HOME /NEWS /Sports / ഇന്ത്യക്കെതിരായ പ്രകടനം കണ്ട് മാത്രമല്ല ഹസരങ്കയെ ടീമിലെടുത്തത്, വിശദീകരണവുമായി ആർസിബി പരിശീലകൻ

ഇന്ത്യക്കെതിരായ പ്രകടനം കണ്ട് മാത്രമല്ല ഹസരങ്കയെ ടീമിലെടുത്തത്, വിശദീകരണവുമായി ആർസിബി പരിശീലകൻ

Wanindu Hasaranga

Wanindu Hasaranga

കുറച്ചു വർഷമായി നടത്തിവന്നിരുന്ന സ്‌കൗട്ടിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹസരങ്കയെ ടീമിലെടുത്തതെന്നാണ് ഹെസ്സൺ വ്യക്തമാക്കിയത്.

  • Share this:

    റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐ [പി എല്ലിന്റെ രണ്ടാം പാദത്തിന് നിർണായക മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അവർ ടീമിലേക്ക് മൂന്ന് താരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ശ്രീലങ്കൻ താരങ്ങളായ വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, സിംഗപ്പൂർ ക്രിക്കറ്റ് താരമായ ടിം ഡേവിഡ് എന്നിവരാണ് ആർസിബി നിരയിലേക്ക് പുതുതായി വന്ന താരങ്ങൾ.

    ഇതിൽ ശ്രീലങ്കൻ താരമായ വാനിന്ദു ഹസരങ്കയെ ആർസിബി ടീമിലെടുത്തത് അടുത്തിടെ ഇന്ത്യക്കെതിരെ നടന്ന ടി20 പരമ്പരയിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ പേരിലാണ് എന്ന വാർത്തകൾ ശക്തമാണ്. എന്നാൽ ഈ വാർത്തകൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ആർസിബിയുടെ പരിശീലകനായി ചുമതലയേറ്റ ടീമിന്റെ മുൻ ഡയറക്ടർ ആയിരുന്ന മൈക്ക് ഹെസ്സൺ. ആർസിബിയുടെ മുഖ്യ പരിശീലകനായിരുന്ന ഓസ്‌ട്രേലിയക്കാരനായ സൈമൺ കാറ്റിച്ച് ടീമിന്റെ മുഖ്യ പരിശീലക പദവി ഒഴിഞ്ഞതോടെയാണ് ഹെസ്സൺ പരിശീലക സ്ഥാനമേറ്റത്.

    കുറച്ചു വർഷമായി നടത്തിവന്നിരുന്ന സ്‌കൗട്ടിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹസരങ്കയെ ടീമിലെടുത്തത്. അടുത്തിടെ നടന്ന പരമ്പരയിലെ ഒരു പ്രകടനത്തിന്റെ മാത്രം പേരിലുള്ള ഒരു തിരഞ്ഞെടുപ്പ് അല്ല, നിരന്തരം നടത്തിയ പ്രകടനങ്ങളുടെ ബലത്തിലാണ് താരം ഐ പി എല്ലിൽ എത്തിയിരിക്കുന്നതെന്നാണ് ഹെസ്സൺ വ്യക്തമാക്കിയത്.

    'കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന് ഒരു സ്‌കൗട്ടിങ് പ്രോഗ്രാം ഉണ്ട്. അതിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കളിക്കാർ നടത്തുന്ന മികച്ച പ്രകടനങ്ങളെ കുറിച്ച് അറിയാൻ കഴിയുന്നുണ്ട്. വാനിന്ദു ഹസരങ്ക ഏറെ നാളായി ഞങ്ങളുടെ റഡാറിലുള്ള താരമായിരുന്നു. അടുത്തിടെ ഹസരങ്ക നടത്തിയ മികച്ച പ്രകടനം അതുകൊണ്ട് തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ശ്രീലങ്കയ്ക്ക് വേണ്ടി ഇത്തരം പ്രകടനങ്ങൾ നടത്തി കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഹസരങ്ക. താരത്തിന്റെ കഴിവുകളിൽ വിശ്വാസമുണ്ട്, ബൗളിങ്ങിന് പുറമെ വാലറ്റത്ത് ബാറ്റിങ്ങിലും ഹസരങ്കയ്ക്ക് ടീമിന് നിർണായക സംഭാവന നൽകാൻ കഴിയും. ഇന്ത്യക്കെതിരെ താരം മികച്ച പ്രകടനം നടത്തിയത് തീർച്ചയായും വലിയ കാര്യം തന്നെയാണ്, പക്ഷെ ഞങ്ങൾക്ക് താരത്തിന്റെ കഴിവുകൾ നേരെത്തെ അറിയാവുന്നത് കൊണ്ട് അതിൽ വലിയ അത്‍ഭുതം തോന്നിയിരുന്നില്ല.'- ഹെസ്സൺ പറഞ്ഞു.

    ബൗളിംഗ് എപ്പോഴും തലവേദന സമ്മാനിച്ചിരുന്ന ആർസിബിക്ക് ഹസരങ്കയുടെ വരവ് അല്പം ആശ്വാസം പകരുമെന്നാണ് കരുതുന്നത്, ചഹലിനൊപ്പം ഓവര്‍സീസ് സ്പിന്നര്‍ എന്ന നിലയിൽ ഹസരങ്കയെ ഉപയോഗിക്കാം, ഇതിനു പുറമെ താരത്തെ ബാറ്റിങ്ങിലും ആശ്രയിക്കാം. ശ്രീലങ്കൻ താരമായ ഹസരങ്കയെ ഓസ്‌ട്രേലിയൻ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹസരങ്കയ്ക്ക് പുറമെ ടീമിലെത്തിയ ശ്രീലങ്കയുടെ തന്നെ ദുഷ്മന്ത ചമീര, സിംഗപ്പൂർ ക്രിക്കറ്റ് താരമായ ടിം ഡേവിഡ് എന്നിവരും ടീമിലെ മറ്റ് താരങ്ങൾക്ക് പകരക്കാരായി വന്നവരാണ്. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍, സ്‌കോട്ട് കുഗ്ലൈൻ എന്നിവര്‍ക്ക് പകരമാണ് ഇരുവരെയും ആർസിബി ടീമിലെടുത്തിരിക്കുന്നത്.

    ഐപിഎൽ രണ്ടാം പാദത്തിനായി ആർസിബി താരങ്ങൾ ഓഗസ്റ്റ് 29ന് യുഎഇയിലേക്ക് തിരിക്കുമെന്ന് മൈക്ക് ഹെസ്സൺ വ്യക്തമാക്കി. യുഎഇയിൽ ചെന്ന ശേഷം ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാകും ടീം പരിശീലനത്തിന് ഇറങ്ങുക. സെപ്റ്റംബർ 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് രണ്ടാം പാദത്തിലെ അവരുടെ ആദ്യ മത്സരം.

    First published:

    Tags: IPL 2021, Royal Challangers Bangalore