• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021 | 'അവന്‍ എന്റെ സഹോദരനാണ്, സ്ലോ ബോളിനെ ചൊല്ലിയാണ് എന്നും വഴക്ക്'; മനസ്സ് തുറന്ന് എംഎസ് ധോണി

IPL 2021 | 'അവന്‍ എന്റെ സഹോദരനാണ്, സ്ലോ ബോളിനെ ചൊല്ലിയാണ് എന്നും വഴക്ക്'; മനസ്സ് തുറന്ന് എംഎസ് ധോണി

'ബാറ്ററെ കളിപ്പിക്കാനായാണ് സ്ലോ ബോളുകളിലൂടെ ബ്രാവോ ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ സ്ലോ ഡെലിവറികളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്.'- ധോണി പറഞ്ഞു.

Credit: Twitter

Credit: Twitter

 • Share this:
  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

  ഇന്നലെ ബാംഗ്ലൂരിനെതിരെ ചെന്നൈയുടെ വിജയത്തില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ പ്രകടനം വളരെ നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൂറ്റനടിക്കാരന്‍ ഗ്ലെന്‍ മാക്സ്വെല്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ബ്രാവോ വീഴ്ത്തിയത്. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ബ്രാവോയ്ക്കായിരുന്നു.

  ഇപ്പോഴിതാ ഡ്വെയ്ന്‍ ബ്രാവോയെ പ്രശംസയില്‍ മൂടി രംഗത്തെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി. ബ്രാവോ എന്റെ സഹോദരനാണെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. ''ബ്രാവോ പൂര്‍ണകായികക്ഷമത വീണ്ടെടുത്തു. അവന്റെ ഫിറ്റ്നെസ് നന്നായി സൂക്ഷിക്കുന്നുണ്ട്. എന്റെ സഹോദരനാണ് ബ്രാവോ. സ്ലോവര്‍ എറിയുന്നതില്‍ അവന് പ്രത്യേക കഴിവുണ്ട്. അതോടൊപ്പം ആറ് പന്തുകള്‍ വ്യത്യസ്തമായി എറിയാനുള്ള കഴിവുമുണ്ട്. സ്ലോവര്‍ എറിയുന്നതിന് പകരം മറ്റുപന്തുകളും ഉപയോഗിക്കണം. അപ്പോള്‍ ബാറ്റ്സ്മാന് ആശയക്കുഴപ്പമാവും. അത്തരത്തില്‍ വിക്കറ്റ് വീഴ്ത്താനും സാധിക്കും.'- ധോണി പറഞ്ഞു.

  'എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിടയില്‍ വഴക്ക് ഉണ്ടാവാറുണ്ട് സ്ലോ ബോളുകള്‍ എറിയണമോ വേണ്ടയോ എന്നതില്‍. ബാറ്ററെ കളിപ്പിക്കാനായാണ് സ്ലോ ബോളുകളിലൂടെ ബ്രാവോ ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ സ്ലോ ഡെലിവറികളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്. ഇനി ബ്രാവോ സ്ലോ ഡെലിവറികള്‍ എറിഞ്ഞില്ലെങ്കില്‍ അതാണ് ബാറ്ററെ സര്‍പ്രൈസ് ചെയ്യിക്കുക. ബാറ്റ്സ്മാനെ കബളിപ്പിക്കാന്‍ അതും ഒരു വഴിയാണ്.'- ധോണി കൂട്ടിച്ചേര്‍ത്തു.

  കഴിഞ്ഞ മല്‍സരത്തിലെ ഹീറോ റുതുരാജ് ഗെയ്ക്വാദ് (38) ആണ് മത്സരത്തില്‍ ചെന്നൈയുടെ ടോപ് സ്‌കോററായത്. ഫാഫ് ഡു പ്ലെസ്സിസ്(31), അമ്പാട്ടി റായുഡു (32), മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നില്‍ക്കുകയായിരുന്നു. സുരേഷ് റെയ്ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.

  Read also: IND vs AUS |ഇത് നോബോള്‍ ആണോ? ഇന്ത്യയുടെ വിജയസ്വപ്നം തട്ടിത്തെറിപ്പിച്ച് തേര്‍ഡ് അമ്പയര്‍; വീഡിയോ

  ടോസ് ലഭിച്ച ചെന്നൈ ആര്‍ സി ബിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്ലിയും ബാംഗ്ലൂരിനായി മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തില്‍ ദേവ്ദത്ത് 70 റണ്‍സാണ് നേടിയത്. 41 പന്ത് നേരിട്ട ക്യാപ്റ്റന്‍ കോഹ്ലി 53 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്ക് ഫോം കണ്ടെത്താനായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.
  Published by:Sarath Mohanan
  First published: