നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL | പടനയിച്ച് രാഹുൽ; ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ്; പ്ലേഓഫ് യോഗ്യത പോരാട്ടം മുറുകുന്നു

    IPL | പടനയിച്ച് രാഹുൽ; ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ്; പ്ലേഓഫ് യോഗ്യത പോരാട്ടം മുറുകുന്നു

    42 പന്തിൽ ഏഴ് ഫോറുകളും എട്ട് സിക്സറുകളും സഹിതം പുറത്താകാതെ 98 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലാണ് പഞ്ചാബിന്റെ വിജയശില്പി.

    K L Rahul (Image Credits: IPL, Twitter)

    K L Rahul (Image Credits: IPL, Twitter)

    • Share this:
      ഐപിഎല്ലിൽ പ്ലേഓഫിലെ അവസാന സ്ഥാനത്തിനായുള്ള പോരാട്ടം വീണ്ടും കടുപ്പിച്ച് പഞ്ചാബ് കിങ്‌സ്. ദുബായിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നിർണായക പോരാട്ടത്തിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. ചെന്നൈ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് ഓവറോളം ബാക്കി നിർത്തിയാണ് അവർ മറികടന്നത്. 42 പന്തിൽ ഏഴ് ഫോറുകളും എട്ട് സിക്സറുകളും സഹിതം പുറത്താകാതെ 98 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലാണ് പഞ്ചാബിന്റെ വിജയശില്പി.

      ചെന്നൈക്കെതിരെ ജയം നേടിയതോടെ പ്ലേഓഫിലെ അവസാന സ്ഥാന പോരാട്ടം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. മത്സരം ജയിച്ച പഞ്ചാബ് 12 പോയിന്റുമായി മുംബൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇനി പ്ലേഓഫിൽ അവസാന സ്ഥാനത്തിന് പഞ്ചാബിനൊപ്പം പോരടിക്കുന്ന മുംബൈയുടെയും കൊൽക്കത്തയുടെയും മത്സരഫലങ്ങൾ അനുകൂലമായി വന്നാൽ നാലാം സ്ഥാനക്കാരായി പഞ്ചാബ് പ്ലേഓഫിലേക്ക് മുന്നേറും.

      18 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. മത്സരം ജയിച്ചിരുന്നെങ്കിൽ അവർക്ക് ഒന്നാം സ്ഥാനത്തേക്ക് കയറുകയും ഒപ്പം ക്വാളിഫയർ ബെർത്ത് ഉറപ്പിക്കുകയും ചെയ്യാമായിരുന്നു.

      ചെന്നൈ ഉയർത്തിയ 135 റൺസ് പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിനായി ഓപ്പണിങ്ങിൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 4.3 ഓവറിൽ 43 റൺസ് ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 12 റൺസെടുത്ത മായങ്കിനെ ശാർദുൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ വന്ന സർഫ്രാസിനേയും (0) അതേ ഓവറിൽ തന്നെ മടക്കി ശാർദുൽ പഞ്ചാബിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും, മറുവശത്ത് രാഹുൽ തകർത്തടിച്ചതോടെ പഞ്ചാബ് ലക്ഷ്യത്തിലേക്ക് അനായാസം നീങ്ങി. മൂന്നാം വിക്കറ്റിൽ രാഹുലും ഷാരൂഖ് ഖാനും ചേർന്ന് പടുത്തുയർത്തിയ 34 റൺസ് കൂട്ടുകെട്ട് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഈ 34 റൺസിൽ കേവലം എട്ട് റൺസ് മാത്രമാണ് ഷാരൂഖിന്റെ സംഭാവന.

      ഇതിനിടയിൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയ താരം പിന്നീട് കളിയുടെ ഗിയർ മാറ്റുകയായിരുന്നു. 25 പന്തിൽ അർധസെഞ്ചുറി നേടിയ താരം പിന്നീടുള്ള 17 പന്തുകളിൽ നിന്നും 48 റൺസാണ് നേടിയത്. എയ്ഡൻ മാർക്രത്തെ പുറത്താക്കി ശാർദുൽ പഞ്ചാബിന് വീണ്ടും ഒരടി നൽകിയെങ്കിലും അപ്പോഴേക്കും അവർ ജയത്തിനരികിൽ എത്തിയിരുന്നു. പിന്നീട് ഹെൻറിക്വസിനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.


      ചെന്നൈക്കായി ശാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

      നേരത്തെ, പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ചെന്നൈ നിരയെ ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയെ 135 റൺസിൽ എത്തിച്ചത്. 55 പന്തുകളിൽ 76 റൺസാണ് ഡുപ്ലെസിസ് അടിച്ചെടുത്തത്. പഞ്ചാബിനായി അർഷദീപ് സിങ്ങും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
      Published by:Naveen
      First published:
      )}