യുഎഇയിൽ നടക്കുന്ന രണ്ടാം പാദ ഐ പി എല്‍ മത്സരങ്ങൾക്കായി ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. നേരത്തെ ഈ സീസണിൽ പഞ്ചാബ് ടീമിലെടുത്ത ഓസ്‌ട്രേലിയൻ പേസറായ ജൈ റിച്ചാർസൺ രണ്ടാം പാദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് താരത്തിന് പകരക്കാരനായാണ് റഷീദിനെ പഞ്ചാബ് ടീമിലെടുത്തത്.
പഞ്ചാബിന്റെ ഭാഗമാകുന്നതോടെ ടി20 ക്രിക്കറ്റിലെ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ ഐ പി എല്ലിൽ അരങ്ങേറ്റം കുറിക്കാനാണ് ആദിൽ റഷീദ് ഒരുങ്ങുന്നത്. കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ റഷീദ് ഉൾപ്പെട്ടിരുന്നെങ്കിലും ഒന്നരക്കോടി രൂപ അടിസ്ഥാനവില ഉണ്ടായിരുന്ന താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇംഗ്ലണ്ടിനായി മികച്ച പ്രകടനങ്ങൾ നടത്തി റെക്കോർഡുള്ള റഷീദ്, യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ പഞ്ചാബ് കിങ്സിന് ശക്തി പകരുമെന്നാണ് വിലയിരുത്തൽ.
The one who will surely brighten up your feed - Adil Rashid ⭐️
We know we have chosen the right one to bowl the wrong ones 🕸😉#SaddaPunjab #PunjabKings #IPL2021 pic.twitter.com/F5f0vfgr5l
— Punjab Kings (@PunjabKingsIPL) August 26, 2021
ഇംഗ്ലണ്ടിനായി 65 ടി20 മത്സരങ്ങളിൽ നിന്നും 62 വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനം റഷീദിനായിരുന്നു. കഴിഞ്ഞ മാസം പാകിസ്താനെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളിൽ നിന്നും ആറ് വിക്കറ്റും താരം നേടിയിരുന്നു. ടി20യിൽ ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള താരത്തിന്റെ ഫോമിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ ഐ പി എൽ കളിക്കാനൊരുങ്ങുന്ന താരത്തിന് കൂട്ടായി രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ എന്നീ ഇന്ത്യൻ ലെഗ് സ്പിന്നർമാർ കൂടിയുണ്ട്. നേരത്തെ ഓസീസിന്റെ പുതുമുഖ താരമായ നതാൻ എല്ലിസിനെ പഞ്ചാബ് ടീമിൽ എത്തിച്ചിരുന്നു. രണ്ടാം പാദത്തിൽ ജൈ റിച്ചാർഡ്‌സണൊപ്പം തന്നെ പിന്മാറ്റം പ്രഖ്യാപിച്ച റീലി മെറിഡിത്തിന് പകരമാണ് എല്ലിസിനെ പഞ്ചാബ് ടീമിൽ എടുത്തത്. ആദ്യ പാദത്തിൽ പാടെ നിറം മങ്ങിപ്പോയ പഞ്ചാബ് ബൗളിംഗ് നിരയ്ക്ക് ഉണർവ് പകരുന്നതാകും ഈ രണ്ട് താരങ്ങളുടെയും ടീമിലേക്കുള്ള വരവ് എന്നാണ് കരുതുന്നത്.
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിനായി ഈ മാസം 29ന് പഞ്ചാബ് ടീം ദുബായിലേക്ക് തിരിക്കും. ആറ് ദിവസത്തെ നിർബന്ധിത ക്വാറന്റീന് ശേഷമാകും ടീം പരിശീലനത്തിന് ഇറങ്ങുക. ആദിൽ റഷീദ് ടീമിനൊപ്പം അടുത്ത മാസം എട്ടിന് ചേരുമെന്നാണ് സൂചന. സെപ്റ്റംബർ 21ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് രണ്ടാം പാദത്തിലെ പഞ്ചാബിന്റെ ആദ്യ മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2021, Punjab Kings