നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2021| രണ്ടാം സ്ഥാനത്ത് കണ്ണും നട്ട് ബാംഗ്ലൂർ; മാനം കാക്കാൻ ഹൈദരാബാദ്

    IPL 2021| രണ്ടാം സ്ഥാനത്ത് കണ്ണും നട്ട് ബാംഗ്ലൂർ; മാനം കാക്കാൻ ഹൈദരാബാദ്

    ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. അവസാന മത്സരങ്ങളിൽ ആശ്വാസ ജയം നേടുക എന്നതാകും ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

    SRH vs RCB

    SRH vs RCB

    • Share this:
      ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. നിലവിൽ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 13 മത്സരങ്ങളിൽ നിന്നും 18 പോയിന്റുള്ള ചെന്നൈയാണ് രണ്ടാമത് നിൽക്കുന്നത്.

      അതേസമയം, ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുന്ന ഹൈദരാബാദ് മാനം കാക്കാൻ ഒരു ജയം എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഈ സീസണിൽ തീർത്തും നിറം മങ്ങിയ അവർ 12 മത്സരങ്ങളിൽ നിന്നും കേവലം നാല്‌ പോയിന്റുമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് അബുദാബിയിൽ വെച്ചാണ് മത്സരം നടക്കുന്നത്.

      രണ്ടാം പാദത്തിൽ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഹാട്രിക് ജയത്തോടെ പ്ലേഓഫിലെത്തിയ ആത്മവിശ്വാസം വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പ്ലേഓഫ് യോഗ്യത നേടിയ ബാംഗ്ലൂരിന് ഇന്നത്തെ മത്സരത്തിൽ ഹൈദെരാബാദിനെയും അടുത്ത മത്സരത്തിൽ ഡൽഹിയെയും തോൽപ്പിച്ചാൽ ക്വാളിഫയറിൽ കളിക്കാം. ക്വാളിഫയർ കളിക്കുന്ന ടീമുകൾക്ക് ഫൈനലിലേക്കുള്ള വഴിയിൽ തോൽവി നേരിട്ടാൽ വീണ്ടും അവസരം ലഭിക്കും. ഇതാകും കോഹ്‌ലിയും സംഘവും ലക്ഷ്യം വെക്കുന്നത്.

      ക്യാപ്റ്റൻ കോഹ്ലിയും കൂട്ടാളി ദേവ്ദത്ത് പടിക്കലും ഓപ്പണിങ്ങിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവരുടെ മികച്ച പ്രകടനം ഇന്ന് ഹൈദെരാബാദിനെതിരെയും തുടർന്നാൽ അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഗ്ലെന്‍ മാക്‌സ്‌വെല്‍ മിന്നും ഫോമിലേക്കെത്തിയത് ബാംഗ്ലൂരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തുടരെ മൂന്ന് അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ മാക്‌സ്‌വെല്ലിനായിരുന്നു. മൂന്നാമനായി ഇറങ്ങുന്ന ഭരത് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി. എബി ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവും ബാംഗ്ലൂരിന് ആശ്വാസം പകരുന്നുണ്ട്. ബൗളിംഗ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍, ചാഹല്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഷഹബാസ്, ഗാര്‍ട്ടന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

      മറുവശത്ത് സീസണിൽ ഇനി രണ്ടേ രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് തുടർജയങ്ങൾ നേടി സീസൺ അവസാനിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഡേവിഡ് വാർണർക്ക് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത വില്യംസണിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബൗളർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ പ്രകടനം നിരാശ നൽകുന്നതാണ്.

      ഹൈദരാബാദിന് നല്ലൊരു ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. പ്ളേയിങ് ഇലവനില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറെ ടീമിലേക്കു തിരിച്ചു കൊണ്ടുവരണമെന്ന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ മുറവിളി കൂട്ടുകയാണ്. ജേസണ്‍ റോയ്, വൃദ്ധിമാന്‍ സാഹ, നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാത്തതും ഹൈദരാബാദിനെ തോല്‍വിയിലേക്ക് നയിക്കുന്നു. പ്ലേഓഫ് പ്രതീക്ഷകൾ കൈവിട്ടതിനാൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാകും ടീം മാനേജ്‌മെന്റ് നോക്കുന്നുന്നത്.

      സീസണിൽ മോശം ഫോമിലാണെങ്കിലും ബാംഗ്ലൂരിനെതിരായ പോരാട്ടക്കണക്കിൽ ഹൈദരാബാദിന് നേരീയ മുൻതൂക്കമുണ്ട്. ഇരുടീമുകളും ഇതുവരെ 18 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ അതിൽ 10 തവണ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. നേർക്കുനേർ കണക്കിലെ മുൻ‌തൂക്കം ഈ സീസണിൽ മികച്ച ഫോമിൽ മുന്നേറുന്ന ബാംഗ്ലൂരിനെ നേരിടുമ്പോൾ തുണയാകുമോ എന്നാണ് ഉറ്റുനോക്കേണ്ടത്.
      Published by:Naveen
      First published:
      )}