ഐപിഎല്ലിൽ ഇന്ന് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ എത്തുന്നു. പ്ലേഓഫ് യോഗ്യത നേടിക്കഴിഞ്ഞ ഇരു ടീമുകളും ഇന്ന് മത്സരിക്കുന്നത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടിയാണ്. 12 മത്സരങ്ങൾ കളിച്ച ഇരു ടീമുകൾക്കും 18 പോയിന്റ് വീതമാണുള്ളത്. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്ത് ഇരിക്കാം. പോയിന്റ് ടേബിളിലെ മുമ്പന്മാരുടെ ഈ പോരാട്ടം എന്നതിന് പുറമെ ഈ മത്സരം എം എസ് ധോണിയും അദ്ദേഹത്തിന്റെ പിൻഗാമി എന്ന് വിളിക്കപ്പെടുന്ന ഋഷഭ് പന്തും തമ്മിലുള്ള പോരാട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ പോരിന് മുൻപ് ഇരുവരും തമ്മിൽ താരതമ്യം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
ഗുരുവിനേക്കാൾ മിടുക്കനായ ശിഷ്യൻ എന്നാണ് പന്തിനെക്കുറിച്ച് സെവാഗ് വിലയിരുത്തുന്നത്. കരിയറിന്റെ തുടക്കകാലത്ത് പന്തിന്റെ വഴികാട്ടിയും ആരാധനാപാത്രവുമായിരുന്നു എംഎസ് ധോണി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ദേശീയ ടീമിലേക്കു വന്ന താരം കൂടിയാണ് പന്ത്. പക്ഷെ ഇപ്പോള്‍ താരം വളരെയേറെ മെച്ചപ്പെട്ടതായി സെവാഗ് ചൂണ്ടിക്കാട്ടി. വാര്‍ എന്ന ബോളിവുഡ് സിനിമയില്‍ ടൈഗര്‍ ഷ്‌റോഫിനെക്കുറിച്ചുള്ള ഋത്വിക് റോഷന്റെ ഡയലോഗാണ് ധോണിയെയും പന്തിനേയും താരതമ്യം ചെയ്യാന്‍ സെവാഗ് ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍ എന്റെ ശിഷ്യനായിരുന്നു, പക്ഷെ ഇപ്പോള്‍ അവന്‍ ഗുരുവിനേക്കാൾ മുന്നിലെത്തിയിരിക്കുകയാണ് എന്ന ഡയലോഗായിരിക്കും ധോണിയുടെ മനസ്സിലുണ്ടാവുകയെന്നു സെവാഗ് അഭിപ്രായപ്പെട്ടു.
Also read- IPL 2021| ഒന്നാം സ്ഥാനം ലക്ഷ്യം; വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ; ജയം തുടരാൻ ഡൽഹി
അതേസമയം ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് തന്നെയായിരിക്കും എന്നാണ് സെവാഗ് പറയുന്നത്. ധോണിയുടെ അനുഭവസമ്പത്താണ് ചെന്നൈക്ക് മുൻതൂക്കം നൽകുന്നത് എന്നാണ് സെവാഗ് പറയുന്നത്.
സീസണിൽ ഇന്ത്യയിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ നേർക്കുനേർ എത്തിയപ്പോൾ ചെന്നൈയെ ഏഴ് വിക്കറ്റിനാണ് ഡൽഹി തകർത്തുവിട്ടത്. ഈ തോൽവിക്ക് പകരംവീട്ടാൻ ഉറച്ചാകും ധോണിയും സംഘവും ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് തോറ്റ ക്ഷീണത്തിലാണ് ചെന്നൈ ഡൽഹിക്കെതിരെ ഇറങ്ങുന്നത്. ഇന്ന് ഡൽഹിക്കെതിരെ ജയിച്ച് ഒന്നാം സ്ഥാനം നിലനിർത്തുകയും ഒപ്പം തന്നെ പ്ലേഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുൻ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്താനുമാകും ചെന്നൈ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച സ്കോർ നേടിയിട്ടും അത് പ്രതിരോധിക്കാൻ കഴിയാതെ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. റൺ നിയന്ത്രിച്ചു നിർത്താൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല.അതിനാൽ തന്നെ ബൗളിങ്ങിൽ ക്യാപ്റ്റൻ ധോണി മാറ്റം വരുത്തിയേക്കും. കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ദീപക് ചാഹറും ഡ്വെയ്ൻ ബ്രാവോയും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. കഴിഞ്ഞ കളിയിലും റെയ്ന നിരാശപ്പെടുത്തിയെങ്കിലും ധോണി ഈ മത്സരത്തിലും റെയ്നയ്ക്ക് അവസരം നൽകിയേക്കും.
അതേസമയം, മുംബൈ ഇന്ത്യൻസിനെതിരെ ജയം നേടിയെത്തുന്ന ഡൽഹി ആത്മവിശാസത്തിലാണ്. മുംബൈക്കെതിരെ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് അവർ വിജയം നേടിയത്. ശ്രേയസ് അയ്യരുടെ ഫോം ഡൽഹിക്ക് ആശ്വാസം നൽകുന്നുണ്ട്. അജിങ്ക്യ രഹാനെയെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കാൻ തീരുമാനിച്ചാൽ സ്റ്റീവ് സ്മിത്ത് പുറത്തിരിക്കേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Csk vs dc, MS Dhoni, Rishabh Pant, Virender Sehwag