• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021| പഞ്ചാബ്, രാജസ്ഥാൻ ടീമുകൾക്ക് താരങ്ങളുടെ പിന്മാറ്റം തിരിച്ചടിയാകുമോ; ഇരു ടീമുകളുടെയും സാധ്യത ഇലവൻ അറിയാം

IPL 2021| പഞ്ചാബ്, രാജസ്ഥാൻ ടീമുകൾക്ക് താരങ്ങളുടെ പിന്മാറ്റം തിരിച്ചടിയാകുമോ; ഇരു ടീമുകളുടെയും സാധ്യത ഇലവൻ അറിയാം

നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാനും ഏഴാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചാബിനും പ്ലേഓഫ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം നേടിയേ തീരൂ.

News 18 Malayalam

News 18 Malayalam

 • Share this:
  മികച്ച താരനിരയുണ്ടായിട്ടും അതിന് ചേർന്ന പ്രകടനം നടത്താൻ കഴിയാതെ പോയ രണ്ട് ടീമുകളാണ് പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും. ഐപിഎൽ ആദ്യ പാദത്തിൽ പോയിന്റ് ടേബിളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ അവർക്ക് രണ്ടാം പാദം തുടങ്ങുന്നതിന് മുൻപ് ചില തിരിച്ചടികൾ ഏറ്റിരുന്നു. രണ്ടാം പാദത്തിൽ നിന്നും ഒരുപിടി താരങ്ങളാണ് ഇരുടീമുകളിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്. ചില താരങ്ങൾ ബയോ ബബിളിൽ കഴിയാനുള്ള ബുദ്ധിമുട്ട് മൂലം പിന്മാറിയപ്പോൾ മറ്റു ചിലർ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.

  പിന്മാറ്റം പ്രഖ്യാപിച്ച താരങ്ങൾക്ക് പകരം പുതു താരങ്ങളെ ടീമിലെത്തിച്ച ഇരു ടീമുകളും ഒരു പുത്തൻ നിരയുമായാണ് രണ്ടാം പാദത്തിന് ഇറങ്ങുന്നത്. പഞ്ചാബ് നിരയിൽ ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പിന്മാറിയപ്പോൾ പകരം ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദ്, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, ഓസ്‌ട്രേലിയുടെ നതാന്‍ എല്ലിസ് എന്നിവരെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്.

  അതേസമയം, ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ രണ്ടാം പാദത്തിൽ നിന്നും പിന്മാറിയപ്പോൾ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സ്, വിൻഡീസ് പേസർ ഒഷെയ്ൻ തോമസ്, ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രിയാസ് ഷംസി തുടങ്ങിയ താരങ്ങളെ രാജസ്ഥാൻ പകരക്കാരായി ഉൾപ്പെടുത്തി. ഇതിനുപുറമെ ആദ്യഘട്ടത്തില്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ലിയാം ലിവിംഗ്‌സ്റ്റണും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

  നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാനും ഏഴാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചാബിനും പ്ലേഓഫ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം നേടിയേ തീരൂ. അതിനാൽ തന്നെ ഇന്ന് ഇരുവരും നേർക്കുനേർ എത്തുമ്പോൾ മികച്ച പോരാട്ടം തന്നെയായിരിക്കും നടക്കുക.

  പുത്തൻ നിരയുമായി എത്തുന്നതിനാൽ തങ്ങളുടെ ടീമിനെ എങ്ങനെ അണിനിരത്തണമെന്നതാകും പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലും രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവും നേരിടുന്ന പ്രധാന വെല്ലുവിളി.

  പഞ്ചാബ് നിരയിൽ ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ക്രിസ് ഗെയ്ല്‍ ക്രീസിലെത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു ഗെയ്ല്‍. മറ്റൊരു വിന്‍ഡീസ് താരം നിക്കൊളസ് പുരാന്‍ നാലാമതായി ഇറങ്ങും. ആദ്യഘട്ടത്തില്‍ മോശം ഫോമിലായിരുന്നു പുരാന്‍. എന്നാല്‍ സിപിഎല്ലിലെ പ്രകടനം താരത്തിന്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ദീപക് ഹൂഡ, ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പിന്നാലെ വരും. ബൗളിംഗ് വകുപ്പില്‍ ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും.

  രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളും ലിയാം ലിവിംഗ്സ്റ്റണും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. അടുത്തിടെ ഇംഗ്ലണ്ടിന് വേണ്ടിയുള്ള ടി20 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ലിവിംഗ്സ്റ്റണ്‍. ഇതോടെ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലൂയിസിന് പുറത്തിരിക്കേണ്ടി വരും മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തും. ഡേവിഡ് മില്ലര്‍, റിയാന്‍ പരഗ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ എന്നിവരും കളിക്കും. ജയദേവ് ഉനദ്കട്, ചേതന്‍ സക്കറിയ, തബ്രിയാസ് ഷംസി എന്നിവരായിരിക്കും ബൗളര്‍മാര്‍.

  പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കൊളസ് പുരാന്‍, ദീപക് ഹുഡ, ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.

  രാജസ്ഥാന്‍ റോയല്‍സ് സാധ്യത ഇലവന്‍: യശ്വസി ജയ്‌സ്വാള്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, റിയാന്‍ പരഗ്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്, ചേതന്‍ സക്കറിയ, തബ്രിയാസ് ഷംസി.
  Published by:Naveen
  First published: