ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ആം സീസണിന്റെ രണ്ടാം പാദത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ ടീം രോഹിത് ശര്‍മ്മയുടെ മുംബൈക്കെതിരെ നേടിയത്. ദുബായിയില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.1 ഓവറില്‍ വെറും 111 ണ്‍സിന് പുറത്തായി. മുംബൈയുടെ ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്.
ഹാട്രിക്ക് നേട്ടവുമായി ബൗളിങ്ങില്‍ തിളങ്ങിയ ഹര്‍ഷല്‍ പട്ടേല്‍, ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ക്കു മുന്നില്‍ മുംബൈ മുട്ടു മടക്കുകയായിരുന്നു. ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്ലിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ 165 റണ്‍സ് നേടി. ആര്‍സിബിക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി (51), ഗ്ലെന്‍ മാക്സ്വെല്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. ഇവരുടെ പ്രകടനത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ആര്‍സിബിയെ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ പിടിച്ചുകെട്ടിയത്. മുംബൈക്കായി ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളായ കോഹ്ലിയും ബുംറയും നേര്‍ക്കുനേര്‍ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത്തവണ കോഹ്ലിക്ക് നേരെ ബുംറ ഷോര്‍ട്ട് ബോള്‍ തന്ത്രമാണ് പ്രയോഗിച്ചത്. എന്നാല്‍ 2 തകര്‍പ്പന്‍ ബൗണ്ടറിയിലൂടെയാണ് കോഹ്ലി അതിന് മറുപടി നല്‍കിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കോഹ്ലി ഫോര്‍ നേടുകയായിരുന്നു.
എഡ്ജ് ചെയ്ത പന്ത് തലനാരിഴയ്ക്കാണ് ക്യാച്ച് ആവാതെ രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ ഷോര്‍ട്ട് ബോളില്‍ തന്നെ കോഹ്ലിയെ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ബുംറ. ഇത്തവണ കൃത്യമായി പന്ത് ബാറ്റില്‍ കണക്ട് ചെയ്ത കോഹ്ലി അത് സിക്‌സര്‍ പറത്തുകയായിരുന്നു.
IPL 2021 Virat Kohli| കിംഗ് കോഹ്ലി; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റൻടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20യില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി തന്റെ പേരിലേക്ക് എഴുതി ചേർത്തത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 13 റൺസ് നേടിയതോടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. മുംബൈ ബൗളർ ജസ്പ്രീത് ബുംറയെ സിക്സടിച്ചാണ് വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ക്യാപ്‌റ്റൻസിയെ ചൊല്ലിയുള്ള പ്രശ്നങ്ങളും ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയുന്നില്ല എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.