മുതലാക്കാൻ കഴിയുന്നില്ല. ക്രുനാൽ പാണ്ഡ്യയും നിരാശപ്പെടുത്തുന്നു.

  മുംബൈക്ക് ഏക ആശ്വാസം ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും ചേർന്ന് നയിക്കുന്ന പേസ് അറ്റാക്ക് മികച്ച പ്രകടനം നടത്തുന്നു എന്നതിലാണ്. ഇവർക്കൊപ്പം ആദം മിൽനെയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. പക്ഷെ സ്പിൻ വിഭാഗത്തിൽ രാഹുൽ ചാഹറിന് ആദ്യ പാദത്തിലെ മികവ് തുടരാൻ കഴിയുന്നില്ല എന്നതും ആശങ്ക നൽകുന്നുണ്ട്.

  അതേസമയം സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ചെറിയ സ്‌കോറിൽ ഒതുങ്ങിയിട്ടും ബൗളിംഗ് നിരയുടെ കരുത്തിൽ തിരിച്ചടിച്ച് ജയം നേടിയാണ് പഞ്ചാബ് ഈ മത്സരത്തിനിറങ്ങുന്നത്. ബൗളിങ്ങില്‍ മുഹമ്മദ് ഷമിയും അർഷ്ദീപ് സിങ്ങും മികവ് കാട്ടുന്നു. സ്പിന്നര്‍ രവി ബിഷ്‌നോയിയും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ കെ എല്‍ രാഹുലിന്റെ മേൽ അമിതമായി പ്രതീക്ഷവെക്കുന്നത് പഞ്ചാബിന് തിരിച്ചടിയാകുന്നുണ്ട്, രാഹുൽ അതിവേഗം പുറത്താകുന്ന മത്സരത്തിൽ പഞ്ചാബിന്റെ ഇന്നിംഗ്‌സിനെ അത് സാരമായി ബാധിക്കുന്നുണ്ട്. ടീമിൽ ക്രിസ് ഗെയ്ല്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍ എന്നിങ്ങനെ വമ്പനടിക്കാരുടെ വലിയ നിര തന്നെയുണ്ടെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്മ ടീമിന് പ്രശ്നമാകുന്നുണ്ട്. ദീപക് ഹൂഡക്കും മധ്യനിരയില്‍ കാര്യമായിട്ടൊന്നും ചെയ്യാനാവുന്നില്ല. രാഹുലിന്റെ കൂട്ടാളിയായ മായങ്ക് അഗർവാൾ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇരുവരുടെയും പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമാകും.

  നേർക്കുനേർ കണക്കിൽ മുംബൈക്ക് നേരീയ മുൻതൂക്കമുണ്ട്. ഇതുവരെ 27 മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 എണ്ണത്തിൽ മുംബൈയും 13 എണ്ണത്തിൽ പഞ്ചാബും ജയിച്ചു. അവസാനം നടന്ന മത്സരത്തിൽ മുംബൈയെ ഒമ്പത് വിക്കറ്റിനാണ് പഞ്ചാബ് തോൽപ്പിച്ചത്.
  Published by:Naveen
  First published: