നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 RCB vs KKR| ചക്രവർത്തിയുടെ കെണിയിൽ വീണ് ആർസിബി; 92ന് പുറത്ത്; മോശം ഫോം തുടർന്ന് കോഹ്ലി

  IPL 2021 RCB vs KKR| ചക്രവർത്തിയുടെ കെണിയിൽ വീണ് ആർസിബി; 92ന് പുറത്ത്; മോശം ഫോം തുടർന്ന് കോഹ്ലി

  മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയും ഓൾ റൗണ്ടർ ആന്ദ്രേ റസലുമാണ് ആർസിബി നിരയുടെ കഥ കഴിച്ചത്

  Image: Twitter, Indian Premier League

  Image: Twitter, Indian Premier League

  • Share this:
   കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിൽ ആർസിബിയുടെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു. വീറോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാരുടെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആർസിബി വെറും 92 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയും ഓൾ റൗണ്ടർ ആന്ദ്രേ റസലുമാണ് ആർസിബി നിരയുടെ കഥ കഴിച്ചത്. 13 റൺസ് വഴങ്ങി ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറും ഒമ്പത് റൺസ് മാത്രം റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബി നിരയിലെ ടോപ് സ്‌കോറർ. ഐപിഎല്ലിൽ തന്റെ 200ാ൦ മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ കഴിഞ്ഞില്ല. വെറും അഞ്ച് റൺസെടുത്താണ് കോഹ്ലി പുറത്തായത്. ആർസിബിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സ് ഗോൾഡൻ ഡക്കായി.

   ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഐപിഎല്ലിൽ തന്റെ 200ാ൦ മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് അവർക്ക് ആദ്യം തന്നെ നഷ്ടമായി. അഞ്ച് റണ്‍സ് മാത്രമെടുത്ത വിരാട് കോഹ്ലി രണ്ടാം ഓവറില്‍ പ്രസി‍ദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. 200ാ൦ മത്സരത്തിൽ ഇറങ്ങി ചരിത്രനേട്ടം സ്വന്തമാക്കിയ കോഹ്ലി പ്രസിദ്ധിനെ മനോഹരമായൊരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും അടുത്ത പന്തിൽ തന്നെ താരം പുറത്താവുകയായിരുന്നു.

   പിന്നീട് ക്രീസിൽ എത്തിയ അരങ്ങേറ്റ താരം കെ എസ് ഭരതും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും പവര്‍പ്ലേയിലെ അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസന്‍ പടിക്കലിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടായിരുന്നു ആർസിബി തകർച്ച നേരിട്ടത്. 16 റൺസ് എടുത്ത് നിൽക്കുകയായിരുന്ന ഭരതിനേയും പിന്നാലെ തന്നെ ആർസിബിയുടെ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി റസൽ ആർസിബിയെ ഞെട്ടിച്ചു. റസലിന്റെ പന്തിൽ ബൗൾഡായ എബിഡി ഗോൾഡൻ ഡക്കായാണ് പുറത്തായത്.

   ആർസിബി നിരയെ തകർച്ചയിലേക്ക് തള്ളിവിട്ട റസലിന്റെ കയ്യിൽ നിന്നും കളിയുടെ കടിഞ്ഞാൺ കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുൺ ചക്രവർത്തി ഏറ്റെടുക്കുകയായിരുന്നു. ആർസിബിയുടെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഓസ്‌ട്രേലിയൻ താരമായ ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്താക്കിയ ചക്രവർത്തി മലയാളി താരം സച്ചിൻ ബേബിയേയും ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ താരം വാനിന്ദു ഹസരങ്കയെയും പുറത്താക്കി. അരങ്ങേറ്റ മത്സരത്തിൽ റൺ ഒന്നുമെടുക്കാതെ ഗോൾഡൻ ഡക്കായി വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ഹസരങ്ക പുറത്തായത്. പിന്നീട ക്രീസിൽ വന്ന കൈൽ ജാമിസനും ഹർഷൻ പട്ടേലിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ജാമിസൻ റൺഔട്ടായപ്പോൾ ഹർഷൻ പട്ടേൽ ഫെർഗൂസന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.

   കെകെആറിനായി വരുൺ ചക്രവർത്തി ആന്ദ്രേ റസൽ എന്നിവർ  മൂന്നും ലോക്കി ഫെർഗൂസൻ  രണ്ടും, പ്രസി‍ദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
   Published by:Naveen
   First published:
   )}