ന്യൂസിലൻഡ് താരങ്ങൾ ഐ പി എല്ലിലെ രണ്ടാം പാദത്തിൽ കളിക്കും. യുഎഇയിൽ നടക്കുന്ന ഐ പി എല്ലിന്റെ ഈ സീസണിലെ രണ്ടാം പാദത്തിൽ കിവീസ് താരങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ന്യുസിലൻഡ് ക്രിക്കറ്റ് ചീഫായ ഡേവിഡ് വൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ന്യുസിലൻഡ് ക്യാപ്റ്റനായ കെയ്ൻ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ പേരാണ് പറഞ്ഞതെങ്കിലും ഐ പി എല്ലിന്റെ ഭാഗമായ എല്ലാ ന്യുസിലൻഡ് താരങ്ങളും ടൂർണമെന്റിൽ കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ പി എല്ലിന്റെ രണ്ടാം പാദം നടക്കുന്ന സമയത്ത് ന്യുസിലൻഡ് ടീമിന് പാകിസ്താനുമായി പരമ്പരയുണ്ടെങ്കിലും ടൂർണമെന്റിൽ കിവീസ് താരങ്ങൾ പങ്കെടുക്കുന്നുണ്ടാകും എന്നാണ് അദ്ദേഹം അറിയിച്ചത്. ഐ പി എല്ലിൽ പല ടീമുകളുടെയും നിർണായക താരങ്ങളാണ് ന്യുസിലൻഡ് താരങ്ങൾ. ന്യുസിലൻഡ് ക്യാപ്റ്റനായ വില്യംസൺ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനും കൂടിയാണ്. ഓസ്‌ട്രേലിയൻ താരമായ ഡേവിഡ് വാർണറിൽ നിന്നും ഈ സീസണിലാണ് താരം ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത്.
ട്രെന്റ് ബോൾട്ട്, ജിമ്മി നീഷം, ആദം മിൽനെ എന്നിവർ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ്. മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗിൽ തുറുപ്പ് ചീട്ടാണ് ബോൾട്ട്. ബോൾട്ടിന്റെ മികച്ച പ്രകടനത്തിന്റെ കൂടി ബലത്തിലാണ് കഴിഞ്ഞ സീസണിൽ മുംബൈ കിരീടം നേടിയത്. ഇക്കുറിയും കിരീടം ലക്ഷ്യം വെക്കുന്ന മുംബൈക്ക് താരത്തിന്റെ പ്രകടനം നിർണായകമാണ്. നീഷമിനും മിൽനെയ്ക്കും ആദ്യ പാദത്തിൽ അധികം അവസരം ലഭിച്ചിരുന്നില്ല. നിർണായക ഘട്ടങ്ങളിൽ ടീമിന് ജയം നേടി കൊടുക്കാൻ കഴിവുള്ള താരങ്ങളാണ് ഇരുവരും.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന കൈൽ ജാമിസൺ മികച്ച പ്രകടനമാണ് അവർക്ക് വേണ്ടി നടത്തുന്നത്. തകർപ്പൻ ഫോമിൽ നിൽക്കുന്ന താരം ഐ പി എല്ലിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന ബാംഗ്ലൂരിന് ഒരു മുതൽക്കൂട്ടാണ്. ജാമിസണിന് പുറമെ പുത്തൻ താരോദയമായ ഫിൻ അല്ലൻ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും സ്കോട്ട് കുഗ്ഗലേനും ബാംഗ്ലൂർ നിരയിലുണ്ട്.
വെടിക്കെട്ട് ബാറ്റ്‌സ്മാനായ ടിം സീഫെർട്ടും പേസ് ബൗളർ ലോക്കി ഫെർഗൂസനുമാണ് കൊൽക്കത്തെ നിരയിൽ കളിക്കുന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ഫെർഗൂസന് ഈ സീസണിൽ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. രണ്ടാം പാദത്തിൽ താരത്തിന് ടീം മാനേജ്‌മെന്റ് അവസരം നൽകിയേക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സീഫെർട്ട് ഐ പി എല്ലിൽ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. എം എസ ധോണി നയിക്കുന്ന ചെന്നൈ നിരയിൽ കളിക്കുന്ന മിച്ചൽ സാന്റ്നറാണ് മറ്റൊരു കിവി താരം.
ഐ പി എൽ രണ്ടാം പാദത്തിന്റെ മത്സരക്രമം കഴിഞ്ഞയാഴ്ച ബിസിസിഐ പുറത്തുവിട്ടിരുന്നു. ബിസിസിഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂർണമെന്റിലെ ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ.
യുഎഇയിൽ നടക്കുന്ന മത്സരങ്ങളിൽ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ ദുബായിൽ 13, ഷാർജയിൽ 10, അബുദാബിയിൽ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതിൽ ആദ്യ ക്വാളിഫയർ ഫൈനൽ എന്നിവ ദുബായിലും, എലിമിനേറ്റർ രണ്ടാം ക്വാളിഫയർ എന്നിവ ഷാർജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.