• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| കോഹ്‌ലിക്കും സംഘത്തിനും ജയിക്കണം; മറികടക്കേണ്ടത് ധോണിപ്പടയെ; ഷാർജയിൽ പോരാട്ടം കടുക്കും

IPL 2021| കോഹ്‌ലിക്കും സംഘത്തിനും ജയിക്കണം; മറികടക്കേണ്ടത് ധോണിപ്പടയെ; ഷാർജയിൽ പോരാട്ടം കടുക്കും

പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്. ആര്‍സിബിയോട് ജയിച്ചാല്‍ ചെന്നൈയ്ക്ക് പോയിന്റ് ടേബിളിൽ വീണ്ടും തലപ്പത്തെത്താം. 

കോഹ്ലി, ധോണി

കോഹ്ലി, ധോണി

  • Share this:
ഐപിഎല്ലിൽ ഇന്ന് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഒരുങ്ങുന്നു. വൈകീട്ട് 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആദ്യത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപ്പെട്ടാണ് കോഹ്‌ലിയും സംഘവും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റൻസി വിഷയത്തിൽ ഏറെ ചർച്ച നടക്കുന്ന സമയമായതിനാൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ തിരിച്ചുവരവ് നടത്തി വിമർശകരുടെ വായടപ്പിക്കാനാകും കോഹ്ലി ലക്ഷ്യമിടുന്നത്. എന്നാൽ കൊഹ്‌ലിക്കും സംഘത്തിനും ഇന്നത്തെ മത്സരം എളുപ്പമാകില്ല. കാരണം മറുവശത്ത് എതിരാളികളായി നിൽക്കുന്നത് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സാണ്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ തുടക്കത്തിലേറ്റ തിരിച്ചടിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി അവരെ തോൽപ്പിച്ചാണ് ചെന്നൈ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

ആർസിബിയുടെ ക്യാപ്റ്റൻസി ഈ സീസണിന് ശേഷം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയ കോഹ്‌ലിക്ക് പക്ഷെ ഇത് അഭിമാനപോരാട്ടമാണ്. ചെന്നൈയോടും തോറ്റാല്‍ പാതിവഴിയില്‍ കോഹ്ലി നായകസ്ഥാനം ഒഴിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളും വളരെ മോശം. അതിനാല്‍ത്തന്നെ കോലിക്ക് അഭിമാനം കാക്കാന്‍ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തേണ്ടതായുണ്ട്. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്. ആര്‍സിബിയോട് ജയിച്ചാല്‍ ചെന്നൈയ്ക്ക് പോയിന്റ് ടേബിളിൽ വീണ്ടും തലപ്പത്തെത്താം.

ബാറ്റിങ്ങിൽ കോഹ്‌ലിയും പടിക്കലും തന്നെയായിരിക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിക്കറ്റ് കീപ്പർ സ്ഥാനം എബി ഡിവില്ലിയേഴ്‌സ് ഒഴിയുകയാണെങ്കിൽ തൽസ്ഥാനത്ത് കഴിഞ്ഞ മത്സരം കളിച്ച കെ എസ് ഭരതിന് പകരം മലയാളി താരം മുഹമ്മദ് അസറുദ്ദീന് അവസരം നൽകിയേക്കും എന്ന സൂചനകുളുമുണ്ട്. മലയാളി താരം സച്ചിന്‍ ബേബിക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. രജത് പാട്ടിധര്‍ പ്ലേയിങ് 11ലേക്ക് മടങ്ങിയെത്തിയേക്കും. ആദ്യ മത്സരത്തിൽ നിറം മങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും ഇന്നത്തെ മത്സരത്തിൽ തിളങ്ങിയാൽ മാത്രമേ ആർസിബിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ബൗളിങ്ങിൽ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ഹർഷൻ പട്ടേൽ, കിവി പേസർ കൈൽ ജാമിസൻ, പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് പിടിപ്പത് പണിയുണ്ടാകും.

ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും സിഎസ്‌കെയ്ക്കും ആശങ്കകളേറെയാണ്. ബാറ്റിങ്ങാണ് പ്രധാന പ്രശ്‌നം. ക്യാപ്റ്റന്‍സിക്ക് കയ്യടിക്ക് കിട്ടുന്നുണ്ടെങ്കിലും എട്ട് ഇന്നിംഗ്‌സില്‍ 40 റണ്‍സ് മാത്രമെടുത്ത ധോണിയില്‍ നിന്നും ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഋതുരാജ് ഗെയ്ക്വാദിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും സുരേഷ് റെയ്‌ന, ഡുപ്ലെസി എന്നിവരൊക്കെ ഫോമിലേക്കെത്തേണ്ടതായുണ്ട്.ആദ്യ മത്സരത്തില്‍ പരിക്കേറ്റ അമ്പാട്ടി റായിഡു ആര്‍സിബിക്കെതിരേ കളിക്കുമെന്ന് തന്നെയാണ് വിവരം. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ചെന്നൈ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.
Published by:Naveen
First published: