ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ ദയനീയ ബാറ്റിംഗ് പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്ര സിംഗ് ധോണിയുടേത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ആറാമനായി ക്രീസിലെത്തിയ ധോണി 27 പന്തുകള്‍ നേരിട്ട് 18 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ധോണിയുട മെല്ലെപ്പോക്ക് ബാറ്റിങ്ങ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
ഇപ്പോഴിതാ നായകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്. മത്സരം നടന്ന ദുബായിലെ പിച്ച് ബാറ്റ് ചെയ്യാന്‍ ദുഷ്കരമായിരുന്നുവെന്ന് പറഞ്ഞ ഫ്ലെമിംഗ്, ധോണി മാത്രമല്ല റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതെന്നും പ്രതികരിച്ചു.
'അവന് മാത്രമല്ല ബുദ്ധിമുട്ടിയത്. സ്ട്രോക്ക്പ്ലേ ഈ പിച്ചില്‍ ദുഷ്കരമായിരുന്നു. വിജയിക്കാന്‍ 136 റണ്‍സ് ഏറെക്കുറെ മതിയായിരുന്നു. ഈ പിച്ചില്‍ വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് ദുഷ്കരമാണ്. അതുകൊണ്ട് തന്നെയാണ് ഇന്നിങ്സിന്റെ അവസാനം രണ്ട് ടീമുകളും ബുദ്ധിമുട്ടിയത്. 10-15 റണ്‍സ് കൂടുതല്‍ നേടിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചേനെ.'- ഫ്ലെമിങ് പറഞ്ഞു.
'മൂന്ന് ഗ്രൗണ്ടുകളിലെയും സാഹചര്യങ്ങളുമായി ഒത്തിണങ്ങുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 150 റണ്‍സ് നേടുവാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറില്‍ മികച്ച രീതിയിലാണ് അവര്‍ പന്തെറിഞ്ഞത്. അവര്‍ വളരെ സ്മാര്‍ട്ടായിരുന്നു. അവര്‍ക്കെതിരായ പോരാട്ടം എളുപ്പമായിരുന്നില്ല.'- ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തിലെ സ്ലോ ഇന്നിങ്സിന് ശേഷം കടുത്ത വിമര്‍ശനങ്ങളാണ് നായകന് എംഎസ് ധോണിക്കെതിരെ ഉയരുന്നത്. ഏറെ നേരം ക്രീസില്‍ ചിലവഴിച്ചപ്പോഴും കൂറ്റനടികള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. ആറാമനായി ക്രീസിലെത്തിയ ധോണി ബൗണ്ടറിയോ, സിക്സറോയില്ലാതെ 27 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ചോവറില്‍ സിഎസ്കെയുടെ സ്കോറിങിന്റെ വേഗം കുറയാനിടയാക്കിയതും ധോണിയുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഇന്നിങ്സില്‍ 66.67 എന്ന ദയനീയ സ്ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിന്റേത്.
ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യമായാണ് ധോണി ഇരുപത്തിയഞ്ചോ അതിലധികമോ പന്തുകള്‍ നേരിട്ടിട്ടും ബൗണ്ടറി നേടാതിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 27 പന്തുകള്‍ താരം നേരിട്ടപ്പോള്‍ ബൗണ്ടറികളൊന്നും പിറന്നില്ല. 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞതും. ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിലാണ് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.
2009ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെയാണ് ധോണി ഇത്തരത്തില്‍ മോശം പ്രകടനം മുമ്ബ് പുറത്തെടുത്തത്. അന്ന് 30 പന്ത് നേരിട്ടിട്ടും ബൗണ്ടറി നേടാനായില്ല. 28 റണ്‍സായിരുന്നു സമ്പാദ്യം.
Read also:
Umran Malik |'500 രൂപയ്ക്ക് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് അവന് ഇവിടെയെത്തിയത്'; ഉമ്രാന് മാലിക്കിന്റെ പേസിന്റെ പിന്നിലെ കാരണം
പ്ലേഓഫ് യോഗ്യത നേടിയ ശേഷം ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഒക്ടോബര്‍ ഏഴിന് പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ആ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാന്‍ ചെന്നൈയ്ക്ക് സാധിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.