ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി. നടരാജന് കോവിഡ് സ്ഥിരീകരിച്ചതോടെ ട്രോളുമായി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിന്റെ പേരില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷച്ചതുപോലെ ഐപിഎല്ലും വേണ്ടെന്നു വെയ്ക്കുമോയെന്നാണ് വോണ്‍ ചോദിച്ചത്.
എന്നാല്‍ അങ്ങനെ റദ്ദാക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഞ്ചാം ടെസ്റ്റ് ഇന്ത്യ കോവിഡ് ചൂണ്ടിക്കാട്ടി റദ്ദാക്കിയതിലുള്ള പ്രതിഷേധമാണ് മൈക്കല്‍ വോണ്‍ രേഖപ്പെടുത്തിയത്.
Let’s see if the IPL gets cancelled like the last Test !!!!! I guarantee it won’t be … #OnOn https://t.co/HV7V70i69x
— Michael Vaughan (@MichaelVaughan) September 22, 2021
ഇന്നലെയാണ് സണ്‍റൈസേഴ്സ് ഹൈദാരാബാദ് പേസര്‍ നടരാജന് കോവിഡ് സ്ഥിരീകരിച്ചത്. താരവുമായി അടുത്തിടപഴകിയ ആറുപേര്‍ ഐസൊലേഷനിലുമാണ്. നടരാജന് കോവിഡ് പോസ്റ്റീവായതോടെ ടൂര്‍ണമെന്റ് നടക്കുന്നതിനെ പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിശ്ചിയിച്ചതുപോലെ മത്സരം നടക്കുമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ആദ്യ ഘട്ട ഐപിഎല്ലിലും കോവിഡാണ് വില്ലനായി എത്തിയത്. ബയോബബിളില്‍ കോവിഡ് പകര്‍ന്നതോടെ ഐപിഎല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങളും സ്റ്റാഫുമെല്ലാം നെഗറ്റീവ് ആയിരുന്നുവെങ്കിലും കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിക്കുകയായിരുന്നു. ഇത് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്ന് വിമര്‍ശിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ച നടരാജന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം മാനേജ്മെന്റ് അറിയിച്ചു. താരത്തെ ഇന്നലെ രാവിലെ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിന് ഇല്ലെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
താരങ്ങളും ഒഫീഷ്യലുകളും ഉള്‍പ്പടെ ആറു പേരാണ് നടരാജുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നത്. ഇവരില്‍ വിജയ് ശങ്കറും ഉള്‍പ്പെടുന്നു. ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന, ലോജിസ്റ്റിക് മാനേജര്‍ തുഷാര്‍, നെറ്റ് ബോളര്‍ പി ഗണേശന് എന്നിവരാണ് നടരാജനുമായി സമ്പര്‍ക്കത്തില്‍ വന്നത്. ഇവര്‍ ആറു പേരും ഐസൊലേഷനിലാണ്. നടരാജന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ മുഴുവന്‍ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ഇന്നലത്തെ മത്സരവുമായി മുന്നോട്ടുപോകാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
അതേസമയം, ഇന്നലത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യം മറികടന്നത്.
സ്കോര്‍: ഹൈദരാബാദ് 9-134, ഡല്‍ഹി 2-139 (17.5).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, IPL 2021, Michael Vaughan, T Natarajan