• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021| ഒന്നാമതെത്താൻ ഡൽഹി; പ്ലേഓഫ് സാധ്യത നിലനിർത്താൻ ഹൈദരാബാദ്; ഇരു ടീമുകളുടെയും സാധ്യതാ ഇലവൻ അറിയാം

IPL 2021| ഒന്നാമതെത്താൻ ഡൽഹി; പ്ലേഓഫ് സാധ്യത നിലനിർത്താൻ ഹൈദരാബാദ്; ഇരു ടീമുകളുടെയും സാധ്യതാ ഇലവൻ അറിയാം

ഐപിഎല്ലിൽ ഇതുവരെ 19 മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ എത്തിയതിൽ 11 എണ്ണത്തിൽ സൺറൈസേഴ്‌സ് ജയിച്ചപ്പോൾ എട്ടെണ്ണത്തിൽ ജയം ഡൽഹിക്കൊപ്പം നിന്നു. ആദ്യ പാദത്തിൽ സൂപ്പർ ഓവറിലൂടെയായിരുന്നു ഡൽഹി ജയം നേടിയത്.

News 18

News 18

 • Last Updated :
 • Share this:
  ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് - സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ തിരികെ തലപ്പത്തേക്ക് കയറുകയാണ് ഋഷഭ് പന്ത് നയിക്കുന്ന ഡൽഹിയുടെ ലക്ഷ്യമെങ്കിൽ ആദ്യ പാദത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നിന്നും പുറത്ത് കടക്കാനും പ്ലേഓഫ് സാധ്യത നിലനിർത്തുക എന്നതുമാണ് കെയ്ൻ വില്യംസൺ നയിക്കുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

  ആദ്യ പാദം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ഡൽഹി രണ്ടാം പാദത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈക്കെതിരെ ജയം നേടിയതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്. എട്ട് കളികളിൽ നിന്ന് 12 പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത് എന്നതിനാൽ ഇന്നത്തെ മത്സരം ജയിച്ചാൽ ചെന്നൈയെ വീണ്ടും മറികടന്ന് ഡൽഹിക്ക് ഒന്നാം സ്ഥാനത്തെത്താം. പരിക്ക് മൂലം ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കളിക്കാതിരുന്ന ശ്രേയസ് അയ്യർ രണ്ടാം പാദത്തിൽ കളിക്കുന്നുണ്ട് എന്നത് ഡൽഹി നിരയുടെ കരുത്ത് കൂട്ടും. ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങി എത്തിയിട്ടും ക്യാപ്റ്റൻ സ്ഥാനത്ത് ഋഷഭ് പന്തുമായി മുന്‍പോട്ട് പോകാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചത്. ശ്രേയസിന്റെ അഭാവത്തില്‍ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം.

  അതേസമയം ഈ സീസണിൽ വളരെയേറെ പരിതാപകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അവസ്ഥ. ഏഴ് മത്സരങ്ങളിൽ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. രണ്ടാം പാദത്തിൽ വില്യംസണിന്റെ ക്യാപ്റ്റൻസി സൺറൈസേഴ്സിന്റെ പ്രകടനത്തിൽ മാറ്റം വരുത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  യുഎഇയിലേക്ക് എത്തുമ്പോൾ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ പിന്മാറ്റവും ഹൈദരാബാദിന് വലിയ തിരിച്ചടിയാവുന്നു. ഈ സീസണില്‍ 248 റണ്‍സോടെ ഹൈദരാബാദിന്റെ ടോപ് സ്‌കോററായിരുന്നു ബെയര്‍സ്‌റ്റോ. ഷെര്‍ഫെയ്ൻ റുതര്‍ഫോര്‍ഡിനെയാണ് ബെയര്‍സ്‌റ്റോയ്ക്ക് പകരം ഹൈദരാബാദ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ബൗളിങ്ങിലേക്ക് എത്തുമ്ബോള്‍ റാഷിദ് ഖാനില്‍ തന്നെയാണ് ഹൈദരാഹാദിന്റെ പ്രധാന പ്രതീക്ഷകള്‍. ഭുവി ഫോം വീണ്ടെടുക്കുന്നു എന്നതും ഹൈദരാബാദിന് പ്രതീക്ഷയേകുന്നു.

  ഐപിഎല്ലിൽ ഇതുവരെ 19 മത്സരങ്ങളിലാണ് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയത്. ഇതിൽ നേരിയ മുൻ‌തൂക്കം സൺറൈസേഴ്സിനാണ്. 19ൽ 11 എണ്ണത്തിൽ സൺറൈസേഴ്‌സ് ജയം നേടിയപ്പോൾ എട്ടെണ്ണത്തിൽ മാത്രമാണ് ഡൽഹിക്ക് ജയിക്കാൻ കഴിഞ്ഞത്. ആദ്യ പാദത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ മത്സരത്തിന്റെ വിധി സൂപ്പർ ഓവറിലൂടെയാണ് തീരുമാനിക്കപ്പെട്ടത്. അന്ന് ജയം ഡൽഹിക്കൊപ്പമായിരുന്നു.

  ഇന്നത്തെ മത്സരത്തിലെ ഇരു ടീമുകളുടെയും സാധ്യതാ ഇലവൻ അറിയാം :

  ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ഋഷഭ് പന്ത് (ക്യാറ്റന്‍/വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, കാഗിസോ റബാദ, ആന്റിച്ച് നോർക്യ.

  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, അബ്ദുള്‍ സമദ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.
  Published by:Naveen
  First published: