നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഡെത്ത് ഓവറിൽ കാലിടറി ആർസിബി; മുംബൈക്ക് 166 റൺസ് വിജയലക്ഷ്യം; കൊഹ്‌ലിക്കും മാക്സ്‌വെല്ലിനും അർധസെഞ്ചുറി

  IPL 2021 | ഡെത്ത് ഓവറിൽ കാലിടറി ആർസിബി; മുംബൈക്ക് 166 റൺസ് വിജയലക്ഷ്യം; കൊഹ്‌ലിക്കും മാക്സ്‌വെല്ലിനും അർധസെഞ്ചുറി

  വിരാട് കോഹ്ലി (51), ഗ്ലെൻ മാക്‌സ്‌വെൽ (56) എന്നിവരുടെ അർധസെഞ്ചുറിങ്ങളുടെ ബലത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആർസിബിയെ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ പിടിച്ചുകെട്ടിയത്.

  Image: IPL, Twitter

  Image: IPL, Twitter

  • Share this:
   റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈ ഇന്ത്യന്‍സിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 165 റൺസ് നേടി. ആർസിബിക്കായി ക്യാപ്റ്റൻ വിരാട് കോഹ്ലി (51), ഗ്ലെൻ മാക്‌സ്‌വെൽ (56) എന്നിവരുടെ അർധസെഞ്ചുറികൾ നേടി. ഇവരുടെ പ്രകടനത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആർസിബിയെ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ പിടിച്ചുകെട്ടിയത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് തുടക്കത്തിലേ തിരിച്ചടി കിട്ടി. രണ്ടാം ഓവറിലെ നാലാം പന്തില്‍ ദേവ്ദത്ത് പടിക്കലിനെ വിക്കറ്റ് കീപ്പർ ഡീ കോക്കിന്റെ കൈകളിൽ എത്തിച്ച് ബുംറയാണ് ആർസിബിയെ ഞെട്ടിച്ചത്. റൺ ഒന്നുമെടുക്കാതെയാണ് പടിക്കൽ മടങ്ങിയത്. ഏഴ് റൺസിൽ ആദ്യ വിക്കറ്റ് വീണതോടെ കൊൽക്കത്തയ്ക്കെതിരെ സംഭവിച്ചത് പോലെ ആർസിബി തകരുമോ എന്ന് ആരാധകർ ഭയന്നെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കോഹ്‌ലിയും കെ എസ് ഭരതും ആർസിബി ഇന്നിംഗ്‌സിനെ അതിവേഗം മുന്നോട്ട് നയിച്ചു.

   ഭരതിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി ആർസിബി ആരാധകരുടെ ആശങ്കയകറ്റി. മുംബൈ ബൗളർമാരെ ആക്രമിച്ച് മുന്നേറിയ സഖ്യം രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. ആർസിബി സ്കോർ 75ൽ നിൽക്കെ ഭരതിനെ പുറത്താക്കി രാഹുൽ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ 32 റൺസാണ് ഭരത് നേടിയത്.

   Also read- IPL 2021 Virat Kohli| കിംഗ് കോഹ്ലി; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റൻ

   പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെൽ കോഹ്‌ലിക്കൊപ്പം താളം കണ്ടെത്തിയതോടെ 13ാ൦ ഓവറില്‍ ആര്‍സിബി 100 കടന്നു. ഇതിനിടയിൽ 40 പന്തില്‍ കോഹ്ലി തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. മികച്ച രീതിയിൽ മുംബൈ ബൗളർമാരെ നേരിട്ട് മുന്നേറുകയായിരുന്ന ഇരുവരും ആർസിബിയെ വമ്പൻ സ്കോറിലേക്ക് നയിക്കുമെന്ന തോന്നൽ ഉയർത്തി. എന്നാൽ അർധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ കോഹ്‌ലിയെ (42 പന്തില്‍ 51) മില്‍നെ പുറത്താക്കി. മൂന്ന് വീതം സിക്‌സറും ഫോറും സഹിതമാണ് കോഹ്ലി 51 റൺസ് നേടിയത്. കോഹ്‌ലിക്ക് ശേഷമെത്തിയ എബിഡിയും തകര്‍ത്തടിച്ചു. 33 പന്തില്‍ മാക്‌സ്‌വെല്ലും തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി.

   എന്നാല്‍ പിന്നീട് മുംബൈ ബൗളർമാരുടെ തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്. 19, 20 ഓവറുകൾ എറിഞ്ഞ മുംബൈയുടെ ബൗളിംഗ് നിരയിലെ പ്രധാനികളായ ബുമ്രയും ബോള്‍ട്ടും മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ജസ്‌പ്രീത് ബുംറ അടുത്ത അടുത്ത പന്തുകളില്‍ മാക്‌സ്‌വെല്ലിനെയും (37 പന്തില്‍ 56) എബിഡിയെയും (6 പന്തില്‍ 11) പുറത്താക്കി. അവസാന ഓവറില്‍ ബോള്‍ട്ട് ഷഹ്‌ബാസ് അഹമ്മദിനേയും (3 പന്തില്‍ 1) പുറത്താക്കി ആർസിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ഡാനിയേല്‍ ക്രിസ്റ്റ്യനും (1), കെയ്‌ല്‍ ജാമീസണും(2) പുറത്താകാതെ നിന്നു.

   മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
   Published by:Naveen
   First published:
   )}