നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | കുതിപ്പ് തുടരാന്‍ RCB; കോഹ്ലിയും സംഘവും ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

  IPL 2021 | കുതിപ്പ് തുടരാന്‍ RCB; കോഹ്ലിയും സംഘവും ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

  ആര്‍സിബി നായക പദവി ഒഴിയുന്ന കോഹ്ലിക്ക് ആദ്യ കിരീട വിജയത്തിലൂടെയേ ഇന്ത്യന്‍ ടീമിനകത്തും പുറത്തുമുള്ള എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കാന്‍ കഴിയൂ.

  IPL 2021 RCB vs KKR

  IPL 2021 RCB vs KKR

  • Share this:
   ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. കോഹ്ലി ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മത്സരമാണിത്. ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെകെആറിന്റെ സ്ഥാനം ഏഴാമതാണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിക്കാനായാല്‍ ഒരു പക്ഷെ പ്ലേ ഓഫിലേക്കെത്താന്‍ കെകെആറിന് സാധിച്ചേക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

   ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മികവ് തുടരാനാണ് ഇറങ്ങുന്നത്. ആദ്യഘട്ടത്തിലെ പ്രകടനം ആവര്‍ത്തിക്കുന്നതിനൊപ്പം ഐപിഎല്‍ കിരീടവും വിരാട് കോലിക്ക് അനിവാര്യമാണ്. ആര്‍സിബി നായക പദവി ഒഴിയുന്ന കോഹ്ലിക്ക് ആദ്യ കിരീട വിജയത്തിലൂടെയേ ഇന്ത്യന്‍ ടീമിനകത്തും പുറത്തുമുള്ള എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കാന്‍ കഴിയൂ.

   അതേസമയം ആര്‍സിബിക്കെതിരേ മികച്ച റെക്കോഡുകളുള്ള ടീമാണ് കെകെആര്‍. ഈ റെക്കോഡ് കുതിപ്പ് തുടരാന്‍ ഓയിന്‍ മോര്‍ഗനും സംഘത്തിനുമാവുമോയെന്നാണ് കണ്ടറിയേണ്ടത്. 28 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 മത്സരങ്ങളിലാണ് കെകെആര്‍ ജയിച്ചത്. 13 മത്സരങ്ങളില്‍ ആര്‍സിബിയും ജയം സ്വന്തമാക്കി.

   ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എ ബി ഡിവിലിയേഴ്സ് എന്നിവര്‍ ഒപ്പമുള്ളപ്പോള്‍ റണ്‍സിനെക്കുറിച്ച് കോഹ്ലിക്ക് ആശങ്കയുണ്ടാകില്ല. മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലുമുണ്ടെങ്കിലും ബൗളിംഗ് യൂണിറ്റാണ് എന്നും ദൗര്‍ബല്യം. പരിക്കേറ്റ് പിന്‍മാറിയ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ടീമിലെത്തുക ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയാവും.

   ഏഴ് കളിയില്‍ അഞ്ചിലും തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. ശുഭ്മാന്‍ ഗില്ലും നായകന്‍ ഓയിന്‍ മോര്‍ഗനും ഒഴികെയുള്ളവരുടെ മോശം ഫോമാണ് ആദ്യഘട്ടത്തില്‍ തിരിച്ചടിയായത്. സുനില്‍ നരെയ്നും ആന്ദ്രേ റസലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫോം വീണ്ടെടുത്തത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായേക്കും.

   Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

   ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ടീമില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്ലി നന്ദി പറഞ്ഞു. 'ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഇത് എന്റെ അവസാന ഐപിഎല്‍ ആയിരിക്കും. എന്റെ അവസാന ഐപിഎല്‍ ഗെയിം കളിക്കുന്നതുവരെ ഞാന്‍ ഒരു ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആര്‍സിബി ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.'- ആര്‍സിബി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}